മനം നിറയ്ക്കാൻ അയ്യപ്പൻമുടി



കോതമംഗലം വിസ്മയ കാഴ്ചകളൊരുക്കുന്ന മലമുകളിലെ വിനോദസഞ്ചാരകേന്ദ്രമായ  അയ്യപ്പൻമുടിയിലേക്ക്‌ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമായി കോതമംഗലം നഗരസഭ. ജില്ലയിൽ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രവും ഹൈറേഞ്ചിന്റെ കവാടവുമായ കോതമംഗലത്ത്‌ എത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌ നാടുകാണിയിലെ അയ്യപ്പന്‍മുടി. നയനമനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ് പ്രദേശം. അവധിക്കാലം ആഘോഷിക്കാന്‍  നൂറുകണക്കിന് സഞ്ചാരികളാണ്  ഇവിടെയെത്തുന്നത്. 700 അടി ഉയരത്തിൽ 1300 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന പാറപ്പുറമാണ്‌ അയ്യപ്പന്‍മുടി. കുത്തനെയുള്ള പാറ കയറി മുകളിലെത്തിയാല്‍ ആകാശം തൊട്ടടുത്തെന്ന പ്രതീതിയുണ്ടാകും. പുലിവേട്ടയ്‌ക്കിടെ അയ്യപ്പസ്വാമി എത്തി വിശ്രമിച്ചുവെന്ന്‌ ഐതിഹ്യമുള്ളതിനാൽ പാറമുകളില്‍ അയ്യപ്പക്ഷേത്രം നിര്‍മിച്ച്‌ ആരാധനയുമുണ്ട്‌. കോതമംഗലം പട്ടണവും പൂയംകുട്ടിയിലെ ഹരിതവനവും പര്‍വതനിരകളും ഇവിടെനിന്നാൽ ദൃശ്യമാകും. വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്‌. അയ്യപ്പന്‍മുടിയിലെ സന്ധ്യാ കാഴ്‌ചയാണ്‌  ഏറെ കൗതുകം. വൈദ്യുതി വെളിച്ചത്തില്‍ സമീപ സ്ഥലങ്ങൾ മലമുകളിൽനിന്ന്‌ കാണാൻ നിരവധിപേരാണ്‌ എത്തുന്നത്‌. വേനലിലും പറ്റാത്ത കുളവും പാറമുകളിലെ കൗതുകമാണ്‌. കോതമംഗലത്തുനിന്ന്‌ ഇലവുംപറമ്പുവഴി നാടുകാണി റൂട്ടിൽ രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യപ്പന്‍മുടിയിലെത്താം. വിനോദസഞ്ചാര വികസനത്തിന്റെ   ഭാഗമായി അയ്യപ്പന്‍മുടിയിലേക്ക്‌  സഞ്ചാരികളെ ആകര്‍ഷിപ്പിക്കാനുള്ള പദ്ധതികൾ കോതമംഗലം നഗരസഭ നടപ്പാക്കിവരികയാണ്‌. ഇതിനായി ബജറ്റിൽ ഒരുകോടി രൂപ  നീക്കിവച്ചതായി ചെയർമാൻ കെ കെ ടോമി പറഞ്ഞു. Read on deshabhimani.com

Related News