പ്രപഞ്ചം എന്ന വിസ്‌മയം



പാഡി എന്നു സുഹൃത്തുക്കൾ വിളിക്കുന്ന താണു പത്മനാഭൻ തന്റെ ആദ്യ ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിഎസ്‌സിക്കു പഠിക്കുമ്പോഴാണ്. പ്രമാണ എന്ന പ്രശസ്ത ഇന്ത്യൻ ഗവേഷണ ജേണലിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എംഎസ്‌സിക്കു പഠിക്കുമ്പോൾതന്നെ അദ്ദേഹം ഇന്ത്യൻ ഭൗതികശാസ്ത്ര സമൂഹത്തിൽ അറിയപ്പെടുന്ന ഒരാളായി. യൂറോപ്പിലോ അമേരിക്കയിലോ ഗവേഷണത്തിന് കഴിയുമായിരുന്നുവെങ്കിലും മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ചിൽ ഗവേഷണംനടത്താനാണ് തീരുമാനിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കർ ആയിരുന്നു ഗൈഡ്. ക്വാണ്ടം കോസ്മോളജി എന്ന വിഷയത്തിലായിരുന്നു പത്മനാഭന്റെ ഡോക്ടറേറ്റ്. ഗവേഷണ ബിരുദം നേടുന്നതിനുമുമ്പ് ആ സ്ഥാപനം അദ്ദേഹത്തിന് സ്ഥിരജോലി നൽകി എന്ന അപൂർവതയും എടുത്തുപറയേണ്ടതുണ്ട്. ശിഷ്യരും ശിഷ്യരുടെ ശിഷ്യരുമായി ഒരു വലിയ സംഘത്തെ തന്റെ ഗവേഷണ മേഖലയിൽ അദ്ദേഹത്തിന്‌ സൃഷ്‌ടിക്കാനായി. ഗുരുത്വാകർഷണം (ഗ്രാവിറ്റി), പ്രപഞ്ചവിജ്ഞാനീയം (കോസ്മോളജി) എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു പ്രധാനമായും ഗവേഷണം. ഏതാണ്ട് 1400 കോടി വർഷംമുമ്പ് പ്രപഞ്ചം അതീവസാന്ദ്രതയും ഉയർന്ന താപനിലയുമുള്ള അവസ്ഥയിൽ നിന്നുതുടങ്ങി എന്ന സിദ്ധാന്തം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശേഷം ഗ്യാലക്സികളും മറ്റും എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിൽ സുപ്രധാന കണ്ടെത്തലുകൾ നടത്താൻ താണു പത്മനാഭനു കഴിഞ്ഞു. രണ്ടു ദശകമായി അദ്ദേഹവും ശിഷ്യരും എമർജെന്റ് ഗ്രാവിറ്റി എന്ന മേഖലയിലാണ് പ്രവർത്തിക്കുന്നത്. അതിലെ നേട്ടങ്ങൾ ഒരു നൊബേൽ സമ്മാനം ഇന്ത്യയിലെത്തിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് മരണം. അദ്ദേഹത്തിന്റെ സിദ്ധാന്തം ശരിയാവുകയാണെങ്കിൽ ഗുരുത്വാകർഷണത്തെ സംബന്ധിച്ച ഐസക് ന്യൂട്ടന്റെയും ഐൻസ്റ്റൈന്റെയും സിദ്ധാന്തങ്ങളെപ്പോലെ ശ്രദ്ധേയമായ ചുവടുവയ്‌പായിരിക്കും അത്. ക്വാണ്ടം ഭൗതികത്തെയും ഗുരുത്വസിദ്ധാന്തങ്ങളെയും എങ്ങനെ കൂട്ടിച്ചേർക്കണമെന്നതിൽ ഇത് ഒരു വഴിത്തിരിവായി പരിഗണിക്കപ്പെടുന്നു. ഇതനുസരിച്ച് സ്‌‌പെയ്സ് അല്ല ഏറ്റവും അടിസ്ഥാന സംഗതി. അതിനേക്കാൾ സൂക്ഷ്മമായ മറ്റൊരു ലോകമുണ്ട്.   Read on deshabhimani.com

Related News