വിളിക്കണം സഖാവ് എന്നുതന്നെ



തൊണ്ണൂറാം വയസിലും ക്യാമറയ്ക്കുമുന്നിൽ കഥാപാത്രമായപ്പോഴും ഉണ്ണികൃഷ്ണൻ നമ്പൂതിരി ആഗ്രഹിച്ചത് കമ്യൂണിസ്റ്റായി അറിയപ്പെടാൻ. അത്  ഷൂട്ടിങ്ങിനിടെ പലപ്പോഴും സംവിധായകന് അലോസരമുണ്ടാക്കി.2012 ഒക്ടോബർ 11. പുല്ലേരി ഇല്ലത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റം പ്രതിപാദിക്കുന്ന "യുഗപ്പിറവി' ഡോക്യുഫിക്ഷൻ ചിത്രീകരണം. പ്രമോദ് പയ്യന്നൂരാണ് സംവിധായകൻ. ഷൂട്ടിങ് ഇല്ലത്തെ കുളക്കരയിൽ.ഒളിവിൽ കഴിയുന്ന പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസും കടന്നുപോകുമ്പോൾ ഓരോരുത്തരെയും പേരെടുത്ത് വിളിക്കുന്ന രംഗം. ക്യാമറ ചലിച്ചു. കൃഷ്ണപിള്ളയായി അഭിനയിക്കുന്ന പഴയങ്ങാടിയിലെ നെജിം,കുളപ്പടവിലൂടെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുന്നിലൂടെ പോകുമ്പോൾ "സഖാവ് കൃഷ്ണപിള്ള' എന്ന് ഉറക്കെ പറഞ്ഞു. തൊട്ടുപിന്നാലെ, എ കെ ജിയായി അഭിനയിക്കുന്ന എ സുരേഷ്ബാബു. മൂന്നാമത്  ഇ എം എസായി വേഷമിട്ട ഒ മോഹനനും. മൂവരുടെയും പേര് പറഞ്ഞുനിർത്തുന്നതിനുപകരം സുന്ദരയ്യ എന്നുകൂടി കൂട്ടിച്ചേർത്തു. യൂണിറ്റിലുള്ളവർ കുഴങ്ങി.വീണ്ടും ഷൂട്ടുചെയ്യണമെന്ന് സംവിധായകൻ. "മുത്തച്ഛാ, സുന്ദരയ്യ സിനിമയിലില്ല. ആ പേര് പറയണ്ട'. ഇ എം എസ്, എ കെ ജി, സുന്ദരയ്യ എന്ന മൂന്ന് പേരുകളും മനസ്സിൽ പതിഞ്ഞതാണെന്നും താനൊരു കമ്യൂണിസ്റ്റായതിനാൽ ഇ എം എസിനെയും എ കെ ജിയെയും ഓർക്കുമ്പോൾ സുന്ദരയ്യയും മനസ്സിൽ വരുമെന്നുമായിരുന്നു  മറുപടി. രംഗം പൂർത്തിയായശേഷം, കൂടെ അഭിനയിച്ച നടി കണ്ണൂർ ശ്രീലതയ്ക്കും മയൂഖയ്ക്കും യൂണിറ്റംഗങ്ങൾക്കും സുന്ദരയ്യയെക്കുറിച്ച് ക്ലാസുമെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയം. പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി കൃഷ്ണന് വെള്ളൂർ  ജവഹർ വായനശാലയിൽ സ്വീകരണം. യോഗം ഉദ്ഘാടനം ചെയ്ത ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രസംഗം തുടങ്ങിയത് സംഘാടകരോട് ദേഷ്യപ്പെട്ട്. നോട്ടീസിൽ പേരിനൊപ്പം സിനിമാനടൻ എന്നുവച്ചതിലായിരുന്നു പരിഭവം. പ്രസംഗിക്കാൻ ക്ഷണിച്ചതും സിനിമാനടൻ എന്നുപറഞ്ഞാണ്. ദേഷ്യം ഇരട്ടിച്ചു. തന്നെ സിനിമാനടൻ എന്നല്ല, സഖാവ് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന് വിളിക്കണമെന്ന് പറഞ്ഞപ്പോഴാണ് സംഘാടകർക്ക് ആശ്വാസമായത്. ഇനി അബദ്ധം പറ്റില്ലെന്നും സഖാവ് എന്നുതന്നെ വിളിക്കുമെന്നും ഉറപ്പുകൊടുത്തപ്പോൾ അടങ്ങി. Read on deshabhimani.com

Related News