വരൂ കാഴ്‌ചയുടെ പറുദീസയിലേക്ക്...; തോണിയിൽ സഞ്ചരിച്ച്‌ കടലുണ്ടിയുടെ ദൃശ്യമനോഹരിത ആസ്വദിക്കാം

തോണിയാത്ര


തുരുത്തും കണ്ടൽക്കാടുകളും ദേശാടനപക്ഷികളും ചേരുന്ന കടലുണ്ടി. അസ്‌തമയ സൂര്യന്റെ ചെഞ്ചുവപ്പിൽ കൂടുതൽ മനോഹരിയായിരിക്കുന്നു. ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുന്നതിലൂടെ കടലുണ്ടിയും അടിമുടി മാറും. കാഴ്‌ചയുടെ പറുദീസയിലേക്ക്‌ നിരവധിപേരാണ്‌ എത്തുന്നത്‌. കടലുണ്ടിപ്പുഴ അറബിക്കടലിനോട്‌ ചേരുന്ന ഭാഗത്ത്‌ 15 ഹെക്‌ടറോളം സംരക്ഷിത പ്രദേശമാണ്‌. ഇവിടെയാണ്‌ ദേശങ്ങൾ താണ്ടി ദേശാടനപക്ഷികൾ വിരുന്നെത്തുന്നത്‌. പക്ഷികളുടെ ഒരുമിച്ചുള്ള സഞ്ചാരം രസകരമാണ്‌. മണൽതിട്ടകളിലെല്ലാം പക്ഷികളുടെ കാൽപാദം പതിഞ്ഞിരിക്കും. തവിട്ടു തലയൻ കടൽക്കാക്ക, പുഴ ആള, തെറ്റിക്കൊക്കൻ, പവിഴക്കാലി, ചോരക്കിലി, കടലുണ്ടി ആള, കറുപ്പ് തലയൻ കടൽക്കാക്ക, പച്ചക്കാലി തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്ന ദേശാടന പക്ഷികൾ. പ്രകൃതിയുടെ ശ്വാസകോശങ്ങളായ കണ്ടൽക്കാടുകളാൽ സമൃദ്ധമാണിവിടം. തുരുത്തുകൾ നിറയെ വ്യത്യസ്‌ത തരത്തിലുള്ള കണ്ടലുകൾ കാണാം.കുറ്റിക്കണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, ചുള്ളിക്കണ്ടൽ, നക്ഷത്ര കണ്ടൽ, ചക്കരക്കണ്ടൽ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കണ്ടൽവർഗ്ഗങ്ങൾ. പുഴയും കടലും സംഗമിക്കുന്ന കടലുണ്ടിക്കടവ്‌ അഴിമുഖം പ്രസിദ്ധമാണ്‌. പുഴയായ പുഴകളെല്ലാം ഒരുമിച്ച്‌ വലിയ പുഴയായി കടലിന്റെ മാറിടത്തില്‍ ചെന്നണയുന്ന അതിമനോഹര കാഴ്‌ച. കടലുണ്ടിയുടെ ഈ ദൃശ്യഭംഗിയെല്ലാം ആസ്വദിക്കാൻ സഞ്ചാരികൾക്ക്‌ തോണിയാത്രയും ഒരുക്കിയിട്ടുണ്ട്‌. ഐലൻഡ് ടൂറിസം , കടലുണ്ടി റിവർ ടൂറിസം, ഗ്രീൻ ഐലൻഡ്, കടവ് ഹട്ട് റിവർ ടൂറിസം, കടലുണ്ടി ടൂറിസം എന്നിങ്ങനെ നിരവധി ചെറുസംരഭകർ ഇവിടെ സജീവമാണ്‌. വിരുന്നെത്തുന്നവർക്കു തോണിയാത്രയ്ക്കൊപ്പം പുഴ വിഭവങ്ങളുടെ രുചികരമായ നാടൻ ഭക്ഷണമടക്കമുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ പ്രവേശനം. യാത്ര: കോഴിക്കോട്‌ നിന്ന്‌ 20 കി.മീ. മലപ്പുറത്ത്‌നിന്ന്‌ 39 കി.മീ Read on deshabhimani.com

Related News