മൂന്നാറിൽ വരൂ... സ്‌ട്രോബറി 
മധുരം നുകരാം

മൂന്നാറിൽ ഹോർട്ടികോർപ്പിന്റെ തോട്ടത്തിലെ സ്ട്രോബറി കൃഷി


മൂന്നാർ > മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സ്ട്രോബറിയുടെ മധുരം നുകർന്ന് മടങ്ങാം. മൂന്നാർ സൈലന്റ്‌വാലി റോഡിൽ ഹോർട്ടികോർപ്പിന്റെ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്ന സ്ട്രോബറി പഴങ്ങൾ യഥേഷ്ടം വാങ്ങുകയുമാവാം. കിലോയ്‌ക്ക്‌ 300 മുതൽ 400 രൂപ വരെയായിരുന്നു സീസണിലെ വില. നവംബർ മുതൽ ജനുവരി വരെയാണ് സ്ട്രോബറിയുടെ സീസൺ.   സെവൻമല എസ്റ്റേറ്റിനു സമീപം ഒറ്റപ്പാറ, നാഗർമുടി, പാർവതി ഡിവിഷനുകളിൽ തൊഴിലാളികൾ വീടിനോട് ചേർന്നുള്ള തോട്ടത്തിൽ വ്യാപകമായി സ്ട്രോബറി കൃഷിചെയ്യാറുണ്ട്. എസ്റ്റേറ്റ് ജോലിചെയ്‌ത്‌ കിട്ടുന്ന വരുമാനത്തിനു പുറമെ അധികവരുമാനം ഇവർക്ക് ഇതിലൂടെ ലഭിക്കും. ഈ വർഷം കാലാവസ്ഥയിലെ മാറ്റം വിളവെടുപ്പ് വൈകാൻ കാരണമായി. ഹോർട്ടികോർപ്പിന്റെ കീഴിൽ മൂന്ന്‌ ഏക്കറിലാണ് കൃഷി നടത്തിയിട്ടുള്ളത്. സന്ദർശകർക്ക് ആവശ്യാനുസരണം വില നൽകി പഴങ്ങൾ തോട്ടത്തിൽനിന്ന്‌ പറിച്ചുനൽകും. സീസൺ അവസാനിക്കാറായതോടെ സ്ട്രോബറിക്ക് ആവശ്യക്കാരേറി. ഇപ്പോൾ കിലോയ്‌ക്ക്‌ 600 രൂപയാണ് ലഭിക്കുന്നത്‌.   ഇവിടെ വിളവെടുക്കുന്ന സ്ട്രോബറി ഹോർട്ടികോർപ്പിന്റെ രണ്ട് വിൽപ്പനകേന്ദ്രങ്ങൾ വഴിയാണ്‌ വിറ്റഴിക്കുന്നത്‌. സ്ട്രോബറി ജാം, പ്രിസർവ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളും വിൽപ്പനകേന്ദ്രത്തിൽ ലഭിക്കും. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പുനിറത്തോടുകൂടിയ സ്വീറ്റ് ചാർലി, കാമറോസ് ഇനത്തിൽപ്പെട്ട ചെടികളാണ് തോട്ടത്തിലുള്ളത്. പൂർണമായും ജൈവവളം ഉപയോഗിച്ചാണ്‌ കൃഷി. മധുരവും പുളിപ്പും ഇടകലർന്ന സ്ട്രോബറിയുടെ രുചി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. Read on deshabhimani.com

Related News