അടുക്കളയിൽ പിറന്നു, പത്രവും ചരിത്രവും

1979 ആഗസ്ത് 19 ന്‌ ദേശാഭിമാനി വെബ് ഓഫ്സെറ്റ് പ്രസിന്റെ ഉദ്‌ഘാടനം 
ഇ കെ നായനാർ നിർവഹിക്കുന്നു


കോഴിക്കോട്‌ അനീതിയുടെ ഇരുണ്ടകാലത്തോട്‌ ശബ്ദിക്കാൻ പത്രം അനിവാര്യമായ സമയമായിരുന്നു അന്ന്‌. എന്നാൽ ചുറ്റും തടസ്സങ്ങൾ. നാമമാത്രമായ ഫണ്ട്‌. ‘പ്രഭാത’ത്തിൽ ഉപയോഗിച്ചിരുന്ന ഹാൻഡ്‌ പ്രസ്‌, ഏതാനും ടൈപ്പ്‌, കെയ്‌സുകൾ ഇതൊക്കെയായിരുന്നു കൈമുതൽ. എങ്കിലും മുന്നോട്ടുപോകാനുറച്ച്‌ കല്ലായിയിലെ പാർടി ഓഫീസിന്റെ പിറകിലെ അടുക്കള അച്ചടിശാലയാക്കി പ്രവർത്തനം തുടങ്ങി. ഇല്ലായ്‌മകൾക്ക്‌ നടുവിലും ജനങ്ങൾക്കൊപ്പം നിലകൊള്ളാനുള്ള വിപ്ലവകരമായ തീരുമാനമായിരുന്നു അത്‌. 1942ൽ ദേശാഭിമാനി വാരികയായി കോഴിക്കോട്ടുനിന്ന്‌ പ്രസിദ്ധീകരണമാരംഭിക്കുമ്പോൾ കൈകൊണ്ട്‌ തിരിക്കുന്ന സിലിണ്ടർ മെഷീനിലായിരുന്നു അച്ചടി.  ആദ്യലക്കം വായിക്കാനും നാട്ടിലേക്ക്‌ കൊണ്ടുപോകാനും എത്തിയ നൂറോളം പാർടി പ്രവർത്തകർ യന്ത്രം തിരിക്കാൻ ഉത്സാഹിച്ചു. വൈദ്യുതി  നിഷേധിച്ചതൊന്നും അച്ചടിയെ ബാധിച്ചില്ല. പിന്നീട്‌ ഓട്ടോമാറ്റിക്‌ ഡബിൾ ഫീഡർ സംവിധാനം വന്നു. 1959 ലാണ്‌ റോട്ടറിയിൽ അച്ചടിക്കാൻ തുടങ്ങിയത്‌.  1979 ആഗസ്‌ത്‌ 19ന്റെ പുലരിയിൽ ദേശാഭിമാനി മലയാള പത്രപ്രവർത്തന രംഗത്ത്‌ സ്വന്തമാക്കിയത്‌ സാങ്കേതിക വിദ്യയിൽ ആർക്കും തിരുത്താനാവാത്ത റെക്കോഡ്‌. വേഗത്തിലും കൃത്യതയിലും കൂടുതൽ പേജുകൾ അച്ചടിക്കാവുന്ന വെബ്‌ ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ സംവിധാനം കേരളത്തിൽ ആദ്യമായി ആരംഭിച്ചത്‌ ദേശാഭിമാനിയായിരുന്നു. വെബ്‌ ഓഫ്‌ സെറ്റ്‌ പ്രിന്റിങ്‌ പ്രസ്‌ അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാരാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. മലയാള മനോരമയുടെ  ജനറൽ മാനേജർ മാമൻ വർഗീസ്‌ ചടങ്ങിൽ പങ്കെടുത്ത്‌ പറഞ്ഞതിങ്ങനെ –-‘പാശ്‌ചാത്യനാടുകളിൽ 90 ശതമാനവും ഈ സംവിധാനത്തിലാണ്‌ അച്ചടിക്കുന്നത്‌. ഇന്ത്യയിൽ വിരലിലെണ്ണാവുന്ന പത്രങ്ങൾക്ക്‌ മാത്രമാണ്‌ ഇതുള്ളത്‌. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന പത്രമാണ്‌ ദേശാഭിമാനി’. മെഷീൻ വന്ന അനുഭവങ്ങൾ ദേശാഭിമാനി പ്രിന്റിങ്‌ വിഭാഗത്തിൽനിന്ന്‌ വിരമിച്ച കെ പി ബാലകൃഷ്‌ണൻ ഓർത്തെടുക്കുന്നു. ‘ ഹരിയാനയിൽനിന്നാണ്‌ കൊണ്ടുവന്നത്‌. യന്ത്രം പ്രവർത്തിപ്പിക്കാനും ജീവനക്കാരെ പരിശീലിപ്പിക്കാനും തമിഴ്‌നാട്ടിൽനിന്ന്‌ ചന്ദ്രൻ എന്നയാളെ കൊണ്ടുവന്നു. കളർ ഉൾപ്പെടെ 12 പേജുകൾ. ഒരു മണിക്കൂറിൽ 12,000 കോപ്പി അടിക്കാം. അധ്വാനം പാതിയോളം കുറച്ച വെബ്‌ ഓഫ്‌സെറ്റ്‌ അന്നത്തെ കാലത്ത്‌ അത്ഭുതമായിരുന്നു’. Read on deshabhimani.com

Related News