മലപ്പുറം കരിമ്പുഴ വന്യജീവിസങ്കേതം ഉദ്ഘാടനം 3ന്; അഞ്ച് തരം കാടുകൾ ഒരേ താഴ്വരയിലുള്ള ഏക കാനന മേഖല



‌എടക്കര > കരിമ്പുഴ വന്യജീവിസങ്കേതം ജൂലൈ മൂന്നിന് രാവിലെ പത്തിന്‌ നെടുങ്കയം അമിനിറ്റി സെന്ററിനുസമീപം മന്ത്രി കെ രാജു ഉദ്ഘാടനംചെയ്യും.  സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവിസങ്കേതമാണിത്. അഞ്ച് തരം കാടുകൾ ഒരേ താഴ്വരയിലുള്ള ഏക കാനന മേഖലയാണിത്. അമരമ്പലം റിസർവ് വനത്തിന്റെ അനുബന്ധ ഭാഗങ്ങളും കാളികാവ് റേഞ്ചിലെ വടക്കേക്കോട്ട മലവാരവുമുൾപ്പെടെ 12.95 ചതുരശ്ര കിലോമീറ്ററും ചേർത്ത് 228 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് കരിമ്പുഴ വന്യജീവിസങ്കേതം. ലോകത്ത് ചോലനായ്ക്കർ അധിവസിക്കുന്ന മാഞ്ചീരി ട്രൈബൽ കോളനി സ്ഥിതിചെയ്യുന്നതും ഇതേ വനത്തിലാണ്. തേക്ക് പ്ലാ​ന്റേഷൻ, മാഞ്ചീരി കോളനി എന്നിവ ഒഴിവാക്കിയാണ് സങ്കേതം പ്രഖ്യാപിക്കുന്നത്.   വന്യജീവിസങ്കേതത്തിന്റെ തെക്ക് ഭാഗം മുക്കുറുത്തി ദേശീയോദ്യാനവും വടക്ക് കിഴക്ക് സൈലന്റ്‌ വാലി ബഫർ സോണുമാണ്. മുക്കുറുത്തി കൊടുമുടിയുടെ ഉയരം 2554 മീറ്റർ ആണ്. സിംഹമൊഴികെ എല്ലാ വന്യജീവികളും ഈ വനത്തിലുണ്ട്. ആന, കരടി, കടുവ, പുലി, കാട്ടുപോത്ത്, വരയാട് എന്നിവയെല്ലാം കരിമ്പുഴ വന്യജീവിസങ്കേതത്തിലുണ്ട്. അപൂർവ സസ്യ ജന്തു ജാലകങ്ങളുടെ സംരക്ഷണമാണ് വന്യജീവിസങ്കേതത്തിലൂടെ ലക്ഷ്യമിടുന്നത്. കരിമ്പുഴ വന്യജീവിസങ്കേതം ഉദ്ഘാടനംചെയ്യുന്നതോടെ വനസംരക്ഷണത്തിന് കൂടുതൽ കേന്ദ്രസഹായം ലഭിക്കും. Read on deshabhimani.com

Related News