‘മരഭൂമി’യിലെ പച്ച മനുഷ്യൻ

ജാദവ് പയെങ്‌


അസമിലെ ഗുവാഹത്തിയിൽനിന്ന്‌ 350 കിലോമീറ്ററകലെ, ബ്രഹ്മപുത്ര തീരത്ത്‌ ദൂരെനിന്ന്‌ നോക്കിയാൽമാത്രം ‘കാണാവുന്നൊരു’കാട്‌. അടുത്തെത്തിയാൽ പലപല മരങ്ങളാണ്‌. അവയ്‌ക്ക്‌ നടുവിൽ ‘ജാദവ് പയെങ്‌’ എന്നൊരു വന്മരമുണ്ട്‌. 1360 ഏക്കർ കാട്‌ സ്വന്തം ‘പേരിലാക്കിയ ഒരു ‘പച്ച’മനുഷ്യൻ, ജാദവ് പയെങ്‌.   ബ്രഹ്മപുത്രയുടെ തീരത്തെ ആ കാട്ടിലേക്ക്‌ ഇപ്പോൾ സന്ദർശക പ്രവാഹമാണ്‌. ആരാണെന്നല്ലേ?  ആനകളും കടുവകളും പുലികളും മുയലുകളും മാനുകളും കാണ്ടാമൃഗങ്ങളും ദേശാടനക്കിളികളും വ്യത്യസ്‌ത പക്ഷികളും ചിത്രശലഭങ്ങളുമെല്ലാമുണ്ട്‌. നിരവധി ആനക്കുട്ടികളുടെ ജന്മഗൃഹമായ ഈ കാട്ടിലേക്ക്‌ ഇതാ ഇപ്പോൾ നിരവധി പുരസ്‌കാരവും നിത്യസന്ദർശകരാകുന്നു.   ഫ്ളാഷ്‌ ബാക്ക്‌ ഇന്ത്യയിലെ വലിയ നദീദ്വീപുകളിലൊന്നാണ്‌ അസമിലെ മജൂലി. അവിടത്തെ മിഷിങ് ഗോത്രത്തിലാണ്‌ ജാദവ് പയെങ്‌ ജനിച്ചത്‌. ദരിദ്ര കുടുംബത്തിൽ ജനിച്ച ജാദവ്‌ 1979ൽ ഗോലാഘട്ട് ജില്ലയിൽ സാമൂഹ്യവനവൽക്കരണ  പദ്ധതികളിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു. പ്രദേശത്തെ 200 ഏക്കറിൽ വനവൽക്കരണത്തിനുള്ള അഞ്ചുവർഷത്തെ പദ്ധതിയായിരുന്നു അത്‌.  കുറച്ച്‌ മരങ്ങൾ നട്ടുപിടിപ്പിച്ച്‌ കൂടെയുള്ളവരെല്ലാം ജോലിതീർത്ത്‌ പോയപ്പോഴും അവിടംവിട്ടുപോകാൻ ജാദവിന്‌ മനസ്സ്‌ വന്നില്ല. നട്ട മരങ്ങളെ സംരക്ഷിച്ചും പരിപാലിച്ചും കൂടുതൽ പ്രദേശങ്ങളിലേക്ക്‌ മരങ്ങൾ നട്ടുപിടിപ്പിച്ചും അയാൾ അവിടെ കൂടി. വർഷങ്ങളുടെ അധ്വാനത്തിൽ മരങ്ങൾ കാടായി. ആരുമറിയാതെ, വനംവകുപ്പുപോലും അറിയാത്ത ആ കാടിനെക്കുറിച്ച്‌ പുറം ലോകത്തെ അറിയിച്ചത്‌ കാട്ടാനക്കൂട്ടങ്ങളാണ്‌. അപ്പോഴേക്കും കാലം 2008.   അക്കഥ ഇങ്ങനെ: പ്രദേശത്തെ ഗ്രാമത്തിൽ വൻതോതിൽ നാശനഷ്ടമുണ്ടാക്കിയ നൂറിലേറെ വരുന്ന ആനക്കൂട്ടം അപ്രത്യക്ഷമായി. കാരണം തിരക്കിയെത്തിയപ്പോഴാണ് വനപാലകർ ഈ ‘കാടു’കണ്ട്‌ ഞെട്ടിയത്‌. ആനകളെല്ലാം പുതിയ കാട്ടിൽ സ്വച്ഛന്ദ വിഹാരം. ഓരേ മരത്തെയും മക്കളെപ്പോലെ സംരക്ഷിക്കുന്ന ജാദവ് പയെങ്ങിനെയും അവർ അവിടെ കണ്ടു.  വനത്തിലെ ജീവികളെയും മരങ്ങളെയും വനംകൊള്ളക്കാരിൽനിന്നും അദ്ദേഹം സംരക്ഷിക്കുന്നത്‌ അറിഞ്ഞ വനപാലകർ അത്ഭുതപ്പെട്ടു. ഇന്നിപ്പോൾ ആ കാട്‌ ഒരു പ്രതീകമാണ്‌, മണ്ണിനെ, മരത്തെ, പരിസ്ഥിതി സ്‌നേഹത്തിന്റെ ഭൂമിയോളം വലിയൊരു അടയാളം.   ജാദവ്‌ പയെങ്ങിന്റെ മൊലായ് കാട് എന്നറിയപ്പെടുന്ന വനത്തിൽ മുള മാത്രം 300 ഏക്കറിലേറെവരും. 2015ൽ ഈ പരിസ്ഥിതി സ്‌നേഹത്തിന്‌ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ജാദവ്‌ പയെങ്ങിന്റെ ജീവിതകഥയുമായി നിരവധി ഡോക്യുമെന്ററികളും പുറത്തിറങ്ങി. 2013ൽ വില്യം ഡൊഗ്ലസ് മക്മാസ്റ്റർ എടുത്ത ‘ഫോറസ്റ്റ് മാൻ’ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി.   Read on deshabhimani.com

Related News