വരയാടും ഞങ്ങളും കൂട്ടാണേ...; രാജമലയിലെ വരയാടുകൾ സഞ്ചാരികളുടെ കൂട്ടുകാരായി

ഒരു വരയൻ സെൽഫി വന്യമൃഗങ്ങൾ പൊതുവെ മനുഷ്യരോട്‌ അടുക്കാറില്ല. എന്നാൽ, ജനിച്ചകാലംതൊട്ടേ മനുഷ്യരെ കണ്ടുവളർന്ന വരയാടുകൾക്ക്‌ ആ പേടിയില്ല. മൂന്നാർ രാജമലയിൽ വരയാടിനൊപ്പം സെൽഫിയെടുക്കുന്ന വിനോദസഞ്ചാരി


മൂന്നാർ > ആളുകളിൽനിന്ന്‌ ഓടിയകന്നിരുന്ന രാജമലയിലെ വരയാടുകൾ സഞ്ചാരികളുടെ കൂട്ടുകാരായി. മൂന്നാറിലെ വിനോദസഞ്ചാര മേഖലകൾ തുറന്നതോടെ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ട കേന്ദ്രം ഇരവികുളം ദേശീയോദ്യാനമാണ്. നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളെ കാണാനാണ്‌ സഞ്ചാരികൾ മലകയറി ഇവിടേക്ക്‌ എത്തുന്നത്‌. മെരുങ്ങാത്തവരായിരുന്ന വരയാടുകൾ കോവിഡ്‌ നിയന്ത്രണങ്ങൾക്കുശേഷം എത്തിയ സഞ്ചാരികളുടെ ഒപ്പം സെൽഫിയെടുക്കാനും തയ്യാറായി. മുമ്പ് പുൽമേടുകളിൽനിന്ന്‌ താഴോട്ടിറങ്ങാത്ത വരയാടുകൾ ഇപ്പോൾ കൂട്ടമായി റോഡരുകിലും എത്തും. സഞ്ചാരികളെ കണ്ട് പരിചയമായ ഇവയ്‌ക്കിപ്പോൾ പേടിയില്ല. ആൾ സാന്നിധ്യമറിഞ്ഞാൽ കുറ്റിക്കാടുകളിൽ ഒളിച്ചിരുന്ന വരയാടുകൾ ഇപ്പോൾ സന്ദർശകർക്കൊപ്പം നടക്കും. അവർക്കായി ചിത്രങ്ങൾ പകർത്താൻ നിന്നുകൊടുക്കും. എന്നാൽ, വംശനാശഭീഷണി നേരിടുന്ന വരയാടുകളെ തൊടുന്നതിന് കർശന വിലക്കുണ്ട്‌. നിരീക്ഷണത്തിനായി വനപാലകർ വാച്ചർമാരെയും നിയമിച്ചിട്ടുണ്ട്.  മരംകോച്ചുന്ന തണുപ്പുള്ള ഡിസംബറിൽ തെക്കിന്റെ കാശ്‌മീരായ മൂന്നാർ കൂടുതൽ മനോഹരിയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ടെങ്കിലും കൂടുതൽ സഞ്ചാരികളെത്തുന്നത് ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ്‌. വശ്യമനോഹരമായ പച്ചപ്പുൽമേടുകൾ മാടിവിളിക്കുന്ന, സമുദ്രനിരപ്പിൽനിന്ന്‌ രണ്ടായിരം അടി ഉയരത്തിലുള്ള ഈ ദേശീയോദ്യാനം പകരുന്ന അനുഭൂതി ഒന്നുവേറെയാണ്‌. ഈ വർഷം 111 വരയാടിൻകുട്ടികൾ പിറന്നതായാണ് വനംവകുപ്പിന്റെ കണക്ക്. ഉദ്യോനത്തിലാകെ 223 ആടുകളുണ്ട്‌. കഴിഞ്ഞ സീസണിൽ 5,13,665 സഞ്ചാരികൾ ഇവിടെയെത്തിയിരുന്നു.  Read on deshabhimani.com

Related News