തീണ്ടൽപ്പലക 
താണ്ടിയെത്തിയ ചരിത്രം



വൈക്കം തീണ്ടൽപ്പലകയും കടന്ന് ഒരു സമൂഹം ആർജിച്ചെടുത്ത സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആവേശോജ്വല  കഥയാണ്‌ വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം.  1905ലാണ്‌ വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് "തീണ്ടൽ ജാതിക്കാരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന ബോർഡ് സ്ഥാപിച്ചത്‌. വർഷങ്ങളുടെ പോരാട്ടങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ 1925ലാണ്‌ അവ നീക്കുന്നത്‌. 1865ൽ പൊതുവഴിയിലൂടെ എല്ലാ സമുദായത്തിൽപ്പെട്ടവർക്കും നടക്കാമെന്ന്‌ ആയില്യം തിരുനാൾ ഉത്തരവ് ഇറക്കിയെങ്കിലും സവർണരുടെ എതിർപ്പുമൂലം ഇത് നടപ്പാക്കാനായില്ല. 1905ൽ കോട്ടയം ഡിവിഷൻ പേഷ്‌കാറായിരുന്ന കെ പി ശങ്കരമേനോന്റെ നേതൃത്വത്തിലെത്തിയ സംഘം ക്ഷേത്രത്തിന്റെ നാല് നടയിലുമുള്ള റോഡുകളിൽ ഒരു ഫർലോങ് അകലെ തീണ്ടൽപ്പലകകൾ സ്ഥാപിച്ചു. നാളിതുവരെ നേരിട്ട ജാതിവിവേചനം തീണ്ടൽപ്പലകയിലൂടെ പ്രത്യക്ഷമായതോടെ മുഴുവൻ ജനവിഭാഗങ്ങളുടെയുള്ളിലും വിമോചനം എന്ന സ്വപ്നത്തിന് ഇത് വിത്തുപാകി. പിന്നീട് എല്ലാവരും ഒന്നിച്ചുനിന്ന് പോരാടിയ ചെറുതും വലുതുമായ പോരാട്ടങ്ങളിലൂടെ വൈക്കം സത്യഗ്രഹത്തിലേക്ക് വഴിതെളിച്ചു. സത്യഗ്രഹത്തിന് തുടക്കംകുറിച്ച്‌ 1924 മാർച്ച്‌ 30ന് പുലയ സമുദായത്തിൽപ്പെട്ട കുഞ്ഞാപ്പിയും ഈഴവ സമുദായത്തിൽപ്പെട്ട ബാഹുലേയനും നായർ സമുദായത്തിൽപ്പെട്ട ഗോവിന്ദപണിക്കരും ചേർന്ന് തീണ്ടൽപ്പലകയും കടന്ന് ചരിത്രത്തിലേക്ക് നടന്നുനീങ്ങി. തുടർന്ന് നടന്ന ത്യാഗോജ്വല പോരാട്ടങ്ങൾക്കൊടുവിൽ നവംബർ 23ന്‌ തീണ്ടൽപ്പലകകൾ  നീക്കി. Read on deshabhimani.com

Related News