കടലും കാറ്റാടിയും ഉള്ളുണർത്തുന്ന ഗോതീശ്വരം

ഗോതീശ്വരം കടൽത്തീരം


കോഴിക്കോട്/ഫറോക്ക്‌> കടൽത്തിരകളുടെ ഇരമ്പവും കാറ്റാടി മരങ്ങളുടെ താരാട്ടുമാണ്‌ ബേപ്പൂർ ഗോതീശ്വരം തീരത്തെത്തുന്നവരുടെ ഉള്ളുണർത്തുക. കണ്ണിനേക്കാൾ ഹൃദയം കൊണ്ട്‌ ഏറ്റുവാങ്ങേണ്ടവയാണ്‌ ഇവിടുത്തെ കാഴ്‌ചകൾ. കടലും തീരവും കാറ്റാടിയും ചേർന്നൊരുക്കുന്ന പ്രകൃതിസംഗീതത്തിന്റെ വശ്യതയാണ്‌ ഗോതീശ്വരത്തിന്‌.   ബീച്ച് ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഇവിടെ ഫോട്ടോ ഷൂട്ടുകാരുടെ തിരക്കാണ്‌. വിവാഹത്തിനുമുമ്പും ശേഷവുമുള്ള പടം പിടിത്തക്കാരുടെ ഇഷ്ടലൊക്കേഷനാണ്‌ ഈ തീരം. കാഴ്‌ചയിൽ ആദ്യം തെളിയുക തലങ്ങും വിലങ്ങും ലക്ഷ്യങ്ങളിലേക്ക്‌ തുഴയുന്ന മീൻപിടിത്ത വള്ളങ്ങളാണ്‌. ദൂരക്കാഴ്‌ചയിൽ ബോട്ടുകളുടെ കൂട്ടവും തുറമുഖത്തടുക്കാൻ അനുമതിക്കായി കാത്തുകിടക്കുന്ന കപ്പലുകളും കാണാം. അസ്തമനസൂര്യന്റെ കാഴ്‌ചതേടിയും ആൾക്കൂട്ടമുണ്ടാവും.   സമീപഭാവിയിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറാൻ ഏറെ സാധ്യതകളുണ്ട്‌ ഗോതീശ്വരത്തിന്. വിശാലമായ കടൽത്തീരവും തീരക്കടലും പ്രയോജനപ്പെടുത്തി ഗോതീശ്വരത്ത്‌ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള ആലോചനകൾ പുരോഗമിക്കുന്നു. സാഹസിക വിനോദസഞ്ചാരവും സർഫിങ് ഉൾപ്പെടെയുള്ളവയ്‌ക്കും ഏറെ സാധ്യതകളുണ്ട്‌.  Read on deshabhimani.com

Related News