‘ബാൽതസാർ’ എന്ന മാലാഖ...ലക്ഷ്‌മി ദിനചന്ദ്രൻ എഴുതുന്നു



എഴുത്തുകാരിയും ന്യൂസിലൻഡിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഒട്ടാഗോയിൽ ശാസ്‌ത്ര ഗവേഷകയുമായ ലക്ഷ്‌മി ദിനചന്ദ്രൻ എഴുതുന്നു "എന്റെ നാട്ടിൽ സാധാരണ ദുഃഖവെള്ളിയുടെ അന്ന് മഴ പെയ്യും,' സ്വയമെന്നോ അടുത്തുനിന്ന ആളോടെന്നോ ഇല്ലാതെയാണ് ഞാൻ പറഞ്ഞത്. "ഇവിടെ ആ കാണുന്ന ഓക്കുമരം ദുഃഖവെള്ളിയുടെ അന്ന് ഇല മുഴുവൻ പൊഴിക്കും,' ഇരുണ്ട ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന മരത്തിന്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അയാൾ മറുപടിപറഞ്ഞു. "കള്ളം, നിറം മാറിയിട്ടേ ഉള്ളു... ഇലകളൊക്കെ മരത്തിൽത്തന്നെ ഉണ്ടല്ലോ..." പകലിന്റെ ഓർമയിൽ പരതി ഞാൻ മറുപടി പറഞ്ഞപ്പോഴേക്കും അയാൾ ഇരുട്ടിലേക്ക് നടന്നു മറഞ്ഞിരുന്നു. അയാളെ ഞാൻ കാണുന്നത് മൂന്നാമത്തെ തവണയാണ്. ആദ്യം സൗജന്യമായി സൈക്കിൾ നന്നാക്കിക്കിട്ടുന്ന ഒരു സൈക്കിൾ കടയിൽ, പിന്നീട് കുറെ പച്ചക്കറി സഞ്ചിയുമായി പോകുന്നത്, ഏറ്റവുമൊടുവിൽ ഈ സന്ധ്യയ്ക്ക് വഴിവക്കിലും. ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ അയാൾക്ക് മനസ്സിൽ ഒരു പേരിട്ടുകൊടുത്തു - ബാൽതസാർ. പന്ത്രണ്ടാം ക്‌ളാസിൽ ടി എസ് എലിയട്ടിന്റെ 'Journey of the Magi' എന്ന കവിത പഠിച്ചപ്പോൾ മനസ്സിൽ കയറിപ്പറ്റിയ പേരാണ് - യേശുക്രിസ്തുവിനെ കാലിത്തൊഴുത്തിലെത്തി കണ്ട രാജാക്കന്മാരിൽ ഒരാൾ. മറ്റൊരു പേരും അയാൾക്ക് ചേരില്ല എന്ന് തോന്നി - അത്ര വിചിത്രമായിരുന്നു അയാളുടെ വേഷം. എത്രകാലത്തെ പഴക്കമുണ്ട് എന്നറിയാൻ പറ്റാത്ത നിറത്തിലും തരത്തിലുമുള്ള പാന്റ്. ബ്രൗൺ മേൽക്കുപ്പായം. വലിയ വൃത്തിയൊന്നും പറയാനില്ലാത്ത ളോഹയോ, പഴയ ഗ്രീക്കുകാരുടെ ടോഗയോ ഒക്കെപ്പോലെ ഒരു വെളുത്ത വസ്ത്രം. നെഞ്ചിനു കുറുകെയും, അരയിലും ലെതർ കൊണ്ടുള്ള ബെൽറ്റ്. അതിൽ കൈത്തോക്കും കത്തിയും സൂക്ഷിക്കാനുള്ളതുപോലെ ഒന്നോ രണ്ടോ ഉറകൾ. കഴുത്തിൽ ഒരു വലിയ മാല; അറ്റത്ത് വിലകുറഞ്ഞ പ്ലാസ്റ്റിക് കല്ലുകൾ പതിച്ച ലില്ലിപ്പൂവിന്റെ രൂപത്തിലെ കൈപ്പത്തിവലുപ്പമുള്ള ലോക്കറ്റ്. ഇതൊന്നും പോരാതെ തലയിൽ സൈക്കിൾ ഓടിക്കുന്നവർ വെയ്ക്കുന്ന ഒരു ഹെൽമെറ്റ്. അതിന്റെ പുറം മുഴുവൻ പ്ലാസ്റ്റിക് കൊണ്ടുള്ള സ്വർണമുത്തുകളും പല നിറങ്ങളിൽ തിളക്കംവറ്റിത്തുടങ്ങിയ പ്ലാസ്റ്റിക് രത്നക്കല്ലുകളും. ഞാൻ വാപൊളിച്ചു നോക്കിനിന്നുപോയി. അയാളാകട്ടെ, ആരോടും മിണ്ടാതെ കുനിഞ്ഞിരുന്നു തന്റെ സൈക്കിളിന്റെ ചെയിനിൽ എണ്ണയിട്ടുകൊണ്ടിരുന്നു. പിന്നീടൊരിക്കൽ കണ്ടപ്പോൾ അയാൾ രണ്ടോ മൂന്നോ പച്ചക്കറിസഞ്ചികൾ തന്റെ സൈക്കിളിന്റെ കാരിയറിൽ വച്ച് ഒട്ടും ആയാസപ്പെടാതെ സൈക്കിൾചവിട്ടി എനിക്കെതിരെ വരികയായിരുന്നു. അരയിലെ തോക്കുറയിൽ നിന്നും ഒരു ചെറിയ കെട്ട് ചീര എത്തിനോക്കുന്നുണ്ട്. ദക്ഷിണധ്രുവത്തിൽ നിന്നുള്ള കാറ്റാണ് ഇവിടെ പലപ്പോഴും വീശുന്നത്. ആ കാറ്റിൽ ബാൽതസാറിന്റെ നീണ്ട നരച്ച താടി പിന്നോട്ട് പറന്നു. കണ്ണടയ്ക്കിടയിലൂടെ അയാൾ എന്നെ സൂക്ഷിച്ചുനോക്കി, ഒന്ന് ചിരിച്ചുകൊണ്ട് എന്നെ കടന്നു പോയി. അന്നാണ് ആദ്യമായി അയാളോട് സംസാരിച്ചത്. പെട്ടെന്നൊരു വിഭ്രാന്തി - ഞാനയാളോട് ഏതു ഭാഷയിലാണ് സംസാരിച്ചത്? മലയാളത്തിലോ അതോ ഇംഗ്ലീഷിലോ? അയാൾ മറുപടി പറഞ്ഞതോ? അഥവാ, അങ്ങനെ ഒരു സംഭാഷണം നടക്കുകതന്നെ ചെയ്തിരുന്നോ? അയാൾ നടന്നപ്പോൾ കാൽപ്പാദങ്ങൾ നിലത്ത് തൊടുന്നുണ്ടായിരുന്നോ? അതോ... തലയൊന്നു കുടഞ്ഞു ഞാൻ ചുറ്റിനും നോക്കി. മനുഷ്യരുടെ ലോകത്തിന്റെ തെക്കേയറ്റത്തുള്ള പട്ടണങ്ങളിൽ ഒന്നായ ഡുനീഡിനിലെ  ഓൾ സെയിന്റ്സ് ആംഗ്ലിക്കൻ പള്ളിയുടെ കവാടം എന്റെ മുന്നിൽ അടഞ്ഞു കിടന്നു. ഇടത്തോട്ടും വലത്തോട്ടുമുള്ള റോഡിലും എതിരെയുള്ള പുല്ലുവിരിച്ച മൈതാനത്തും ആരുമില്ല. ഈസ്റ്റർ ബ്രേക്ക് ആണ്. എല്ലാവരും അവധിയ്ക്ക് എവിടെയൊക്കെയോ പോയിരിക്കുന്നു. പലകാലത്തും പലയിടത്തും എന്നെ സഹായിച്ചിട്ടുള്ള കുറെയധികം വിചിത്രവിശ്വാസങ്ങളുടെ ഉടമയാണ് ഞാൻ. അതിലൊന്ന് മനുഷ്യരുടെ രൂപത്തിൽ മാലാഖമാർ അപ്രതീക്ഷിതസ്ഥലങ്ങളിൽ നമ്മുടെ മുന്നിലെത്തും എന്നതാണ്. ഒറ്റയ്ക്ക് എത്തിപ്പെടുന്ന സ്ഥലങ്ങളിലും ഇടയ്ക്ക് വന്നുമൂടുന്ന ഇരുട്ടുകളിലും ഒക്കെ അവർ എവിടന്നെങ്കിലും എത്താറുണ്ട്. പെട്ടെന്നെനിക്ക് തോന്നി, ബാൽതസാർ ഈ പട്ടണത്തിന്റെ മാലാഖയായിരിക്കണം, എന്ന്. ഒന്നാമത്, എന്നോടല്ലാതെ ആരോടെങ്കിലും അയാൾ സംസാരിക്കുന്നതോ ഇങ്ങനെ ഒരു വിചിത്രവേഷധാരിയെക്കുറിച്ചു മറ്റാരെങ്കിലും പറയുന്നതോ ഞാൻ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല. രണ്ടാമത്, എന്റെ കാഴ്ചപ്പാടിൽ അയാളുടെ വേഷവും ഭാവവും ഈ പട്ടണത്തിന്റേതുതന്നെ ആണ്. പഴമയിൽ തുടരാനാഗ്രഹിക്കുന്ന, പുതിയ കാലത്തെ നിയമത്തിനനുസരിച്ച് ഹെൽമെറ്റ് ധരിക്കേണ്ടി വരുന്ന, ആ ഹെൽമെറ്റിനെ ഏറ്റവും കുറഞ്ഞ ചെലവിൽ ഒരു കിരീടമാക്കാൻ ശ്രമിക്കുന്ന, ആരെയോ സഹായിക്കാൻ മുട്ടൻ തണുപ്പത്തും ചിരിയോടെ പച്ചക്കറിസഞ്ചിയുമായി പോകുന്ന, തന്റെ സ്വന്തം മരങ്ങളെക്കുറിച്ച് അതിശയോക്തികലർന്ന കഥകൾ പറയുന്ന ബാൽതസാറും ഡുനീഡിൻ എന്ന ഈ തെക്കൻപട്ടണവും ഒരുപോലെ തന്നെ. മൂന്നുമാസം മുന്നേ ഗവേഷകയായി ഒട്ടാഗോ സർവകലാശാലയിൽ വന്നെത്തിയവഴികൾ യാദൃശ്ചികതയുടേത് മാത്രമല്ല... പഠിക്കാനും ഗവേഷണം നടത്താനും ഒരു സ്ഥിരം ജോലി നേടാനും ഉള്ള പ്രായമൊക്കെ കടന്നുപോയി എന്ന് ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കുന്ന വ്യവസ്ഥിതികളോടുള്ള കലഹത്തിന്റെ കൂടെ ആണ്. പഠനത്തിലെ നീണ്ട ഇടവേളകൾ കണ്ടില്ലെന്നു നടിക്കാൻ തയാറായ രണ്ടു രാജ്യങ്ങളിലെ മുതിർന്ന ഗവേഷകരുടെ വിശ്വാസത്തിന്റെയും. ഇവിടെ എത്തിയപ്പോൾ തന്നെ ഒരു നഗരവിവരണം എഴുതാൻ തുനിഞ്ഞതാണ്...എങ്കിലും മനപ്പൂർവം അത് വേണ്ടെന്നു വച്ചു. കാരണം, ഒരു രാജ്യത്തെക്കുറിച്ച് പൊതുവായി എഴുതുന്നത് താരതമ്യേന എളുപ്പമാണ്. ജീവിക്കുന്ന നഗരത്തെക്കുറിച്ച് എഴുതണമെങ്കിൽ അതിന്റെ തെരുവുകളിലൂടെ കുറെയധികം നടക്കണം. പുതുമയ്ക്കും ആവേശത്തിനും ഗൃഹാതുരത്വത്തിനും അപ്പുറം കടക്കണം. ഇന്ത്യ പോലെ നീണ്ട നൂറ്റാണ്ടുകളുടെ ചരിത്രം കണ്ടും കേട്ടും