ഉത്രയ്ക്ക് നീതി, ഇനി വിസ്‌മയ



വിസ്‌മയ കേസി കൊല്ലം അഞ്ചൽ ഏറത്തെ ഉത്രയുടെയും നിലമേൽ കൈതോട്ടെ വിസ്‌മയയുടെയും വീടുകള്‍ തമ്മിൽ 22 കിലോമീറ്ററാണ്‌ ദൂരം. ഇരുവരുടെയും ജീവിതം അകാലത്തിൽ അവസാനിച്ചതിനും കാരണം ഒന്ന്‌; പൊന്നിനോടും പണത്തിനോടുമുള്ള ഭർത്താക്കന്മാരുടെ അടങ്ങാത്ത ആർത്തി. ഉത്ര രണ്ടുവർഷമാണ്‌ ഭർത്താവിനൊപ്പം കഴിഞ്ഞതെങ്കിൽ വിസ്‌മയയുടെ ജീവൻ ഒരുവർഷത്തിനിപ്പുറം ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിയാടി. മൂർഖനെക്കാൾ വിഷമുള്ള ഭർത്താവിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ഉത്രയ്ക്ക് നീതി കിട്ടി. കേരളം ഇനി കാതോർക്കുന്നത്‌ വിസ്‌മയ കേസിലെ വിധിക്കായി.  ഉത്രയ്‌ക്ക്‌ സംഭവിച്ചത്‌ സൂരജിന്‌ രേഖാമൂലം 90 പവനും അല്ലാതെ 10 പവനും അഞ്ചുലക്ഷവുമാണ്‌  സ്ത്രീധനമായി നൽകിയത്‌. പിന്നീട്‌ കാർ വാങ്ങാൻ മൂന്നേകാൽ ലക്ഷവും നൽകി. പുറമെ ആവശ്യപ്പെട്ടപ്പോഴെല്ലാം പണം നൽകി. ഉത്ര മരിച്ച്‌ ഒരാഴ്‌ച തികയും മുമ്പ്‌ സൂരജ്‌ സ്വത്ത്‌ ആവശ്യപ്പെട്ട്‌ പരാതി നൽകിയതോടെയാണ്‌ മരണത്തിൽ അച്ഛനമ്മമാർക്ക്‌ സംശയം തോന്നിയത്‌. ബാങ്ക്‌ ലോക്കറിൽനിന്ന്‌ സൂരജ്‌ സ്വർണം എടുത്തതായി പൊലീസ്‌ പരിശോധനയിലും തെളിഞ്ഞു.   സ്വപ്‌നം ബാക്കി; വിസ്‌മയ പോയി ബിഎഎംഎസ്‌ വിദ്യാർഥി വിസ്‌മയയെ ഭർത്താവും അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിന്റെ വീട്ടിൽ ജൂൺ 21നാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. 100 പവൻ സ്വർണം, ഒരേക്കർ വസ്‌തു, 12 ലക്ഷം രൂപയുടെ ടയോട്ട യാരിസ്‌ കാർ എന്നിവയാണ്‌ വിസ്‌മയയ്ക്ക് സ്ത്രീധനമായി നൽകിയത്‌. ആറുമാസം തികയും മുമ്പ്‌ കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും വിസ്‌മയയുടെ അച്ഛനമ്മമാരോട്‌ കിരൺ ആവശ്യപ്പെട്ടു. സ്ത്രീധനം കുറവാണെന്നു പറഞ്ഞ്‌ നിരന്തരം ആക്ഷേപിച്ചു. വിസ്‌മയകേസിൽ കുറ്റപത്രം ശാസ്‌താംകോട്ട ഫസ്റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. 102 സാക്ഷിയും 98 രേഖയും 56 തൊണ്ടിമുതലുമുള്ളതാണ് കുറ്റപത്രം.  സ്ത്രീധനപീഡന മരണം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ കൂടാതെ സ്ത്രീധന നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പും ചുമത്തിയിട്ടുണ്ട്‌. ഉത്ര കേസിലെ ജി മോഹൻരാജ്‌ തന്നെയാണ്‌ വിസ്‌മയകേസിലും സ്‌പെഷൽ പ്രോസിക്യൂട്ടർ. Read on deshabhimani.com

Related News