യശോദയെത്തി ; ജ്വലിച്ചു പോരാട്ടസ്‌മരണകൾ



കുണ്ടറ ജാതീയ അടിമത്തത്തിന്റെ അടയാളമായ കല്ലുമാലയ്‌ക്കു പകരം ആത്മാഭിമാനത്തിന്റെ പ്രതീകമായ ചെങ്കൊടിയുമായി അവരെത്തി;  ചുവന്ന കണ്ണാടിച്ചില്ലുകൊണ്ടുള്ള കല്ലുമാല അണിഞ്ഞിരുന്നവരുടെ പിന്മുറക്കാർ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ കല്ലുമാല സമരം നടന്ന കൊല്ലം പീരങ്കി മൈതാനത്ത്‌ സ്മാരകത്തിനായി ബജറ്റിൽ അഞ്ചുകോടി വകയിരുത്തിയ എൽഡിഎഫ്‌ സർക്കാരിനു നന്ദി അറിയിക്കാനാണ്‌ യശോദ മക്കൾക്കും ചെറുമക്കൾക്കുമൊപ്പം ജനകീയ പ്രതിരോധ ജാഥയുടെ കുണ്ടറയിലെ വേദിയിലെത്തിയത്‌.  പെരിനാട് വിപ്ലവത്തിന്റെയും കല്ലുമാല സമരത്തിന്റെയും സ്‌മരണകൾ വാർധക്യത്തിലും യശോദയിൽ സമരവീര്യം നിറച്ചു. ആ ഉജ്വല പോരാട്ടത്തിൽ പങ്കെടുത്തവരുടെ പിൻമുറക്കാരിയാണ് എൺപത്തിയെട്ടുകാരി. 1915 ഒക്ടോബർ 24ന് നടന്ന പെരിനാട് വിപ്ലവവും ഡിസംബർ 21ന് കൊല്ലം പീരങ്കി മൈതാനത്ത്‌ അയ്യന്‍കാളിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന സമ്മേളനവും നവോത്ഥാന മുന്നേറ്റത്തിലെ ജ്വലിക്കുന്ന അധ്യായമാണ്‌. പുലയ സ്ത്രീകൾ അയിത്താചാരമെന്ന നിലയിൽ കുറഞ്ഞത് രണ്ടുമടക്ക് കല്ലുമാല ധരിക്കണമായിരുന്നു. സാധുജന പരിപാലനസംഘം ചുമതലക്കാരനായ ഗോപാലദാസിന്റെ നേതൃത്വത്തിൽ ഇതിനെതിരെയും മാറുമറയ്ക്കാനുള്ള അവകാശത്തിനായും പെരിനാട്ടെ കുഴിയത്ത്‌ യോഗം സംഘടിപ്പിക്കാൻ മുന്നിട്ടറിങ്ങിയിരുന്നു യശോദയുടെ വല്യപ്പൂപ്പൻ പുല്ലൻപുല്ലൻ, അപ്പൂപ്പൻ പുല്ലൻ, അച്ഛൻ കുഞ്ഞോല എന്നിവർ. "വഴിനടക്കാൻപോലും ഒക്കത്തില്ലായിരുന്നു. അവര്‍ വന്നാ മൈലുകൾ മാറി ഓടിപ്പൊയ്‌ക്കോളണം. വെള്ളം ചിരട്ടയിലാണ് തരുന്നത്. പള്ളിക്കൂടമില്ല, കിണറില്ല. അമ്പലമില്ല. ഒരുവകയുമില്ല. ഇതെല്ലാം വേണമെന്ന് പറയാനാണ് യോ​ഗം ചേർന്നത്. ആഢ്യൻമാർ അവരെ ഉപദ്രവിച്ചു. വീടുകളെല്ലാം കരിച്ചു. പലരെയും ചതുപ്പിൽ താഴ്ത്തി. മരിക്കുന്നതുവരെ ഇതുപറഞ്ഞ് അമ്മ കരയുമായിരുന്നു'–-യശോദ പറയുന്നു. ജാഥ ഇന്ന്‌ രാവിലെ 10ന്‌  ആറ്റിങ്ങൽ മാമം,  11ന്‌ വാമനപുരം വെഞ്ഞാറമൂട്‌   , പകൽ 3ന്‌   നെടുമങ്ങാട്  കല്ലിങ്കൽ ഗ്രൗണ്ട്, വൈകിട്ട്‌ 4ന്‌  അരുവിക്കര ആര്യനാട്‌  ,വൈകിട്ട്‌ 5ന്‌ കാട്ടാക്കട പേയാട് Read on deshabhimani.com

Related News