ഹരിത ടൂറിസം ക്യാമ്പയിൻ നാളെ മുതൽ ; ശംഖുംമുഖത്ത് പാനിപ്പൂരി ഇനി സ്റ്റീല്‍ പ്ലേറ്റില്‍



തിരുവനന്തപുരം>  ലോക സമുദ്രദിനത്തോടനുബന്ധിച്ച് സമുദ്രതീര  വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹരിത ടൂറിസം ക്യാമ്പയിന് ബുധനാഴ്തുടക്കം കുറിക്കുന്നു. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ ക്യാമ്പയിൻ.    കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹരിതടൂറിസം സാദ്ധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ശുചിത്വമിഷന്‍, വിവിധ സന്നദ്ധ സംഘടനകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കച്ചവടക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ശംഖുംമുഖം ബീച്ചിലും വര്‍ക്കല പാപനാശം കടല്‍ത്തീരത്തും  ബുധനാഴ്ച     ഏകദിന ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കും. തീരങ്ങളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കി ഹരിതതീര വിനോദ സഞ്ചാര കേന്ദ്രമാക്കി നിലനിര്‍ത്തുകയാണ് ആദ്യഘട്ടം. ഇതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന് ബീച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശംഖുംമുഖത്തെ മാതൃകാ ബീച്ച് ഡെസ്റ്റിനേഷനായി പുനഃസ്ഥാപിക്കാനും മുന്‍കാല      പ്രതാപത്തിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ശംഖുംമുഖം ഹരിത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ശുചിത്വമിഷന്‍, സന്നദ്ധ സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശംഖുംമുഖത്തെ  കച്ചവടക്കാര്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പയിന്‍ രൂപത്തിലാണ് പദ്ധതി നടപ്പിലാക്കുക. ബുധനാഴ്ച രാവിലെ 8 ന്‌ പൊതു മരാമത്ത് ടൂറിസം  മന്ത്രി മുഹമ്മദ് റിയാസ് ശംഖുംമുഖം സമുദ്രടൂറിസം പദ്ധതി പ്രഖ്യാപനവും ട്രാക്ക്‌ലെസ് ട്രയിന്‍ സര്‍വ്വീസ് ഉദ്ഘാടനവും നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.  ബീച്ചിലെ നവീകരിച്ച ചാച്ചാ നെഹ്‌റു പാര്‍ക്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ഹരിത ടൂറിസം സംയുക്ത ശുചീകരണ പ്രഖ്യാപനം നടത്തും. ബീച്ചിലെ മാലിന്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. സ്‌പോണ്‍സര്‍ ചെയ്ത 40 വേസ്റ്റ് ബിന്നുകളുടെ വിതരണവും പാനിപ്പൂരി കച്ചവടക്കാര്‍ക്ക് ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലേറ്റുകള്‍ക്ക് പകരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത 2000-ത്തോളം സ്റ്റീല്‍ പ്ലേറ്റുകളുടെ വിതരണവും നടക്കും.  ശംഖുംമുഖത്തും വര്‍ക്കലയിലും നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകള്‍,  എന്‍.സി.സി., എന്‍.എസ്.എസ്., സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്ന് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. Read on deshabhimani.com

Related News