വേനലിൽ കുളിരേകി ആനക്കുളം കാഴ്‌ചകൾ

ആനക്കുളത്ത് പുഴയിലിറങ്ങി വെള്ളം കുടിക്കുന്ന കാട്ടാനകൾ


അടിമാലി > വേനൽ കനത്തതോടെ മാങ്കുളം ആനക്കുളത്തെ ആനക്കുളി കാണാൻ സഞ്ചാരികളുടെ തിരക്കേറി. ശനിയാഴ്ച കുട്ടിയാനകൾ അടക്കം 25 കാട്ടാനകളാണ് നീരാടാൻ എത്തിയത്. പ്രകൃതിയുടെ ദൃശ്യഭംഗി ആവോളമുള്ള വെള്ളച്ചാട്ടങ്ങളുടെ ഈ നാട് മൂന്നാറിനെപ്പോലെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറുകയാണ്. പച്ചപുതച്ച കുന്നുകളും ചെറു വെള്ളച്ചാട്ടങ്ങളുമാണ് മാങ്കുളത്തിന്റെ ഹരിതഭംഗിയെങ്കിലും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്‌ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾതന്നെ. കാടിനെയും നാടിനെയും തമ്മിൽ വേർതിരിക്കുന്ന പുഴയിലിറങ്ങി ആനകൾ ദാഹമകറ്റാൻ തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി. അരുവിയുടെ ഒത്ത നടുക്കുള്ള ഭാഗത്ത് ചെറുകുമിളകൾ ഉയരുന്ന സ്ഥലത്തെ ഉപ്പുരസമുള്ള വെള്ളം കുടിക്കാൻ ആനകൾ തമ്മിലുള്ള മത്സരം കാണേണ്ടതുതന്നെയാണ്. കണ്ടാൽ ഗൗരവക്കാരൻ എന്ന് തോന്നുന്ന ആനക്കുളത്തുകാരുടെ സ്വന്തം ഒറ്റക്കൊമ്പൻ കഴിഞ്ഞദിവസം ശാന്തനായി തനിച്ചെത്തി ദാഹം അകറ്റിയത് സഞ്ചാരികൾക്ക് വേറിട്ട കാഴ്ചയായി. വേനൽ രൂക്ഷമായതോടെ കാട്ടാനകൾ മണിക്കൂറുകളോളം പുഴയിൽ ചെലവഴിക്കും.   സാധാരണ വൈകുന്നേരങ്ങളിലാണ് ആനക്കുളം സജീവമായിരുന്നതെങ്കിൽ ചൂടിൽ പകലിലും ആനക്കുളി അടുത്തുകാണാം. ദേശീയപാത 85ൽ മൂന്നാറിലേക്കുള്ള യാത്രാമധ്യേ കല്ലാറിലെത്തി 17 കിലോമീറ്റർ ഉള്ളിലേക്ക് യാത്രചെയ്‌താൽ ആനകളുടെ സ്വന്തം ആനക്കുളത്ത് എത്താം. Read on deshabhimani.com

Related News