സഞ്ചാരികൾക്ക‌് ചുറ്റിയടിക്കാം; വേളിയിൽ പാളവും ട്രെയിനും വരുന്നു



തിരുവനന്തപുരം അന്താരാഷ്ട്ര നിലവാരത്തിലേക്ക‌് ഉയർത്തുന്ന വേളി ടൂറിസംവില്ലേജിൽ വിനോദ സഞ്ചരികൾക്ക‌് ചുറ്റിയടിക്കാൻ ട്രെയിൻ സർവീസും വരുന്നു. കടലിന്റെയും കായലിന്റെയും സൗന്ദര്യം നുകരാൻ കഴിയുന്ന വേളിയിൽ എത്തുന്ന വിനോദസഞ്ചരികൾക്ക‌് ട്രെയിനിൽ സഞ്ചരിച്ച‌് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ടൂറിസം സങ്കേതത്തിൽ രണ്ടര കിലോമീറ്റർ ദൈർഘ്യത്തിലാണ‌് പാളം നിർമിച്ച‌് ട്രെയിൻ സർവീസിനുള്ള വൻപദ്ധതി തയ്യാറാകുന്നത‌്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശ പ്രകാരം വേളിയിലൊരുങ്ങുന്ന ട്രെയിൻ സർവീസ‌് പദ്ധതിക്ക‌് അന്തിമ രൂപമായി. ആഗസ‌്തോടെ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ‌് പുരോഗമിക്കുന്നതെന്ന‌് പദ്ധതിക്ക‌് ചുക്കാൻ പിടിക്കുന്ന ടൂർഫെഡ‌് എംഡി എം ഷാജി മാധവൻ ദേശാഭിമാനിയോട‌് പറഞ്ഞു.    ആറു കോടി രൂപയാണ‌് പദ്ധതിക്കായി വകയിരുത്തിയത‌്. ഇന്ത്യൻ റയിൽവേയുടെ എൻജിനിയറിങ്‌ വിഭാഗമാണ‌് പദ്ധതിക്കാവശ്യമായ  റിപ്പോർട്ട‌് തയ്യാറാക്കിയത‌്. പൊഴിക്കരമുതൽ ടൂറിസം വില്ലേജ‌് മുഴുവൻ കറങ്ങി സഞ്ചാരികൾക്ക‌് ഉല്ലസിക്കാനും ആസ്വദിക്കാനും കഴിയും. കുട്ടികൾക്കും രക്ഷിതാക്കൾക്കും യാത്ര ചെയ്യാം. പദ്ധതിയുടെ സർവേയും പൂർത്തിയായി. ഭരണാനുമതി ലഭിക്കുന്ന മുറയ‌്ക്ക‌് സെപ‌്തംബറോടെ പാളം നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. ട്രെയിൻ സർവീസുകൂടി ഇവിടെ ആരംഭിക്കുന്നതോടെ വിദേശ സഞ്ചാരികൾക്കൊപ്പം ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കും വേളിയിലേക്ക‌് വർധിക്കും.         Read on deshabhimani.com

Related News