സഞ്ചാരികളുടെ തിരക്കില്ലെങ്കിലും കാഴ്‌ചയൊരുക്കി വെള്ളച്ചാട്ടങ്ങൾ

മഴ ശക്തമായതോടെ സജീവമായ അടിമാലി വാളറ വെള്ളച്ചാട്ടം


അടിമാലി > ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കില്ലെങ്കിലും പാലുപോലെ പതഞ്ഞുചാടുകയാണ് വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങള്‍. ദേശീയപാത 85ന്റെ ഓരത്താണ് വാളറ, ചീയപ്പാറ ജലപാതങ്ങള്‍ കണ്ണിന്‌ കുളിർമയേകുന്നത്. മഴ ശക്തമായതോടെ ദേവിയാര്‍ പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കൊരങ്ങാട്ടി തലമാലിയില്‍നിന്ന്‌ ആരംഭിക്കുന്ന മലവെള്ളം ദേവിയാര്‍ പുഴയിലെത്തുന്നു. ഈ വെള്ളവും ഇരുമ്പുപാലം ചില്ലിത്തോട്ടില്‍നിന്നുള്‍പ്പെടെ ചെറുതും വലുതുമായ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന വെള്ളവും ചേർന്നാണ്‌ വാളറക്കുത്തില്‍ എത്തുന്നത്. ദേശീയപാതയോരത്തുനിന്നാൽ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും.  മൂന്നാറിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇടത്താവളംകൂടിയാണ്‌ ഈ ജലപാതങ്ങൾ. കൂടാതെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ സഞ്ചാരികളുടെ മനംകവര്‍ന്ന് നിരവധി ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്‌. വാളറയില്‍ കെടിഡിസിയുടെ വഴിയോര വിശ്രമകേന്ദ്രവുമുണ്ട്. കാലങ്ങളായി അനാഥമായി കിടന്നിരുന്ന വിശ്രമകേന്ദ്രം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.   എന്നാല്‍, കോവിഡ് വ്യാപനം വിശ്രമകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ഡിടിപിസിയുള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായാല്‍ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റാന്‍ കഴിയും. കോവിഡ് ഭീതി അകലുന്നതോടെ സഞ്ചാരികളെത്തി ഇവിടം സജീവമാകുമെന്ന പ്രതീക്ഷയാണ്‌ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർക്കുള്ളത്‌. Read on deshabhimani.com

Related News