ബുള്ളറ്റിൽ ഹിമാലയ യാത്രയ്‌ക്കൊരുങ്ങി 2 യുവതികൾ



കൊച്ചി > ബുള്ളറ്റിൽ ഹിമാലയ യാത്രയ്‌ക്കൊരുങ്ങുകയാണ് തൃശൂർ സ്വദേശിനികളായ രണ്ടു പത്തൊമ്പതുകാരികൾ. 18 ദിവസത്തെ യാത്രയിൽ 6000 കിലോമീറ്റർ താണ്ടുകയാണ് ലക്ഷ്യം. ചാലക്കുടി സ്വദേശികളായ ആൻഫിയും അനഘയുമാണ് സാഹസികസഞ്ചാരത്തിന് ഒരുങ്ങുന്നത്. സ്ത്രീസുരക്ഷ എന്ന സന്ദേശമുയർത്തിയാണ് തങ്ങളുടെ യാത്രയെന്നും ജൂൺ 19ന് ചാലക്കുടിയിൽനിന്ന് യാത്ര ആരംഭിക്കുമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽനിന്ന് ചണ്ഡീഗഢ്, മണാലി, കൊയ്‌ലോങ്ങ്, ലേ, നുബ്ര വഴി പാങ്ങോങ്ങിലെത്തുന്ന രീതിയിലാണ് യാത്ര. ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതുമുതൽ ധൈര്യത്തോടെയും തന്റേടത്തോടെയും ആളുകളോട് സംസാരിക്കാൻ സാധിച്ചതായി ഇവർ പറയുന്നു. 350 സിസി 99 മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റിലാണ് യാത്ര. അഞ്ചുലക്ഷം രൂപയോളം ചെലവുവരുന്ന യാത്രയ്ക്ക് സ്‌പോൺസർമാരെ ലഭിക്കാത്തതിനാൽ പലരിൽനിന്നായി പണം ശേഖരിക്കാനാണ് ശ്രമം. ഒന്നാംക്ലാസുമുതലുള്ള സൗഹൃദമാണ് ഹിമാലയയാത്രയിലും തങ്ങളെ ഒരുമിപ്പിക്കുന്നതെന്നും ഇവർ പറയുന്നു. മുരിങ്ങൂർ ആറ്റപ്പാടം എലുവത്തിങ്കൽ ബേബിയുടെ മകളായ ആൻഫി കോയമ്പത്തൂരിൽ ബിബിഎ വിത്ത് ഏവിയേഷൻ മാനേജ്‌മെന്റ് വിദ്യാർഥിയാണ്. ചാലക്കുടി തൊഴുത്തുപറമ്പിൽ വീട്ടിൽ മണിക്കുട്ടന്റെ മകൾ അനഘ മാള കാർമൽ കോളേജിൽ ഗ്രാഫിക് ഡിസൈൻ വിദ്യാർഥിയാണ്. Read on deshabhimani.com

Related News