മലനിരകളിൽ മഞ്ഞ്‌ ഒളിപ്പിച്ച പാഞ്ചാലിമേട്‌



ഏലപ്പാറ > സുരക്ഷയും സൗകര്യങ്ങളും മതിമറക്കും കാഴ്‌ചകളും മലനിരകളിലൊളിപ്പിച്ച്‌ പാഞ്ചാലിമേട്‌. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് ചുരുങ്ങിയ നാളുകൾകൊണ്ട് കുതിച്ചുകയറുകയാണ്‌ സഞ്ചാരികളുടെയീ സ്വപ്നഭൂമി. സംസ്ഥാന സർക്കാർ 3.55 കോടി രൂപ മുതൽ മുടക്കിയാണിവിടെ വികസനമെത്തിച്ചത്‌. കഴിഞ്ഞവർഷം ഖജനാവിലേക്ക് 55 ലക്ഷത്തിന്റെ വരുമാനം പാഞ്ചാലിമേട്‌ നൽകി. വിജന പ്രദേശം വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിയത്‌ പെരുവന്താനം പഞ്ചായത്ത് ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ കർമപദ്ധതികളിലൂടെയാണ്‌.   എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ മന്ത്രിമാരായ ജി സുധാകരൻ, എ സി മൊയ്‌തീൻ, എം എം മണി, കടകംപള്ളി സുരേന്ദ്രൻ,  വി എസ് സുനിൽകുമാർ, മുൻ എംപി അഡ്വ. ജോയ്സ് ജോർജ്, ഇ എസ് ബിജിമോൾ എംഎൽഎ എന്നിവരുടെയെല്ലാം പ്രത്യേക ശ്രദ്ധ പാഞ്ചാലിമേടിന്റെ നവീകരണത്തിനുണ്ടായി. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവും ഭരണസമിതിയും ജീവനക്കാരും ഒത്താരുമിച്ചു നടത്തിയ പരിശ്രമങ്ങൾ വിഫലമായില്ല. പ്രദേശവാസികളുടെ പിന്തുണയും പാഞ്ചാലിമേടിന്റെ മാറ്റുകൂട്ടി. ഇവിടേക്കുള്ള ഇടുങ്ങിയ റോഡ് സഞ്ചാരികൾക്ക് അപകട ഭീഷണിയായിരുന്നു. കൊല്ലം‐ ദിണ്ഡുഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴയിൽനിന്ന്‌ മൂന്നര കിലോമീറ്റർ കൊടുംവളവുകളാണ്. വീതി കുറവും വാഹനങ്ങൾ കുരുക്കിൽപ്പെടുന്നതിന് കാരണമായി.   രണ്ടാംഘട്ടമായി വിനോദസഞ്ചാര വികസനത്തിന് സംസ്ഥാന സർക്കാർ മൂന്നു കോടിരൂപ അനുവദിച്ചിട്ടുണ്ട്. 55 ലക്ഷത്തിന്റെ നിർമാണ പ്രവൃത്തികൾ ഉടൻ നടക്കും. വളവ് നിവർത്തി സുരക്ഷിതമായ പാത നിർമിക്കാൻ നടപടിയായി. ഇവിടെ 15 പേർക്ക് ജോലി ലഭിച്ചിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾക്കുകൂടി ചുരുങ്ങിയ കാലയളവിനുള്ളിൽ പരോക്ഷമായി തൊഴിൽ ലഭിക്കാനുള്ള സാധ്യതയും ഇതോടെ തെളിയുന്നു. Read on deshabhimani.com

Related News