കോടമഞ്ഞിൻ താഴ്‌വരയിൽ അവധിയാഘോഷിക്കാൻ ആയിരങ്ങൾ



മൂന്നാർ> ക്രിസ്മസ്, പുതുവത്സര അവധിയിൽ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ എത്തിയത് ആയിരങ്ങൾ. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മൂന്നാർ വിനോദസഞ്ചാര മേഖല സജീവമായത്. കൊടും തണുപ്പ് അവഗണിച്ച് വിദേശിയരടക്കമുള്ള സഞ്ചാരികൾ പ്രധാന വിനോദ കേന്ദ്രങ്ങളിൽ എത്തി. ഡിസംബർ 20 ന് ശേഷം ലക്ഷക്കണക്കിന് സന്ദർശകർ എത്തിയതായാണ് കണക്ക്. മൂന്നാറിലെത്തിയ സന്ദർശകരെ ആകർഷിക്കുന്നതിന് ഹൈഡൽ ടൂറിസം വകുപ്പും  ഡിടിപിസിയും വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തി. കുട്ടവഞ്ചി, പെഡൽബോട്ട്, സൈക്കിളിങ് എന്നിവയെല്ലാം സഞ്ചാരികൾക്ക് ഉണർവേകി. മാട്ടുപ്പെട്ടിയിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സ്പീഡ് ബോട്ട്, ഫാമിലി ബോട്ട്, ശിക്കാര ബോട്ട് തുടങ്ങിയവയിൽ ബോട്ടിങ് നടത്തിയാണ് ഭൂരിഭാഗം സഞ്ചാരികളും മടങ്ങിയത്. എക്കോ പോയിന്റെ്‌, കുണ്ടള എന്നീ വിനോദ കേന്ദ്രങ്ങളിലും പ്രതിദിനം ആയിരങ്ങളാണ്‌ എത്തിയത്‌. കുണ്ടള ഡാമിലെ ബോട്ടിങും കുതിര സവാരിയും സഞ്ചാരികൾക്ക് ഇഷ്ടവിനോദമായി. എക്കോ പോയിന്റെിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കുണ്ട്‌. വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമല, പഴയ മൂന്നാറിലെ ബ്ലോസം പാർക്ക്, കെഎഫ്ഡിസിയുടെ റോസ് ഗാർഡൻ, മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റ്‌, ലക്കം വെള്ളച്ചാട്ടം എന്നിവടങ്ങളിലും സന്ദർശകരുടെ വൻ തിരക്കുണ്ടായി. റിസോർട്ടുകളും കോട്ടേജുകളും സന്ദർശകരെ കൊണ്ട് നിറഞ്ഞു. നിരവധി പേർക്ക് മുറികൾ ലഭിക്കാതെ വന്നു. ചിലർ വാഹനങ്ങളിൽ കഴിഞ്ഞു.  മൂന്നാറിലെ അതികഠിനമായ തണുപ്പ്  അനുഭവിക്കുന്നതിനും പുൽമേടുകളിൽ വീണ് കിടക്കുന്ന മഞ്ഞ് കണങ്ങൾ നേരിട്ട് കാണുന്നതിനും കോട്ടേജുകളിലും റിസോർട്ടുകളിലും മുറിയെടുത്തവർ അതിരാവിലെ തന്നെ മുറിക്ക് പുറത്ത് ഇറങ്ങുന്ന കാഴ്ചയായിരുന്നു. Read on deshabhimani.com

Related News