രുചിച്ചും മണത്തും തൊട്ടും മനുഷ്യർ തിങ്ങിപ്പാർക്കുന്ന നാട്ടിൽ നിന്ന് ഇവിടെ എത്തുമ്പോൾ ഇവിടുത്തെ ചരിത്രം ലേശം അത്ഭുതപ്പെടുത്തുന്നതാണ്. കാരണം, ഡുനീഡിൻ എന്ന ഈ 'പട്ടണം' സ്ഥാപിക്കപ്പെട്ടത് 1844 നു ശേഷമാണ്. അതിനു മുൻപ് (ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടു മുതൽ) ഇവിടെ ങ്‌ഹായ്‌ താഹു ഗോത്രത്തിൽ പെട്ട മാവോരി വംശജരും തെറ്റിയും തെറിച്ചും കടൽനായയെയും തിമിംഗലത്തിനെയും വേട്ടയാടാൻ വന്നിരുന്ന വെള്ളക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. ചെന്നൈ മൗണ്ട് റോഡിലെ ഹിഗ്ഗിൻബോതംസ് എന്ന പുസ്തകക്കട തുറന്നതും അതേ വർഷമാണ് എന്നോർക്കണം! 1855 ൽ - ശ്രീനാരായണഗുരു ജനിച്ച വർഷം - ആണ് ഔദ്യോഗികമായി ഡുനീഡിൻ, ഡുനീഡിനായത്. സ്കോട്ടിഷ് വംശജർ സ്ഥാപിച്ച ഡുനീഡിനു പറയാൻ ഗൃഹാതുരത്വത്തിന്റെ ഒരു കഥ കൂടെ ഉണ്ട്. സ്കോ‌ട്‌ല‌ൻഡിന്റെ തലസ്ഥാനമായ എഡിൻബറോയുടെ സ്‌കോട്ടിഷ് ഗെയിലിക് ഭാഷയിലുള്ള പേരാണ് Dun Eideann. ഇതാണ് ഡുനീഡിനായത്. പട്ടണത്തിന്റെ രൂപകൽപ്പനയും എഡിന്ബറോയെ അപ്പാടെ പകർത്തിക്കൊണ്ടാണ് എന്നും പറഞ്ഞു കേട്ടു. പട്ടണത്തിലൂടെ ഒഴുകുന്ന കുഞ്ഞൊരു പുഴയ്ക്ക് എഡിന്ബറോയിലെ ഘലശവേ നദിയുടെ പേര് തന്നെയാണ്.Leith Walk ഉം, Princes Street ഉം Heriot Row യും Albany Street ഉം Castle Street ഉം Dundas Street ഉം എല്ലാം അവിടത്തെപ്പോലെ ഇവിടെയും. ഗൂഗിൾ മാപ്‌സ് ഇല്ലാതിരുന്ന കാലത്ത് ഇതത്ര അപകടം ഉണ്ടാക്കിയിട്ടുണ്ടാകില്ല. എങ്കിലും പബ്ബിൽ നിന്നിറങ്ങി മാപ്സ് നോക്കി വീട്ടിൽ പോകാൻ ശ്രമിച്ച ചിലരെങ്കിലും പതിവിലും ഒരുപാട് കൂടുതൽ നടക്കേണ്ടി വന്ന കഥകൾ ചിലതൊക്കെ കേട്ടിട്ടുണ്ട്. കുന്നും മലയുമായി കയറ്റിറക്കങ്ങൾ ഒരുപാടുള്ള നഗരമാണ് ഡുനീഡിൻ. ഇതൊന്നും വകവെയ്ക്കാതെ അതിനെ എഡിൻബറോയുടെ കുഞ്ഞുപതിപ്പാക്കാൻ ശ്രമിച്ചതുകൊണ്ടാണത്രെ, ലോകത്തെ ഏറ്റവും കുത്തനെയുള്ള തെരുവും ഇവിടെത്തന്നെയാണ് - Baldwin Street. കപ്പലിറങ്ങുന്ന സ്ഥലങ്ങളിലെ മണ്ണിനും മനുഷ്യർക്കും മേൽ തങ്ങളുടെ സംസ്കാരം അടിച്ചേൽപ്പിക്കുന്നത്തിലുള്ള സ്ഥിരം കൊളോണിയൽ വകതിരിവില്ലായ്മ! ഏതാണ്ട് ഈ നഗരത്തോളം പഴക്കമുണ്ട് ഞാൻ താമസിക്കുന്ന വീടിനും. ഒരു കുന്നിന്റെ മുകളിലാണത്. ഇവിടുത്തെ മനോഹരമായ ബൊട്ടാണിക്കൽ ഗാർഡിനോട് ചേർന്നുള്ള ഒരു കോൺക്രീറ്റ് കെട്ടിടം. ഇവിടെയുള്ള മറ്റു വീടുകൾ അധികവും തടികൊണ്ട് പണിതവയാണ്. ഇവിടുത്തെ നിരന്തരമായ മഴയ്ക്കും ആലിപ്പഴം പൊഴിയലിനും കഠിനമായ തണുപ്പിനും (ഇവിടെ Autumn ആയിട്ടേ ഉള്ളു. തണുപ്പ് വടി വെട്ടാൻ പോയിട്ടേ ഉള്ളു എന്നാണ് അനുഭവസ്ഥർ പറയുന്നത്) ഒട്ടും യോജിക്കാത്തവയാണ് ആ വീടുകൾ. അവയുടെ നടുക്കാണ് 'ലോർഡ് കോൺക്രീറ്റ്' എന്ന വിളിപ്പേരുള്ള ഫ്രാങ്ക് പെട്രേ ഗോഥിക് റിവൈവൽ സ്റ്റൈലിൽ ഏതോ ഒരു ജഡ്ജ് ചാപ്മാന് വേണ്ടി ഈ വീട് രൂപകൽപന ചെയ്തത്. ന്യൂസിലൻഡിലെ അക്കാലത്തെ കത്തോലിക്ക ദേവാലയങ്ങൾ ഏറെയും പെട്രേ രൂപം കൊടുത്തവയാണ്. വലിയ ജനലുകളും കോട്ട പോലെ ഉള്ള എടുപ്പുകളും ഒക്കെയായി ഗാംഭീര്യം കാട്ടി നിൽക്കുന്ന ഈ വീട്ടിലാണ് യാതൊരു ഗാംഭീര്യവും അവകാശപ്പെടാനില്ലാതെ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ഈജിപ്റ്റിൽ നിന്നും ഒക്കെ പഠിക്കാനും ജോലിചെയ്യാനും ഇവിടെയെത്തിപ്പെട്ട ഒരു പറ്റം ഞങ്ങൾ താമസിക്കുന്നത്. ആദ്യമായാണ് ഞാൻ ഒരു ഇലപൊഴിയും കാലം കാണുന്നത്...ഇത്രയേറെ നിറവുള്ള ചുവപ്പും മഞ്ഞയും സൗവർണവും ഓരോ ഇലയും എവിടെ ഒളിപ്പിച്ച് വെയ്ക്കുന്നോ എന്തോ... അതിന്റെ വശ്യതയിലാണ് മിനിഞ്ഞാന്ന് ഇരുട്ടുവീഴുന്നതും തണുപ്പുകൂടുന്നതും കാര്യമാക്കാതെ ഒഴിഞ്ഞ പട്ടണത്തിലൂടെ നടക്കാനിറങ്ങിയതും, ഉയരം കുറഞ്ഞ മതിലിനപ്പുറം ഇരുട്ടിൽ കത്തുന്ന മെഴുകുതിരിയുടെ ഭംഗി നോക്കാൻ വഴിവക്കിൽ നിന്നതും, ബൽത്തസാർ തൊട്ടരികെ ചില നിമിഷം വന്നു നിന്നത് അറിഞ്ഞതും. കോവിഡ് പാതിതളർത്തിയ ശ്വാസകോശവുമായി ഇവിടെ വന്നിറങ്ങിയതിന്റെ പിറ്റേന്ന് തണുപ്പത്ത് നടന്നു ശ്വാസം കിട്ടാതെ ഞാൻ വഴിയിൽ തളർന്ന് ഇരുന്നുപോയി. കരഞ്ഞുപോയി. അന്ന് ഒപ്പമുണ്ടായിരുന്ന