നവ്യചാരുതയേകി ചില്ലിത്തോട് ജലപാതം



അടിമാലി > സഞ്ചാരികള്‍ക്ക് നയനമനോഹര കാഴ്ചയൊരുക്കി ചില്ലിത്തോട് ജലപാതം. കൊച്ചി–മധുര ദേശീയപാതയില്‍ ഇരുമ്പുപാലത്ത് നിന്നും അഞ്ഞൂറ് മീറ്ററോളം അകലെ പടിക്കപ്പ് റോഡിലാണ് ആരെയും ആകര്‍ഷിക്കുന്ന ജലപാതം. അഞ്ഞൂറ് അടിയോളം ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ജലപാതം മനംകവരും. മഴക്കാലത്താണിവിടം ജീവമാകുന്നത്. മലമുകളിലെ ചെറുഅരുവികളിലേയും നീര്‍ച്ചാലുകളിലേയും വെള്ളം തുമ്പിപ്പാറകുടിയിലെത്തി കൈത്തോടുകളിലൂടെ ചില്ലിത്തോട്ടിലേക്ക് പതിക്കുന്നു. പാറയില്‍തട്ടി മുത്തുമണികള്‍പോലെ വെള്ളം ചിതറി തെറിക്കുന്നത് കണ്ണിനും മനസിനും നവ്യചാരുത പകരുന്നു. പക്ഷേ ജലപാതത്തിന് അരികിലെത്താന്‍ സഞ്ചാരയോഗ്യമായ വഴിയില്ലാത്തതാണ് സഞ്ചാരികളെ നിരാശപ്പെടുത്തുന്നുണ്ട്. ടൂറിസംഭൂപടത്തില്‍ നിന്നും ചില്ലിത്തോട് ജലപാതത്തെ അകറ്റിനിര്‍ത്താനും ഇത് കാരണമാകുന്നു. ചില്ലിത്തോട് പുഴയ്ക്ക് കുറുകെ നടപ്പാലം നിര്‍മിച്ചാല്‍ സഹസികമായി സഞ്ചാരികള്‍ക്ക് ഇതിനടുത്ത് എത്താനാകും. ഈറ്റക്കാടിനുള്ളിലൂടെ ജലപാതത്തിനരുകിലെത്തിയാല്‍ ഇതിന്റെ സൌന്ദര്യം കൂുടതല്‍ നുകരാന്‍ കഴിയും. സഞ്ചാരികളെ ആകര്‍ഷിക്കുംവിധം ദീര്‍ഘ വീക്ഷണത്തോടെ പദ്ധതി തയ്യാറാക്കി നടപ്പാക്കിയാല്‍ ചീയപ്പാറയും വാളറ വെള്ളച്ചാട്ടവും കണ്ടുമടങ്ങുന്ന സഞ്ചാരികള്‍ ചില്ലിത്തോടും കാണാതെ പോകില്ല. Read on deshabhimani.com

Related News