സ്വപ്‌നങ്ങൾ ബാക്കി; 
ഖാലിദ്‌ അരങ്ങൊഴിഞ്ഞു



കൊച്ചി "കഥ, സംവിധാനം–-വി പി ഖാലിദ്‌', അരങ്ങൊഴിയുമ്പോൾ ഖാലിദ്‌ ബാക്കിയാക്കുന്നത്‌ സാക്ഷാൽക്കരിക്കാനാകാത്ത ഈ സ്വപ്നംമാത്രം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാടിയും ജാലവിദ്യ കാട്ടിയും കൈയടി നേടി. എന്നാൽ, സിനിമ സംവിധാനം ചെയ്യണമെന്നും സ്വന്തം തിരക്കഥ സിനിമയാക്കണമെന്നുമുള്ള ആഗ്രഹംമാത്രം 74–-ാംവയസ്സിൽ ഖാലിദിനൊപ്പം അസ്തമിച്ചു. നാലുവർഷംമുമ്പ്‌ ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖത്തിൽ സംവിധാനം എന്ന ആഗ്രഹം ഖാലിദ്‌ പ്രകടിപ്പിച്ചിരുന്നു. "ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തതാണ് പിന്നോട്ടുവലിച്ചത്‌. എന്റെ തിരക്കഥ സിനിമയാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്‌. വൈകാതെ അത്‌ സംഭവിക്കും'–- ഖാലിദ്‌ കൂട്ടിച്ചേർത്തു. ആ സ്വപ്‌നത്തിന്‌ ചിറകുമുളയ്ക്കാൻ കാത്തുനിൽക്കാതെയാണ്‌ ഖാലിദിന്റെ മരണം. "മാജിക്' പോലെ ജീവിതം പാട്ട്, നൃത്തം, അഭിന‌യം, മാജിക്, മേക്കപ്പ്, നാടകരചന, സംവിധാനം... കലയിൽ ഖാലിദിന്‌ അറിയാത്ത മേഖലകളില്ല. സ്കൂൾ നാടകവേദികളിൽ നടനാ‌യും സംവിധാ‌യകനായും രചയിതാവായും തുടക്കം. അടുത്തഘട്ടം ഉത്സവപ്പറമ്പുകളിലെ നാടകവേദികളിലേക്ക്. കൊച്ചിൻ സനാതന‌യുടെ ‘എഴുന്നള്ളത്ത്’, ആലപ്പി തിയറ്റേഴ്സിന്റെ ‘ഡ്രാക്കുള’, ‘അഞ്ചാംതി‌രുമുറിവ്’ എന്നിങ്ങനെ സൂപ്പർഹിറ്റ് നാടകങ്ങളിൽ വേഷമിട്ടു. ജന്മനാടായ ഫോർട്ട് കൊച്ചി‌‌യിലെ ആംഗ്ലോ ഇന്ത്യൻ സ്വാധീനമാണ് പാശ്ചാത്യനൃത്തത്തിലേക്ക് ചുവടുവയ്‌പിച്ചത്‌. ആംഗ്ലോ ഇന്ത്യൻ  നർത്തകരിൽനിന്ന്‌ റോക്ക് ആൻഡ് റോൾ, ട്വിസ്റ്റ് നൃത്തശൈലികൾ അഭ്യസിച്ചു. വാഴക്കുന്നം നമ്പൂതിരിപ്പാടിൽനിന്ന്‌ മാജിക്കും പഠിച്ചു. സൈക്കിൾയജ്ഞ ക്യാമ്പിൽ കൈസഹാ‌യത്തിന്‌ പോയതാണ് ഡാൻസറാ‌യുള്ള ‘അരങ്ങേറ്റ’ത്തിന്‌ വഴിയൊരുക്കിയത്. റിക്കാർഡ് ഡാൻസറാ‌യുള്ള പ്രകടനം ഖാലിദിന് നിരവധി അവസരങ്ങൾ നേടിക്കൊടുത്തു. ‘പെരി‌യാറി’ലൂടെ "പുഴു'വിലേക്ക്‌ 1973ൽ പുറത്തിറങ്ങി‌യ പി ജെ ആന്റണി സംവിധാനം ചെയ്ത ‘പെരി‌യാറി’ലൂടെ വെള്ളിത്തിര‌യിലെത്തി. തോപ്പിൽ ഭാസി‌യുടെ ‘ഏണിപ്പടികൾ’, കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ എന്നിങ്ങനെ ഒരുപിടി സിനിമകൾ. "മറിമായം' സീരിയലിൽ അഭിനയിച്ചശേഷം നിരവധി പുതിയ ചിത്രങ്ങളും തേടിയെത്തി. സൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മമ്മൂട്ടിയുടെ "പുഴു'വാണ്‌ അവസാനം പുറത്തിറങ്ങിയത്‌. ചെറുപ്പക്കാരനായ 
കാരണവർ ‘സുമേഷ്‌’ ‘മറിമായ’ത്തിന്റെ ഷൂട്ടിന്‌ മേക്കപ്പ് ആർട്ടിസ്റ്റാ‌യാണ് എത്തുന്നത്‌. ഖാലിദിന്റെ പ്രായവും വ്യത്യസ്തമാ‌യ രൂപവും  ചിരിക്കുന്ന മുഖവും കണ്ട സംവിധായകൻ, പേരിലും വസ്‌ത്രധാരണത്തിലും ചെറുപ്പം സൂക്ഷിക്കുന്ന കാരണവരായ ‘സുമേഷ്’ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. ഏതാനും എപ്പിസോഡുകൾകൊണ്ട്‌ ‘സുമേഷ്’ പ്രേക്ഷകപ്രീതി നേടി. മലയാളികൾക്ക്‌ ഒരുപിടി ചിരിമുഹൂർത്തങ്ങൾ സമ്മാനിച്ചാണ്‌ ഖാലിദ്‌ യാത്രയാകുന്നത്‌. Read on deshabhimani.com

Related News