കൺനിറയെ കാണാം 
മീൻമുട്ടിയിലെ 
വെള്ളിക്കൊലുസ്‌



കൽപ്പറ്റ > സാഹസിക സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ വടുവൻചാലിലെ മീൻമുട്ടി വെള്ളച്ചാട്ടം വീണ്ടും തുറക്കുന്നു. 11 വർഷത്തിനുശേഷമാണ്‌ വനത്തിനകത്തെ ഈ അനുപമ സൗന്ദര്യം നുകരാൻ സഞ്ചാരികൾക്ക്‌ അവസരമൊരുങ്ങുന്നത്‌. വനംവകുപ്പിന്റെ അധീനതയിലുള്ള മീൻമുട്ടി  സംസ്ഥാനത്ത്‌  ഉയരംകൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്‌. മലപ്പുറവും നീലഗിരിയും ചേർന്നുനിൽക്കുന്ന മൂപ്പൈനാട്‌ നീലിമല കാടുകൾക്കിടയിലാണ്‌ വിസ്‌മയിപ്പിക്കുന്ന  മീൻമുട്ടി. മേപ്പാടി ടൗണിൽനിന്ന്‌ 12 കിലോമീറ്റർ കിഴക്ക്‌. ചിത്രഗിരിയിൽനിന്ന്‌  രണ്ട്‌ കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെ എത്താം. 300 മീറ്ററിലധികം ഉയരത്തിൽനിന്ന്‌ മൂന്ന്‌ തട്ടുകളിലൂടെയാണ്‌ വെള്ളം പതിക്കുന്നത്.  ഇടതൂർന്നുനിൽക്കുന്ന കാടിന്‌ നടുവിൽ വെള്ളിക്കൊലുസുപോലെയുള്ള വെള്ളച്ചാട്ടം ആരുടെയും മനംമയക്കും. വെള്ളച്ചാട്ടത്തിന് അരികിലേക്കെത്തുക അൽപ്പം അപകടം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുമ്പ് കേന്ദ്രം പ്രവർത്തിച്ചത്.   2012ലാണ്‌ ഈ കേന്ദ്രം വനംവകുപ്പ്‌ അടച്ചുപൂട്ടിയത്‌. നിത്യേന  നൂറുകണക്കിന്‌ സഞ്ചാരികൾ ഈ സൗന്ദര്യം നുകരാൻ എത്തിയിരുന്നു. വടുവൻചാൽ ടൗണിൽ വ്യാപാര സജീവതക്കും മീൻമുട്ടി  സഹായിച്ചു.  എന്നാൽ ചില വിഷയങ്ങളിൽ  വനപാലകരും പ്രദേശവാസികളുമായുള്ള തർക്കം രൂക്ഷമായി.  ഇത് ഇക്കോ ടൂറിസം കേന്ദ്രം അടച്ചുപൂട്ടാനും കാരണമായി. വനസംരക്ഷണ സമിതി പിരിച്ചുവിട്ടു. പുതിയ വനസംരക്ഷണ സമിതി രൂപീകരിച്ചാണ് മീൻമുട്ടി വീണ്ടും തുറക്കുന്നതിനുള്ള നടപടിയുമായി വനംവകുപ്പ് മുന്നോട്ടുപോകുന്നത്. മെെക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. Read on deshabhimani.com

Related News