ഫ്രയ്ബർഗ് സർവകലാശാലയിലെ ആൻ ഫോർമാൻ എന്റെ പുറം തടവിത്തന്നു. രാത്രിയിൽ നടുവഴിയിൽ ശ്വാസം കിട്ടാതെ പാടുപെട്ട എനിക്ക് കൂട്ടിരുന്നു... തന്റെ പേപ്പർ പൂർത്തിയാക്കി കഴിഞ്ഞ മാസം ആൻ പോകുമ്പോഴേയ്ക്കും ഞങ്ങളൊരുമിച്ച് പത്തും പന്ത്രണ്ടും കിലോമീറ്റർ നടക്കാൻ പോകുമായിരുന്നു.   ദുഃഖവെള്ളിയുടെ രാത്രി, ആ വൃദ്ധൻ ഇരുട്ടിലേക്ക് നടന്നുമറഞ്ഞ ശേഷം ഏറെ വൈകും വരെ കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി, കമ്പിളിസ്കാർഫ് പുതച്ച് ഞാൻ ഈ പട്ടണത്തിലൂടെ നടന്നു. ആളനക്കമില്ലാത്ത ഇടവഴികളിൽ മതിലുകളിൽ തട്ടി എന്റെ കാലടിശബ്ദം തിരിച്ചുവന്നു. പകൽ സാധാരണത്വത്തിന്റെ പുതപ്പിട്ടു മൂടിക്കളയുന്ന മാന്ത്രികത രാത്രി എനിക്കുമുന്നിൽ നിവർത്തിയിട്ടതുപോലെ തോന്നി. ഇരുണ്ട നിരവധി ജനാലകൾക്കിടെ വെളിച്ചമുള്ള ഒന്നിൽ രണ്ടു പേർ നൃത്തം ചെയ്യുന്നു...മ്യൂസിക് ബോക്സിലെ ദമ്പതികളെപ്പോലെ ഇടംകൈകൾ കോർത്ത് പിടിച്ച് വലംകൈകൾ പരസ്പരം ഇടുപ്പിൽ കോർത്തുപിടിച്ചുകൊണ്ട്. എന്റെ മുന്നിലെ നിശ്ശബ്ദതയിലേയ്ക്ക് മ്യൂസിക്കൽ നോട്ടുകൾ പളുങ്കുകൾ പോലെ ചിതറിവീണു. വീണ്ടുമൊരുപാട് നടന്നപ്പോൾ കണ്ട മറ്റൊരു ജനലിൽ കാഴ്ചയിൽ പുരുഷനെന്നു തോന്നുന്ന ഒരാൾ മുടി നെറ്റുകൊണ്ട് ഒതുക്കിവെച്ച് നിലക്കണ്ണാടിയ്ക്കു മുന്നിലിരുന്നു മേക്കപ്പ് ചെയ്യുന്നു. പുതച്ചിരുന്ന കോട്ടിനെ തുളച്ച് കാറ്റും തണുപ്പും ശരീരത്തിൽ തട്ടിത്തുടങ്ങി. ചുറ്റും കാറ്റ് ചുഴറ്റി എറിയുന്ന ഇലയ്ക്കും നേർത്ത മഴയ്ക്കും ഒപ്പം ഏകാന്തത എന്ന വാക്കിന്റെ മൂർച്ച മനസിലും തട്ടിത്തുടങ്ങി. കണ്ണുചിമ്മി കണ്ണുചിമ്മി പിന്നെയും നടന്നു തിരികെ എത്താറായപ്പോൾ കണ്ണുയർത്തിക്കണ്ടു... ദൂരെ, കുന്നിൻമുകളിൽ, വെട്ടം ചിന്തുന്ന ജനാലകളുമായി വിളിക്കുന്നു, കോൺക്രീറ്റുപ്രഭു ഇങ്ങു ദക്ഷിണദ്രുവത്തിന്റെ അയല്പക്കത്ത് എനിക്കായി പണിതിട്ട മുറി. ആകാശത്തു തിളങ്ങുന്ന പൂർണചന്ദ്രൻ. മൂന്നു മാസത്തിനുശേഷം ആദ്യമായി മനസ്സിൽ തോന്നി - വീട്. Read on deshabhimani.com

Related News