‘സ്‌നേഹസീമ’യിൽ ഇനി ശരണ്യയില്ല



തിരുവനന്തപുരം ചമയങ്ങൾ അഴിച്ചുവച്ച്‌ ശരണ്യ ‘സ്‌നേഹസീമ’യുടെ പടിയിറങ്ങി. തലച്ചോറിനെ ബാധിച്ച ട്യൂമറിനോട്‌ പൊരുതി അതിജീവനത്തിന്റെ പ്രതീകമായ സിനിമ–-സീരിയൽ നടി ശരണ്യ ശശി (35) അന്തരിച്ചു. 11 തവണ ശസ്‌ത്രക്രിയക്ക്‌ വിധേയയായ ശരണ്യ തുടർചികിത്സയ്ക്ക്‌ തയ്യാറെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു. ന്യൂമോണിയയും  രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കി. തിങ്കളാഴ്ച പകൽ പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച പകൽ 12.30-ന് തൈക്കാട് ശാന്തികവാടത്തിൽ. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ‘ചാക്കോ രണ്ടാമനി'ലൂടെയാണ് അഭിനയരംഗത്തെത്തിയത്. ബാലചന്ദ്ര മേനോന്റെ ‘സൂര്യോദയം’ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഹരിചന്ദനം, കറുത്തമുത്ത്, കൂട്ടുകാരി, അവകാശികൾ, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, രഹസ്യം തുടങ്ങിയ സീരിയലുകളിലും തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.  തുടർച്ചയായ ചികിത്സ സാമ്പത്തികപ്രതിസന്ധിക്കും വഴിവച്ചു.  നടി സീമ ജി നായരുടെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്‌മയാണ്‌ ശരണ്യക്ക്‌ ചെമ്പഴന്തി അണിയൂരിൽ ‘സ്‌നേഹസീമ' എന്ന വീട്‌ നിർമിച്ചുനൽകിയത്. അമ്മ: ഗീത. സഹോദരങ്ങൾ: ശരൺ, ശോണിമ.   Read on deshabhimani.com

Related News