ജയ്‌പൂരിലെ"മമ്മി"യെക്കാണാൻ



ചില യാത്രകൾ ഔദ്യോഗിക യാത്രകളുമായി ബന്ധിപ്പിച്ച് നടത്താറുണ്ട്. അത്തര ത്തിലൊന്നായിരിന്നു ജയ്‌പൂർ യാത്ര. ജയ്‌പൂരിൽ ഇതിനു മുൻപ് വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ എന്റെ യാത്രയ്ക്ക് രണ്ടു ഉദ്ദേശങ്ങൾ കൂടി ഉണ്ടായിരിന്നു. ഒന്ന് ജയ്‌പൂരിലുള്ള ആൽബർട്ട് ഹാൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന മമ്മി, രണ്ടാമത്തേത് ജയ്സാൽമീർ. മമ്മി എന്റെ ഈജീപ്ഷ്യൻ യാത്രയിലേ സാധ്യമാകുള്ളു എന്നു കരുതിയതാണ്. ഇന്ത്യയിൽ രണ്ടു മൂന്നു മമ്മികളുള്ളതിൽ ഒന്ന് ജയ്‌പൂരിലുള്ളതായി വായിച്ചറിവുണ്ടായിരിന്നു. ആദ്യമായാണ് ഒരു മമ്മിയെ നേരിൽ കാണുന്നത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലെ രാം ഗാർഡനിലാണ് രജപുത്, മുഗൾ, ബ്രിട്ടീഷ് സംയോജിത ശൈലിയിൽ പണികഴിപ്പിച്ച രാജസ്ഥാൻ ഗവണ്മന്റിനു കീഴിലുള്ള ആൽബർട്ട് ഹാൾ മ്യൂസിയം. വിക്ടോറിയ രാജ്ഞിയുടെ മകനായ പ്രിൻസ് ആൽബർട്ട് ഒരു പബ്ലിക്ക് ഹാളിനായി തറക്കല്ലിട്ടുവെങ്കിലും പിന്നീടതൊരു മ്യൂസിയമാക്കുകയായിരിന്നു. ഈ മ്യൂസിയത്തിൽ രാജ്യത്തിനകത്തുീ, പുറത്തു നിന്നുമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭരണങ്ങൾ, ആനക്കൊമ്പു കൊണ്ടുള്ള ശില്പങ്ങൾ, മെറ്റൽ ശില്പങ്ങൾ, നാണ്യശേഖരം, സംഗീത ഉപകരണങ്ങൾ, വസ്ത്രശേഖരം, മനോഹരമായ പരവതാനികൾ, ആയുധങ്ങൾ തുടങ്ങിയ വയുടെ വൻ ശേഖരം തന്നെയുണ്ട്. ജയ്‌പൂരിലെ ഈ മ്യൂസിയത്തിലാണ് പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ടുട്ടു എന്ന മമ്മിയെ പ്രദർശിപ്പിച്ചിരിക്കുന്നത്. 322 ബി സി യിൽ ഈജിപ്തിലെ ഒരു പുരോഹിത കുടുംബത്തിലെ സ്ത്രീ അംഗമായിരുന്നു ടുട്ടു. 1887-ൽ ജയ്‌പൂർ രാജാവായിരിന്ന സവായ് ഇഷ്വാർ സിംഗ് ഒരു പ്രദർശനത്തിനു വേണ്ടി കെയ്റോയിൽ നിന്നും കൊണ്ടു വന്നതായിരുന്നുവെങ്കിലും പ്രദർശനത്തിനുശേഷം അത് സമ്മാനമായി നൽകുകയായിരിന്നു. കെയ്റോയിൽ നിന്നുള്ള വിദഗ്ദർ 2011 - ൽ മമ്മിയുടെ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യാന്തര രീതിയിലുള്ള മമ്മി ഫിക്കേഷൻ നടത്തിയിരുന്നു. ഇതിനായി മമ്മിയെ പൊതിഞ്ഞിരിക്കുന്ന തുണി, അതിലെ പെയിന്റിംഗ്, അടക്കം ചെയ്ത പെട്ടകം, അതിനുള്ളിലെ താപനില എല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. കൂടാതെ മമ്മിയുടെ എക്സ് റേ വരെയെടുത്ത് പരിശോധിച്ച് അതിന്റെ ഭദ്രത ഉറപ്പു വരുത്തിയിരുന്നു. മ്യൂസിയത്തിൽ മമ്മിയെ കൂടാതെ ഈജീപ്ഷ്യൻ ദേവന്മാരുടെ വിഗ്രഹങ്ങൾ, ആഭരണങ്ങൾ, വിവിധ തരം പാത്രങ്ങൾ, മമ്മിയുടെ ത-ൃമ്യ എന്നിവയും, കല്ലറയിലെ പ്രാണികൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഒട്ടനവധിപ്പേർ പ്രദർശനം കാണാനായി ഇവിടെ യെത്തിച്ചേരാറുണ്ട്. രാവിലെ 9 - മുതൽ 5 - വരെയാണ് സന്ദർശന സമയം. 20 രൂപയാണു ടിക്കറ്റ് നിരക്ക്. ആൽബർട്ട് ഹാൾ ശില്പചാരുതയിൽ ശ്രദ്ധേയമാണ്. ഫോട്ടോഗ്രാഫി മ്യൂസിയത്തിനകത്തും പുറത്തും അനുവദനീയമാണ്. ജയ്‌പൂരിൽ ഏറ്റവും കൂടുതൽ ഫോട്ടോ ഷൂട്ടുകൾ നടക്കുന്ന ഒരിടീ കൂടിയാണ് ആൽബർട്ട് ഹാൾ. ഫോട്ടോ സ്പോട്ടുകൾ എനിക്കും ഇഷ്ടമാണ്. ഒറ്റയ്ക്ക്  ആയതു കൊണ്ട് മറ്റു ടൂറിസ്റ്റുകളെ ആശ്രയിക്കേണ്ടി വന്നുവെങ്കിലും തരക്കേടില്ലാത്ത ഒന്നു രണ്ടു ചിത്രങ്ങൾ എനിക്കും ലഭിച്ചു. Blog-           https://aesthetictraveler.wixsite.com/aesthetictraveler Facebook - https://www.facebook.com/Aesthetictraveler/ Instagram - https://www.instagram.com/lekshmidevic   Read on deshabhimani.com

Related News