വാടകവീട്ടിൽനിന്ന്‌ പത്മശ്രീയിലേക്കുയർന്ന ജീവിതം



തിരുവനന്തപുരം കരമനയിലും പുത്തൻ തെരുവിലുമായി രണ്ട്‌ വാടക വീട്ടിലായിരുന്നു താണു പത്മനാഭന്റെ കുട്ടിക്കാലവും യൗവനവും. സാധാരണ സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച്‌ അന്താരാഷ്‌ട്രതലത്തിൽ പോലും ശാസ്‌ത്രലോകത്തിന്‌ സുപരിചിതനായ പത്മനാഭൻ കേരളത്തിന്റെ അഭിമാനമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ താണു അയ്യരുടെ ഗണിതത്തിലുള്ള താൽപ്പര്യം മകനും ലഭിച്ചിരുന്നു. ഇത്‌ പിന്നീട്‌ ശാസ്ത്രത്തിലേക്ക്‌ മാറി. ബന്ധുവായ നീലകണ്ഠ ശർമയാണ് അതിന്‌ പിന്നിലെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രീഡിഗ്രി കാലത്താണ് ഭൗതികശാസ്‌ത്രത്തിൽ താൽപ്പര്യം കൂടുതലായത്.  കരമനയിൽ അദ്ദേഹത്തിന്റെ കുടുംബം വാടകയ്ക്ക്‌ താമസിച്ച വീട്‌ ഇപ്പോഴുമുണ്ട്‌. ബന്ധുക്കൾ കൂടുതലും ഉത്തരേന്ത്യൻ നഗരങ്ങളിൽ സ്ഥിരതാമസക്കാരാണ്‌. 2022ൽ കേരളത്തിലെത്തി വീട്‌ നിർമിച്ച്‌ സ്ഥിരതാമസമാക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ്‌ അദ്ദേഹത്തിന്റെ മടക്കം. ഇതിനായി സ്ഥലം വാങ്ങിയിരുന്നതായും പരിചയക്കാർ പറയുന്നു. സർക്കാർ സ്കൂൾമുതൽ കേംബ്രിഡ്‌ജ്‌വരെ തിരുവനന്തപുരത്തുമാത്രം ഒതുങ്ങിയ വിദ്യാഭ്യാസകാലമായിരുന്നു താണു പത്മനാഭന്റേത്‌. എന്നാൽ, കേംബ്രിഡ്ജ് സർവകലാശാലയിൽ വിസിറ്റിങ്‌ പ്രൊഫസറായിവരെ ഉയരാൻ ഈ സാധാരണക്കാരനായി. ന്യൂകാസിൽ സർവകലാശാല, ഇംപീരിയൽ കോളേജ് ലണ്ടൻ, ടെക്‌സാസ് സർവകലാശാല, പ്രിൻസ്ടൺ, കാൾടെക് തുടങ്ങി നിരവധി ഉന്നത ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് പ്രൊഫസറായി.   മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) നിന്ന് പിഎച്ച്ഡി നേടി ഗവേഷകനായി 1992 വരെ അവിടെ തുടർന്നു. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലും ഗവേഷണം നടത്തി. Read on deshabhimani.com

Related News