മൂന്നാറിലും ഉയരും 
ഹരിത ചെക്ക്‌പോസ്റ്റുകള്‍; ഹരിതടൂറിസം പദ്ധതിക്ക്‌ അംഗീകാരം



തൊടുപുഴ > വാഗമണ്ണിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട ഹരിതടൂറിസം പദ്ധതി മൂന്നാറിലേക്കും എത്തുന്നു. ഹരിത ഇടനാഴികളും ഹരിത ചെക്ക്പോസ്റ്റുകളും മാലിന്യസംസ്‌കരണ -ഊർജോൽപ്പാദന പ്ലാന്റുകളുമൊക്കെ സജ്ജമാക്കുന്ന സമഗ്ര ഹരിതടൂറിസം പദ്ധതിക്കാണ് ജില്ലാ ഭരണത്തിന്റെ അനുമതി.  മൂന്നാറിന്റെ തനത് കാലാവസ്ഥയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുക, മൂന്നാർ ടൂറിസത്തെ കൂടുതൽ ആകർഷകമാക്കുക എന്നിവയാണ് ഹരിതടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യപ്രശ്‌നങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയവും സമഗ്രവുമായ പരിഹരിക്കുക, സഞ്ചാരികളിൽ ഉത്തരവാദിത്ത ടൂറിസം ശൈലി വളർത്തുക എന്നതും ലക്ഷ്യമിടുന്നു.      ത്രിതല പഞ്ചായത്തുകൾക്കൊപ്പം ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണവകുപ്പ്, വനം–- വന്യജീവി വകുപ്പ്, ദേശീയപാത അതോറിറ്റി, പൊലീസ്, കുടുംബശ്രീ എന്നിവയ്‌ക്കൊപ്പം യുഎൻഡിപിയും കൈകോർത്താണ് മൂന്നാർ ഹരിതടൂറിസം പദ്ധതി നടപ്പാക്കുന്നത്‌. ടൂറിസം പദ്ധതിയുടെ ഭാഗമായി നേര്യമംഗലം–- -മൂന്നാർ, മറയൂർ-–- മൂന്നാർ, മാട്ടുപ്പെട്ടി-–- മൂന്നാർ എന്നീ ദേശീയപാതകളെ ഹരിത ഇടനാഴികളായി പ്രഖ്യാപിക്കും.     ഈ പാതകൾ കടന്നുപോകുന്ന വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമസേനാ അംഗങ്ങളുടെ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കും. ഇവയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഗ്രീൻ ചെക്ക് പോയിന്റുകൾ തുറക്കും. കൂടാതെ ഹരിതകർമ സേനയുടെയും മറ്റും നേതൃത്വത്തിൽ ഗ്രീൻ പട്രോളിങ്ങും ക്രമീകരിക്കും. യാത്രികരുടെ മാലിന്യങ്ങൾ തരംതിരിച്ച് കൈമാറാനും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകളും പദ്ധതിയിലുണ്ട് . മാലിന്യത്തിൽനിന്ന്‌ ഊർജോൽപ്പാദനവും ഹരിതകർമസേന സമാഹരിക്കുന്ന ജൈവമാലിന്യത്തിൽനിന്ന്‌ ഊർജോൽപ്പാദനത്തിനും പദ്ധതിയുണ്ട്. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിലെ രണ്ട് ഏക്കറിലാകും ഇതിനുള്ള പ്ലാന്റ് നിർമിക്കുക. നിലവിൽ മൂന്നാർ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽനിന്നുമുള്ള ഖരമാലിന്യങ്ങൾ ഇവിടെ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ഇവ ഉടൻ ക്ലീൻ കേരള കമ്പനി വഴി നീക്കംചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കും. പ്ലാന്റ് ആരംഭിക്കുന്നതുവരെ സംഭരിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംഭരിക്കാനും സംസ്‌കരിക്കാനും ഡമ്പിങ് യാർഡിനോട് ചേർന്ന പന്നി ഫാമിൽ താൽക്കാലിക മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കും. ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് ഗുണമേന്മയുള്ള ജൈവവളമാക്കുന്നതിന്‌ തുമ്പൂർമുഴി, വിൻഡ് റോ കമ്പോസ്റ്റിങ്‌ സംവിധാനങ്ങൾ സജ്ജമാക്കും. ഇതിനായി മൂന്നാറിന്റെ സവിശേഷ കാലാവസ്ഥയ്‌ക്ക്‌ ഇണങ്ങുന്ന ഇനോക്കുലം(കമ്പോസ്റ്റ്  നിർമാണത്തെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മാണുക്കൾ) ഐആർടിസി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോർണർ 
യോഗങ്ങൾ ഉടൻ കർമപരിപാടികൾ പ്രാവർത്തികമാക്കാൻ മൂന്നാറിലെ റിസോർട്ട്‌, ഹോംസ്റ്റേ, റസ്റ്റോറന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ, വിവിധ രാഷ്ട്രീയ -സാംസ്‌കാരിക സാമൂഹിക സംഘടനകൾ, വ്യാപാര- വ്യവസായ സംഘടനകൾ, ടാക്‌സി ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച്‌ കോർണർ യോഗങ്ങൾ മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. Read on deshabhimani.com

Related News