ചുഴലിക്കാറ്റ്‌ തകർത്ത ജീവിതങ്ങൾ



കൊൽക്കത്ത ലോക്‌ഡൗണിനെത്തുടർന്ന്‌ ജോലി നഷ്ടമായ ജമാൽ മൊണ്ടാൽ ബംഗളൂരുവിൽനിന്ന്‌ ദക്ഷിണ 24 പർഗാനാസിലെ സ്വദേശമായ ഗൊസബയിൽ എത്തിയത് തിങ്കളാഴ്‌ചയാണ്‌. ജോലി  നഷ്ടമായെങ്കിലും കുടുംബത്തിനൊപ്പം ഒത്തുചേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മൊണ്ടാൽ. എന്നാൽ, ആ സന്തോഷത്തിന്‌ അധികം ആയുസ്സുണ്ടായില്ല. വ്യാഴാഴ്‌ച രാവിലെ തന്റെ നാലു മക്കൾക്കും ഭാര്യക്കുമൊപ്പം ഒരു ടാർപോളിൻ ഷീറ്റിനു കീഴിൽ രണ്ടു പായ്‌ക്കറ്റ്‌ ബ്രഡുമായി ദുരിതാശ്വാസ ക്യമ്പിൽ കഴിച്ചുകൂട്ടുകയാണ്‌. ചുഴലിക്കാറ്റിൽ തന്റെ ഏക സമ്പാദ്യമായ മൺവീട്‌ ഒലിച്ചുപോയി.ഇതാണ് ലോക്‌ഡൗണിനെത്തുടർന്ന് ജോലി നഷ്ടമായി‌ മറ്റുസംസ്ഥാനങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ ദക്ഷിണ 24 പർഗാനാസിലെ ആയിരങ്ങളുടെ അവസ്ഥ.  അലിയ ചുഴലിക്കാറ്റ്‌ 2009ൽ വലിയ നാശനഷ്ടം വിതച്ചപ്പോഴാണ്‌ ജമീർ അലി ബംഗളൂരുവിലേക്ക്‌ ജോലിതേടി പോയത്‌. 10 വർഷമായി ഉണ്ടായിരുന്ന ജോലി ലോക്‌ഡൗണിനെത്തുടർന്ന്‌ ഇല്ലാതായി. തുടർന്ന്‌ കാൽനടയായും ട്രക്കിലുമൊക്കെയായി 15 ദിവസം സഞ്ചരിച്ച്‌ വീട്ടിലെത്തിയത്‌ ചൊവ്വാഴ്‌ചയാണ്‌. എല്ലാം ശരിയായെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഏറ്റവും മോശം അവസ്ഥയാണ്‌  സംഭവിച്ചുകൊണ്ടിരിക്കുന്നത്‌–- ജമീർ പറഞ്ഞു. ബുധനാഴ്‌ച വീശിയടിച്ച ഉംപുനിൽ വീട്‌ തകർന്നു. മീൻ പിടിക്കാൻ പോകുന്ന തോണി സുരക്ഷിതമായി വയ്‌ക്കാൻ‌ ‌ പോയ സഹോദൻ മടങ്ങിയെത്തിയില്ല. തോണി നിർത്തുന്ന പ്രദേശം മുഴുവൻ ഒലിച്ചുപോയി. സുന്ദർബനിൽ  കനത്ത നാശം വിതച്ച്‌  ഓരോ ജീവിതവും തകർത്താണ്‌ ഉംപുൻ കടന്നുപോയത്‌. ഇനി ആദ്യംമുതൽ എല്ലാം തുടങ്ങണം. എന്നാൽ, ഒരു ചില്ലിക്കാശുപോലുമില്ല. ഭക്ഷണത്തിനായി വരിനിൽക്കവെ ജോയ്‌ദേബ്‌ മൊണ്ടാൽ പറഞ്ഞു. Read on deshabhimani.com

Related News