അറിയപ്പെടാത്ത അണിയറ ശിൽപ്പി



ടി വി പത്മനാഭൻ. മലയാള പത്രവായനക്കാരുടെ മനസ്സിൽ ഓടിയെത്തുന്ന പേരല്ല ഇത്. വായനക്കാർ എളുപ്പം ഓർത്തുവയ്ക്കുന്നത് ലേഖകന്റെയോ ഫോട്ടോഗ്രാഫറുടെയോ ബൈലൈൻ ആയിരിക്കും. എന്നാൽ, വാർത്തകൾ ലളിത ഭാഷയിലാക്കി, ചുരുക്കി, നല്ല രൂപകൽപ്പനയിൽ പത്രം ഇറക്കുന്ന ഒരു വിഭാഗമുണ്ട്. അങ്ങനെ ഒരു പത്രത്തിന്റെ അണിയറ ശിൽപ്പിയായി പ്രവർത്തിച്ച പ്രമുഖ പത്രാധിപരുടെ പേരാണ്‌ -ടി വി പത്മനാഭൻ. പ്രിയപ്പെട്ടവരുടെ പത്മനാഭൻ സഖാവ്. ചിലർക്ക്‌ പപ്പേട്ടൻ. നാലുപതിറ്റാണ്ടോളം ദേശാഭിമാനി പത്രാധിപ സമിതിയിലെ അമരക്കാരിൽ പ്രധാനിയായിരുന്ന അദ്ദേഹം സീനിയർ ന്യൂസ് എഡിറ്ററായി വിരമിച്ച് വിശ്രമിക്കുമ്പോഴും പത്രപ്രവർത്തകൻ തന്നെയായിരുന്നു. പ്രായത്തിന്റെയും രോഗത്തിന്റെയും അവശത വകവയ്ക്കാതെ ഇടതുരാഷ്ട്രീയ നിലപാടുകൾ ജനമനസ്സുകളിൽ എത്തിക്കാൻ ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ അവസാന നാളുകളിലും സജീവമായിരുന്നു.   എറണാകുളത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ‘കേരള പ്രകാശം’ ദിനപത്രമാണ്‌ സഖാവിന്റെ പത്രപ്രവർത്തനത്തിന്‌ കളരിയായത്‌. അവിടെ  പ്രവർത്തിച്ചിരുന്ന കെ എം റോയിയുമായുള്ള ബന്ധമാണ്‌ അവിടെയെത്തിച്ചത്‌. കെഎസ്‌പി നേതാവായിരുന്ന മത്തായി മാഞ്ഞൂരാനായിരുന്നു  ഉടമസ്ഥൻ. എ എം ആർ മസാനി നേതൃത്വം നൽകിയിരുന്ന ഫോറം ഫോർ ഫ്രീ എന്റർപ്രൈസസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്ന പത്രത്തെ സിപിഐ എം അനുകൂല പത്രമാക്കി മാറ്റാൻ സഖാവിന് കഴിഞ്ഞു.  സിപിഐ എം നേതാവ്‌ ടി കെ രാമകൃഷ്ണനാണ് 1966-ൽ സഖാവിനെ ദേശാഭിമാനിയിൽ കൊണ്ടുവരുന്നത്. ദേശാഭിമാനിയെ പൊതുവാർത്താ പത്രമാക്കി മാറ്റാൻ അദ്ദേഹം ഒട്ടേറെ പരിശ്രമിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടിലേറെ ദേശാഭിമാനിയുടെ ചരിത്രത്താളുകളിൽ ഈ മനുഷ്യന്റെ കരസ്പർശമില്ലാത്ത ദിവസമുണ്ടായില്ല. വാർത്തയുടെ തുമ്പ് എറിഞ്ഞുകൊടുത്ത് ലേഖകന്മാരെ നിരന്തരം ഓടിക്കുകയും ചലിപ്പിക്കുകയും പത്രാധിപരുടെ ശേഷിയാണ്. അങ്ങനെയൊരു പത്രാധിപരായിരുന്നു പത്മനാഭൻ. സബ് എഡിറ്റർമാരെക്കൊണ്ട് വാർത്ത എഴുതിക്കുമ്പോഴും പത്രം രൂപകൽപ്പന ചെയ്യിപ്പിക്കുമ്പോഴും ആ പത്രാധിപർ പിന്നിലുണ്ടാകും. അദ്ദേഹം വിചാരിക്കുന്നതുപോലെ ആ വാർത്ത എഡിറ്റ് ചെയ്യണമെങ്കിൽ, പരിഭാഷപ്പെടുത്തണമെങ്കിൽ നന്നേ പണിപ്പെടേണ്ടി വരും. സഖാവ് മനസ്സിൽ കാണുന്ന പേജിലേക്ക്‌ എത്തണമെങ്കിൽ പലവട്ടം പേജ് മാറ്റി വരക്കേണ്ടി വരും. അതായിരുന്നു ടി വി പത്മനാഭൻ എന്ന പത്രാധിപർ. ഇനിയെല്ലാം മായാസ്‌മൃതികൾ. Read on deshabhimani.com

Related News