ഈരാറ്റിൻപുറത്തിലൂടെ നെയ്യാറ്റിൻകരയും ടൂറിസ്റ്റ് ഭൂപടത്തിലേക്ക‌്



നെയ്യാറ്റിൻകര> നെയ്യാറ്റിൻകര നഗരസഭയുടെയും പെരുങ്കടവിള പഞ്ചായത്തിന്റെയും അതിർത്തിയായ ഇളവനിക്കരയിലൂടെ ഒഴുകുന്ന നെയ്യാറിലെ ഈരാറ്റിൻപുറത്തെ നിർദിഷ്ട ടൂറിസ്റ്റ് പദ്ധതിയും കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക‌്. നെയ്യാർ‌ പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി രണ്ടായി പിരിഞ്ഞ് ഒഴുകുന്ന വശ്യതയാർന്ന ദൃശ്യമാണ് ഈരാറ്റിൻപുറത്തുള്ളത്. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കണമെന്നുള്ളത് പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ്. കെ ആൻസലൻ എംഎൽഎയുടെ ​ ശ്രമഫലമായി സർക്കാർ 2.66 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികളും പൂർത്തിയാക്കി. കഴിഞ്ഞയാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവിടെ പണിയുന്ന തൂക്കുപാലത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു.   നദിയിൽ രൂപപ്പെട്ട ചെറുദ്വീപുകളിലെ നിർമാണം, കുട്ടികൾക്കുള്ള പാർക്ക്, തൂക്കുപാലം, ട്രീഹൗസ്, നടപ്പാലം, പാർക്കിങ‌് യാർഡ്, കോഫിഹൗസ് എന്നിവയാണ‌് പദ്ധതിയിലുള്ളത‌്. പണിപൂർത്തിയാകുന്നതോടെ ഈരാറ്റിൻപുറം ടൂറിസം ഓണം വാരാഘോഷങ്ങൾക്കുള്ള സ്ഥിരംവേദിയുമാകും. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള നിർമാണ പ്രവർത്തനം ഈ​ഗ്രാമത്തെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈരാറ്റിൻപുറത്തിന്റെ ​മുഖഛായതന്നെ മാറും.   തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കും തിരികെ തിരുവനന്തപുരത്തേക്കുമുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക‌് ആകർഷിക്കാനാകും. പദ്ധതിയുടെ നടത്തിപ്പിൽ എംപി ശശി തരൂരിന്റെ  പങ്ക‌് വട്ടപ്പൂജ്യമാണ്.  ഈരാറ്റിൻപുറത്തിന്റെ വികസനത്തിനായി എംപി ഫണ്ടിൽനിന്ന് തുക അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും തിക‍ഞ്ഞ അവഗണനയായിരുന്നു ഫലം.     Read on deshabhimani.com

Related News