കിറ്റ്സിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം> സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിനെ (കിറ്റ്സ്) അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം പഠന, പരിശീലന, ഗവേഷണ കേന്ദ്രമാക്കി ഉയർത്തുമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കിറ്റ്സിൽ നിന്നും ഉന്നത നിലവാരത്തിൽ  പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'മികവ്-2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യമാർന്ന ടൂറിസം പഠന പരിശീലന പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന കിറ്റ്സ് ടൂറിസം വ്യവസായത്തിന് ആവശ്യമായ നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളം സർവകലാശാലയുടെ ബിരുദ- ബിരുദാനന്തര കോഴ്സുകളിൽ റാങ്കുകൾ കരസ്ഥമാക്കിയ കിറ്റ്സിലെ വിദ്യാർത്ഥികളെ അദ്ദേഹം അനുമോദിച്ചു. കിറ്റ്സ് ക്യാമ്പസ് പ്ലേസ്മെന്റിലൂടെ തൊഴിൽ നേടുവാനായവരെയും, യുജിസിയുടെ നെറ്റ്- ജെആർഎഫ്. പരീക്ഷയിൽ വിജയിച്ചവരെയും, കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന- ദേശീയ തലത്തിൽ അവാർഡുകൾ നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. കിറ്റ്സ് ഡയറക്ടർ ഡോ. ദിലീപ് എം ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഹെഡ് ഓഫ് ഓപ്പറേഷൻസ് പി കെ അജു, പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീമതി ദീപ സുരേന്ദ്രൻ, ഡോ. വേണുഗോപാൽ എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News