ദി എലിഫന്റ്‌ വിസ്‌പറേഴ്‌സ്‌ ; ഓസ്‌കർ, ആനയോളം 
പോന്നൊരു നന്മയ്‌ക്ക്‌



തൃശൂർ ആനയോളംപോന്നൊരു നന്മയുടെ കാഴ്‌ചകളിലേക്ക്‌, ക്യാമറക്കണ്ണുകൾ മിഴിതുറന്നപ്പോൾ ‘ദി എലിഫന്റ്‌ വിസ്‌പറേഴ്‌സ്‌ ’ പിറന്നു. വൈദ്യുതിവേലി അമ്മപ്പിടിയുടെ ജീവനെടുത്തപ്പോൾ അനാഥനായ കുഞ്ഞുകൊമ്പൻ, കൊമ്പന്റെ കൊലവിളിയിൽനിന്ന് പ്രാണൻ തിരിച്ചെടുത്ത ബൊമ്മൻ, ഭർത്താവിനെ കടുവ കടിച്ചുകീറിയതോടെ ഒറ്റപ്പെട്ട ബെല്ലി, ലോകത്തിന്റെ കണ്ണും കാതും മനസ്സുമെല്ലാം ഇപ്പോൾ ഇവരിലേക്കുള്ള വഴികളാകുന്നു. ആദിമ ജീവിതത്തിന്റെ ജൈവ സ്നേഹബന്ധത്തെ വെള്ളിത്തിരയിലേക്ക്‌ പകർത്തിയ ദി എലിഫന്റ്‌ വിസ്‌പറേഴ്‌സിനെ തേടിയാണ്‌ ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്‌കറെത്തിയത്‌. മൃതപ്രായനായ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനേയും ബെല്ലിയേയും കേന്ദ്രീകരിച്ചാണ്‌ ഡോക്യുമെന്ററിയുടെ സഞ്ചാരം. രഘു ആനവളർത്തുകേന്ദ്രത്തിലേക്ക്‌ മടങ്ങിയപ്പോൾ അമ്മുവെന്ന കുട്ടിയാന ഇവരിലേക്കെത്തുന്നു. ‘ഭാഷ ഒന്നല്ലന്നേയുള്ളൂ, അവർ നമ്മളിൽപ്പെടുന്നവ’രെന്ന ബെല്ലിയുടെയും ബൊമ്മന്റെയും വാക്കുകളിലുണ്ട്‌ ആനയോട്‌ അവർ പങ്കിടുന്ന സ്‌നേഹം. കാട്ടുനായ്‌ക്കർ വന്യജീവികളുമായി ഇടപഴകി ജീവിക്കുന്നതിന്റെ സന്ദേശവും ചിത്രത്തിലുണ്ട്‌. കടുവാ സങ്കേതംകൂടിയായ തമിഴ്‌നാട്‌ മുതുമല ദേശീയോദ്യാനത്തിന്‌ അകത്തുള്ള തെപ്പക്കാട്‌ ആനപുനരധിവാസ കേന്ദ്രമാണ്‌ പശ്‌ചാത്തലം. 39 മിനിറ്റുള്ള ഡോക്യുമെന്ററി തമിഴിലാണ്.   2017ൽ രക്ഷപ്പെട്ട ഒരു ആനക്കുട്ടിയാണ്‌ ഊട്ടി സ്വദേശിനിയായ സംവിധായിക കാർത്തികി ഗോൺസാൽവേസിനെ ഡോക്യുമെന്ററിയിലേക്ക്‌ എത്തിച്ചത്‌.  ശാസ്‌ത്രീയ ഉപദേശങ്ങൾ നൽകിയ ആന ഗവേഷകൻ തൃശൂർ തിരൂരിലെ ശ്രീധർ വിജയകൃഷ്‌ണൻ ഓസ്‌കറിലെ മലയാളി സാന്നിധ്യവുമായി. ഗുനീത്‌ മോംഗെ, അച്ചിൻ ജെയിൻ എന്നിവരാണ്‌ നിർമാതാക്കൾ. ചർച്ചയാവുന്ന മനുഷ്യ–- വന്യജീവി സംഘർഷങ്ങൾക്കിടയിലാണ്‌ ആനയും മനുഷ്യനുമായുള്ള ഇഴയടുപ്പത്തിന്റെ കഥ ഓസ്‌കറിന്‌ അർഹമായതെന്നതും ശ്രദ്ധേയം. Read on deshabhimani.com

Related News