വേരറ്റുപോകില്ല ചോലനായ്‌ക്കർ



ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്‌ക്കർ വംശനാശ ഭീഷണിയിൽനിന്ന്‌ കരകയറുന്നു. നിലമ്പൂർ, വയനാട്‌ കാടുകളിൽ ഈ വിഭാഗത്തിൽപ്പെട്ട 468 പേർ ജീവിക്കുന്നതായാണ്‌ പട്ടികവർഗ വകുപ്പിന്റെ  സാമൂഹിക –-സാമ്പത്തിക സർവേയിലെ കണക്ക്. മുൻകാലങ്ങളേക്കാൾ കൂടുതലാണിത്‌. സർക്കാർ ഇടപെടലിൽ ശിശുമരണനിരക്ക്‌ കുറഞ്ഞതും ജീവിതനിലവാരം മെച്ചപ്പെട്ടതുമാണ്‌ തുണയായത്‌. നിലമ്പൂർ കാടുകളിൽ 96 കുടുംബങ്ങളിലായി 414 ചോലനായ്‌ക്കരാണുള്ളത്‌. മാഞ്ചീരി, കരിമ്പുഴ, പൂഞ്ചപ്പാറ, മീൻമുട്ടി, നാഗമല, പാണിപ്പുഴ, കൂട്ടമല, കുപ്പമല, മണ്ണള, താളിപ്പുഴ, അളക്കൽ, അച്ചനള കാടുകളിലാണിത്‌. വയനാട്ടിൽ 13 കുടുംബങ്ങളിലായി 54 പേർ–-പരപ്പൻപ്പാറ, കടച്ചിക്കുന്ന്, കാടാശ്ശേരി, വാണിയമ്പുഴ വനപ്രദേശങ്ങളിലാണ്‌ വാസം. പതിനഞ്ചുവർഷം മുമ്പുവരെ കടുത്ത വംശനാശ ഭീഷണി നേരിട്ട  പ്രാക്തന ഗോത്രവർഗമായിരുന്നു ചോലനായ്‌ക്കർ. കൊടുംവനത്തിലെ ഈ ജനസമൂഹത്തെപ്പറ്റി ലോകമറിയുന്നത്‌ 1971ലാണ്. കേന്ദ്ര പട്ടികവർഗ മന്ത്രാലയം 1971ൽ പി കെ  മൊഹന്തിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ പഠനത്തിൽ 306 ചോലനായ്‌ക്കരുള്ളതായി രേഖപ്പെടുത്തി. 1981ൽ ഇത് 234 ആയിരുന്നു. 2003ൽ ‌157 ആയി കുറഞ്ഞു. നേരത്തെ, പോഷകാഹാരക്കുറവും മതിയായ ചികിത്സയും ലഭിക്കാതെ കുഞ്ഞുങ്ങളുടേതുൾപ്പെടെ നിരവധി മരണങ്ങളുണ്ടായി. ഇപ്പോഴത്‌‌ ഗണ്യമായി കുറഞ്ഞു. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളും  സർക്കാർ നൽകുന്നു‌. എല്ലാ ബുധനാഴ്‌ചകളിലും ട്രൈബൽ ഡെവലപ്മെന്റ് വകുപ്പിന്റെ  വാഹനത്തിലാണ്‌ അരി, ഗോതമ്പ്, ചെറുപയർ തുടങ്ങിയവ കാട്ടിലെത്തിക്കുന്നത്‌. Read on deshabhimani.com

Related News