വെള്ളിച്ചില്ലായൊഴുകി അരുവിക്കച്ചാൽ



കോട്ടയം> വെള്ളിചില്ലും വിതറി ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തോട് തൊട്ടുചേർന്നുനിൽക്കാൻ കൊതിയുണ്ടോ... എങ്കിൽ പോവാം പാൽപോലൊഴുകും അരുവിയിലേക്ക്‌. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്‌ പൂഞ്ഞാർ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടം. പൂഞ്ഞാറിൽനിന്ന്‌ എട്ടുകിലോമീറ്റർ ദൂരമാണ്‌ അരുവിക്കച്ചാലിലേക്ക്‌. വെള്ളച്ചാട്ടത്തിന്റെ താഴെഭാഗത്ത്‌ എത്തണമെങ്കിൽ റബർതോട്ടത്തിലൂടെയുള്ള നടപ്പുവഴിയിലൂടെ 250 മീറ്റർ നടത്തവുമുണ്ട്‌. ചെറിയ ഇറക്കവും കയറ്റവുമുള്ള നാട്ടുവഴിയിലൂടെ കാഴ്‌ച വസന്തത്തിലേക്ക്‌ എത്താം. ഇവിടെ 150 അടിമുകളിൽനിന്ന്‌ പാറക്കെട്ടിലൂടെ അതിമനോഹരിയായി ഒഴുകിയിറങ്ങുകയാണ്‌ അരുവിക്കച്ചാൽ. ഈ ഒഴുക്ക്‌ ചെന്നെത്തുന്നത്‌ മീനച്ചിലാറ്റിലും. കണ്ണെത്താദൂരത്ത്‌ നിന്ന് പാൽപോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. അവയിൽ പലതിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പലരെയും അങ്ങോട്ടുപോകുന്നതിൽനിന്ന്‌ പിന്തിരിപ്പിക്കാറുമുണ്ട്‌. എന്നാൽ വെള്ളം കുത്തിയൊലിച്ച്‌ പതിക്കുന്നിടംവരെ അപകടംകൂടാതെ ആർക്കും എത്താമെന്നതാണ്‌ അരുവിക്കച്ചാലിന്റെ ആകർഷണീയത. പതിക്കുന്നിടം തീരെ ആഴമില്ലാതെ വെള്ളം നിരന്നൊഴുകുകയുമാണ്‌. കുട്ടികൾക്കുവരെ വെള്ളച്ചാട്ടത്തിന്‌ തൊട്ടരുകിലെത്താം. മാത്രമല്ല പ്രകൃതിഭംഗിയും വശ്യമായ കാറ്റും സഞ്ചാരികളുടെ മനംമയക്കുമെന്നതിൽ സംശയമില്ല. കോവിഡിനുശേഷം സ്‌ത്രീകളും കുട്ടികളുമുൾപ്പെടുന്ന സംഘങ്ങൾ ഇവിടെ ധാരാളമായെത്തുന്നു. മാലിന്യങ്ങളൊന്നുമില്ലാതെ തെളിനീരൊഴുക്കുകയാണ്‌ അരുവിക്കച്ചാൽ. Read on deshabhimani.com

Related News