അച്ചൻകോവിൽ വനം നിറഞ്ഞ്‌ മാക്കാച്ചിക്കാടയും മലമുഴക്കി വേഴാമ്പലും

വെൺനീലി


കൊല്ലം അച്ചൻകോവിൽ വനം പക്ഷികളാൽ സമ്പന്നമെന്ന് സർവേ റിപ്പോർട്ട്. 174 ഇനങ്ങളെയാണ് സർവേയിൽ രേഖപ്പെടുത്തിയത്. നിബിഡമായ ഉൾക്കാടും അവിടുത്തെ നിശ്ശബ്ദതയും ഇഷ്ടപ്പെടുന്ന ‘മാക്കാച്ചിക്കാട’യുടെയും സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെയും നിറസാന്നിധ്യം കാടിന്റെ സവിശേഷതയെക്കൂടി വെളിവാക്കുന്നുവെന്ന്‌ സർവേയിൽ പറയുന്നു.  അടുത്തിരുന്നാൽ പോലും കണ്ടുപിടിക്കാൻ പ്രയാസകരമായ മാക്കാച്ചിക്കാടയെ വനമേഖലയുടെ എല്ലാ ഭാഗങ്ങളിലും കണ്ടെത്താൻ കഴിഞ്ഞത്‌ അപൂർവനേട്ടമെന്നാണ് നിരീക്ഷകർ പറയുന്നത്. ആറുമുതൽ ഏഴുവരെയുള്ള ഗ്രൂപ്പായി മലമുഴക്കി വേഴാമ്പലും വനമേഖലയുടെ പലയിടങ്ങളിലും ചേലോടെ ചേക്കേറിയിട്ടുണ്ട്‌.    വനം-വന്യജീവി വകുപ്പും കേരള കാർഷിക സർവകലാശാല വനശാസ്ത്ര പഠന കലാലയവും പക്ഷി നിരീക്ഷകരുടെ കൂട്ടായ്മകളായ കൊല്ലം ബേഡിങ് ബറ്റാലിയനും പത്തനംതിട്ട ബേഡേഴ്സും ചേർന്ന്‌ അച്ചൻകോവിൽ വനം ഡിവിഷനിൽ നടത്തിയ ആദ്യ പക്ഷി സർവേയിലാണ്‌ 174  ഇനങ്ങളെ കണ്ടെത്തിയത്‌. റിപ്ലി മൂങ്ങ, ചെമ്പൻ എറിയൻ, പുല്ലുപ്പൻ, കാട്ടുപനങ്കാക്ക, ചെവിയൻ രാച്ചുക്ക്, പതുങ്ങൻചിലപ്പൻ, കരിച്ചെമ്പൻ പാറ്റ പിടിയൻ, കരിമ്പൻ കാട്ടുബുൾബുൾ, ചാരത്തലയൻ ബുൾബുൾ, ചെഞ്ചുണ്ടൻ, ഉപ്പൻ കുയിൽ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. സസ്തനികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ എന്നിവയും ധാരാളം.   പക്ഷിനിരീക്ഷകർ, പക്ഷി ഫോട്ടോഗ്രാഫർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ചെറുസംഘങ്ങൾ വനം ഡിവിഷനിലെ അച്ചൻകോവിൽ, കല്ലാർ, കാനയാർ റേഞ്ചിലെ 11 ഇടത്തായി ക്യാമ്പ് ചെയ്ത് വനമേഖലയിലെ വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ പഠനം നടത്തിയാണ് വിവരം ശേഖരിച്ചത്.  വനം ഉദ്യോഗസ്ഥരെ കൂടാതെ കേരളത്തിൽനിന്ന് തമിഴ്‌നാട്ടിൽ നിന്നുമായി 40 നിരീക്ഷകരും പങ്കെടുത്തു.     കാർഷിക സർവകലാശാല പ്രൊഫ. പി ഒ നമീർ,  ഡിഎഫ്ഒ സുനിൽ സഹദേവൻ, റേഞ്ച് ഓഫീസർമാരായ അരുൺ കുമാർ, അനീഷ് കുമാർ, ബാബുരാജ്, പക്ഷി നിരീക്ഷകരായ ജിഷ്ണു, ഹരി മാവേലിക്കര, വേണുഗോപാലപ്രഭു, പി ബി ബിജു, സർലിൻ എന്നിവർ  സർവേയ്ക്ക് നേതൃത്വം നൽകി.   Read on deshabhimani.com

Related News