ഭയം വേണ്ട; ഇനി സേഫ്‌ ടൂറിസം; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

ആകാശം തൊട്ട്‌... ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ ഇല്ലിക്കൽകല്ല്‌ ടോപ്പ്‌ സ്‌റ്റേഷനിൽ സുരക്ഷാനടപടികളുടെ ഭാഗമായി കൈവരികൾ സ്ഥാപിച്ച് മനോഹരമാക്കിയിരിക്കുന്നു. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ മഞ്ഞും മലയും ചുംബിക്കുന്ന ഇവിടേക്ക് ഇനി വിനോദ സഞ്ചാരികളുടെ പ്രവാഹമാകും ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ


കോട്ടയം>  കോവിഡ്‌ ഭീഷണി ഒഴിയുന്നില്ലെങ്കിലും വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ ടൂറിസംകേന്ദ്രങ്ങൾ. കുമരകം, അരുവിക്കുഴി വെള്ളച്ചാട്ടം, ഇല്ലിക്കൽകല്ല്‌, എരുമേലി പിൽഗ്രിം സെന്റർ, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചു. ടൂറിസംമേഖലയിൽ പ്രവർത്തിക്കുന്നവരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാക്‌സിനേഷൻ പൂർത്തീകരിച്ചിരുന്നു. റിസോർട്ടുകളും ഹൗസ്‌ബോട്ടുകളും അരുവിക്കുഴിയടക്കമുള്ള തുറസായ കേന്ദ്രങ്ങളും അണുനശീകരണമടക്കം നടത്തി.    റിസോർട്ടുകളിലും ഹൗസ്‌ബോട്ടുകളിലും താമസിക്കാനെത്തുന്നവർക്ക്‌ ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ വാക്‌സിനേഷനോ വേണമെന്ന്‌ നിർദേശമുണ്ട്‌. ഇതോടെ ജില്ലയിലെ ടൂറിസംമേഖല ‘സേഫ്‌ ടൂറിസം’ കേന്ദ്രങ്ങളായിമാറി. റിസോർട്ടുകളിൽ ശനിയാഴ്‌ചമുതൽ ബുക്കിങ്‌ ലഭിച്ചതായി കുമരകം ലേക്ക്‌ സോങ് ജനറൽ മാനേജർ അരുൺകുമാർ പറഞ്ഞു.   ഓണത്തോടനുബന്ധിച്ച്‌  എല്ലാറിസോർട്ടുകളിലും തിരക്ക്‌ പ്രതീക്ഷിക്കുന്നുണ്ട്‌. കുമരകത്തുവരുന്നവർ കായൽസവാരിയും  ആസ്വദിക്കുന്നതിനാൽ ഹൗസ്‌ബോട്ട്‌ മേഖലയിലും ചലനമുണ്ടാകും.പഴം, പച്ചക്കറി, മുട്ട, പാൽ, മത്സ്യം, മാംസം എന്നീ വിപണികളിലും ഇതിന്റെ ഉണർവുണ്ടാകും.    കോട്ടയം ഡിടിപിസി നേരിട്ടാണ്‌ ഇല്ലിക്കൽകല്ല്‌, അരുവിക്കുഴി വെള്ളച്ചാട്ടം, എരുമേലി പിൽഗ്രിം സെന്റർ എന്നിവിടങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്‌. വാഗമൺ മലനിരകളോട്‌ സാമീപ്യമുള്ള ഇല്ലിക്കൽകല്ല്‌ ടോപ്പ്‌ സ്‌റ്റേഷൻ സഞ്ചാരികൾക്ക്‌ മഞ്ഞുമലയുടെ വശ്യത സമ്മാനിക്കുന്നു. ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശവുമാണിത്‌. 
കോട്ടയം–പാലാ–ഈരാറ്റുപേട്ട–തീക്കോയി റൂട്ടിലൂടെ എത്തിച്ചേരാം. മുമ്പ്‌ ഇല്ലിക്കൽകല്ല്‌ കുന്നുകളിലേക്കുള്ള കയറ്റം‌ സഞ്ചാരികൾക്ക്‌  ദുഷ്‌കരമായിരുന്നു. എൽഡിഎഫ്‌ സർക്കാർ വന്നശേഷം സുരക്ഷയൊരുക്കാൻ മൂന്നുകോടി രൂപ ഡിടിപിസിക്ക്‌ കൈമാറിയിരുന്നു. രണ്ടുകിലോമീറ്റർ ദൂരമുള്ള ‘വ്യൂപോയിന്റി’ലേക്ക്‌ എത്താൻ സുരക്ഷിതമായ സ്‌റ്റീൽകൈവരി പുതുതായി ഘടിപ്പിച്ചു‌.    ടോപ്പ്‌സ്‌റ്റേഷന്‌ താഴെ കോഫീഷോപ്പ്‌, കോട്ടേജുകൾ, ഓഫീസ്‌, ക്ലോക്ക്‌റൂം എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. കാൽനടയായി പ്രവേശിക്കുന്നതിന്‌ 20 രൂപയാണ്‌ പ്രവേശനനിരക്ക്‌.  കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി ജീപ്പ്‌ സവാരിയുമുണ്ട്‌. നികുതിയുൾപ്പെടെ 39 രൂപയാണ്‌ നിരക്ക്‌. Read on deshabhimani.com

Related News