12 വർഷത്തിനുശേഷം വരുന്നു നീലക്കുറിഞ്ഞി; വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്



നീലക്കുറിഞ്ഞിവസന്തത്തിന്റെ ആഹ്ലാദകരമായ വരവറിയിച്ച് മൂന്നാർ  മലനിരകൾ പൂത്തുലയുമ്പോൾ എട്ടുലക്ഷത്തിലേറെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്. ജൂലൈ‐ഒക്ടോബർ മാസങ്ങളാണ് നീലക്കുറിഞ്ഞി സീസണായി കണക്കാക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മൂന്നാറിൽ നീലക്കുറിഞ്ഞി സീസൺ വീണ്ടുമെത്തുന്നത്. സീസൺ അടുക്കുന്നതോടെ  മലമടക്കുകൾ മുഴുവൻ നീലിമ ചാർത്തി മനോഹരമായ കുറിഞ്ഞിപ്പൂക്കൾകൊണ്ട് മൂടും. കുറിഞ്ഞി എന്ന് തദ്ദേശീയർ വിളിക്കുന്ന പൂവിന് നീലക്കുറിഞ്ഞി എന്ന പേര് കിട്ടുന്നത് അതിന്റെ മനോഹരമായ നീല നിറത്തിൽനിന്നാണ്.സ്ട്രോബിലാന്തസ് കുൻതിയാന എന്ന്  ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞിച്ചെടികളെ പശ്ചിമഘട്ട മലനിരകളിൽ ഉടനീളം കാണാനാകും. ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ  ഒരിക്കൽമാത്രമേ പൂവിടൂ എന്നതാണ് കുറിഞ്ഞിയുടെ പ്രത്യേകത. 2006ലായിരുന്നു ഈ പ്രകൃതിവിസ്മയം അവസാനമായി ദർശിക്കുന്നത്. രാജ്യത്ത് ഇതേവരെ  കണ്ടെത്തിയ 46 ഇനം സ്ട്രോബിലാന്തസുകളിൽ ഭൂരിഭാഗവും മൂന്നാർ മലനിരകളിൽ വളരുന്നുണ്ട്. ജൂലൈയിൽ  തുടങ്ങുന്ന നീലക്കുറിഞ്ഞി സീസൺ തുടർന്നുള്ള  മൂന്നുമാസംകൂടി നീളും. 6,28,427 ടൂറിസ്റ്റുകളാണ് 2017ൽ മൂന്നാറിൽ എത്തിയത്. 2016ൽ എത്തിയ 4,67,881  ടൂറിസ്റ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ പോയവർഷം സന്ദർശകരുടെ എണ്ണത്തിൽ  34.31 ശതമാനത്തിന്റെ വർധനയുണ്ട്. ഈവർഷം 79 ശതമാനം അധികവളർച്ചയാണ്  ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.സഞ്ചാരികളുടെ വലിയ തോതിലുള്ള ഒഴുക്ക് പ്രതീക്ഷിക്കുന്ന ഇത്തവണത്തെ  സീസൺ കണക്കിലെടുത്ത് ട്രക്കിങ‌് ഉൾപ്പെടെയുള്ള അഡ്വഞ്ചർ ഇനങ്ങളുമായി ടൂർ ഓപ്പറേറ്റർമാരും അഡ്വഞ്ചർ ക്ലബുകളും തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. Read on deshabhimani.com

Related News