എ കെ ജിയുടെ ഉണ്ണി



  ജയരാജ് ദേശാടനം എടുക്കാൻ ആലോചിച്ചപ്പോൾ   മുത്തച്ഛനെ ആര് അവതരിപ്പിക്കും എന്ന ചർച്ച. കൈതപ്രത്തിന്റെ മനസ്സിൽ ആദ്യമെത്തിയത് ഭാര്യാപിതാവ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. മാടമ്പും സമ്മതിച്ചു. ജയരാജ് കഥ കേൾപ്പിച്ചു. പാച്ചുവിന്റെ മുത്തച്ഛനാവണം. കുട്ടിക്കാലത്ത് നിലത്തിരുന്ന് തമിഴ് സിനിമ കണ്ട അനുഭവം മാത്രം. സ്കൂളിൽ പ്രച്ഛന്ന വേഷം കെട്ടിയിരുന്നു.ആ മുന്നറിവ് അഭിനയത്തിന് പോരുന്നതായിരുന്നില്ല. നിഷ്ക്കളങ്ക ബാല്യത്തിൽ വ്യാപരിച്ച പാച്ചു എന്ന കൊച്ചുമകനെ സന്യാസത്തിന് വിടേണ്ടിവന്നതിൽ വീർപ്പുമുട്ടുന്ന മുത്തച്ഛനെയാണ് അവതരിപ്പിക്കേണ്ടത്‌.  അനായാസം അഭിനയിച്ചപ്പോൾ ഏവരും അമ്പരന്നു. ദേശാടനം കണ്ട് തൃപ്തനായ കമൽഹാസൻ ഫോൺചെയ്തു. തന്റെയും മുത്തച്ഛനാകണം എന്നാണാവശ്യം. കമലിന്റെ "പമ്മൽകെസംബന്ധ'ത്തിൽ ഒന്നോ രണ്ടോ ഷോട്ടിൽ.പിന്നീട് അദ്ദേഹം  മുത്തച്ഛനെന്നേ വിളിച്ചുള്ളൂ.രജനീകാന്തിന്റെ കൂടെ "ചന്ദ്രമുഖി'യിലും.  ജ്യേഷ്ഠൻ കേശവൻ നമ്പൂതിരി മദിരാശിയിൽ ചെന്ന് വക്കീലായ നേതാവാണ്. ഇല്ലത്ത് കമ്യൂണിസത്തിന്റെ വിത്ത് പാകിയത്‌  അദ്ദേഹം.അങ്ങിനെ അത് കർഷക പ്രസ്ഥാനത്തിന്‌  അഭയമായി. അതുവഴി കൊച്ചുനാളിലേ എകെജി ഉൾപ്പെടെയുള്ള നേതാക്കളുമായി ഉണ്ണികൃഷ്ണൻ പരിചയത്തിലും. എകെജിയെ ആദ്യം കണ്ടത് പയ്യന്നൂർ ബോംബെ ഹോട്ടലിന്റെ മുകളിൽ. പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ടാണ് വരവ്. ഉണ്ണി ആറാം ക്ലാസിൽ. പൊപ്ലിൻ ഷർട്ടിട്ടതുകണ്ട് എകെജി പറഞ്ഞു, ബ്രിട്ടീഷുകാരുടെ  കുപ്പായം മാറ്റണം. നാളെ ഖദറുടുക്കണം. അന്നുച്ചയ്ക്ക് സ്കൂളിൽ പോയില്ല. മാധവൻമേസ്ത്രിയുടെ പീടികയിൽഖദർ ജുബ്ബക്ക് അളവ് കൊടുത്തു. കാത്തിരുന്ന് കുപ്പായവുമായാണ് മടങ്ങിയത്. പിന്നീട് എ കെ ജിയെ കണ്ടത് കരിവെള്ളൂരിൽ കർഷകസംഘം യോഗത്തിൽ. മൈക്കില്ല. സ്റ്റേജിന്റെ നാലുഭാഗത്തും വലിയ ഹോൺ. നടന്നാണ് പ്രസംഗം. ഒരുതവണ കോറോം പരവന്തട്ടയിൽ കർഷകസമ്മേളനത്തിന്‌  എകെജി വന്നു. താമസം ഇല്ലത്ത്. ഒറ്റദിവസം കൊണ്ട് ഇല്ലത്തുള്ളവരെ സ്വാധീനിച്ചു.അവസാനമെത്തിയത്‌ 1976 ജനുവരി 16ന്‌.  അടിയന്തിരാവസ്ഥയിലെ രഹസ്യ യോഗങ്ങളിൽ സംബന്ധിക്കാൻ കാസർകോടുനിന്ന് കാറിൽ. കൂടെ സുശീല, സി കൃഷ്ണൻ നായർ, കേശവൻ നമ്പൂതിരിയുടെ മകൻ രവി. അമ്മയെ കാണാനാണ് വന്നതെന്ന് അദ്ദേഹം ഉണ്ണിയോട് പറഞ്ഞു. വളരെ ക്ഷീണിതൻ. ത്രിപുര കോൺഗ്രസിൽ പങ്കെടുക്കാൻ എകെജിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. ഇല്ലത്തേക്ക് കത്തെഴുതി. കേശവൻ നെല്ല് വിറ്റ് അമ്പതുരൂപ അയച്ചു. Read on deshabhimani.com

Related News