പ്രൊഫ. ടി എം പൈലി ; വിദ്യാഭ്യാസമന്ത്രിക്കെതിരെ 
മത്സരിച്ച പ്രിൻസിപ്പൽ



കൊച്ചി പ്രീഡിഗ്രി ബോർഡ് രൂപീകരിച്ച് വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കിയ യുഡിഎഫ്‌ സർക്കാർ നിലപാടിനെതിരെ പ്രതിഷേധമുയർത്തിയ അധ്യാപകനായിരുന്നു അന്തരിച്ച പ്രൊഫ. ടി എം പൈലി. കോതമംഗലം എംഎ കോളേജ്‌ പ്രിൻസിപ്പലായിരുന്ന ടി എം പൈലി 1982-–-87- കാലയളവിലെ യുഡിഎഫ് സർക്കാരിന്റെ അഴിമതിയിലും വിദ്യാഭ്യാസ കച്ചവടത്തിലും പ്രതിഷേധിച്ച് ശക്തമായ നിലപാട് സ്വീകരിച്ചു.1986ല്‍ ടി എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാനെടുത്ത തീരുമാനത്തിനെതിരെ രംഗത്തുവന്നു.  സംസ്ഥാനത്ത് നടന്ന വന്‍ പ്രക്ഷോഭത്തിനൊപ്പം പങ്കാളിയായി. തൊട്ടുപിന്നാലെ 1987ൽ ടി എം ജേക്കബ്ബിനെതിരെ കോതമംഗലം മണ്ഡലത്തിൽ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ അദ്ദേഹം തയ്യാറായി. യുഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാനായിരുന്നു വിദ്യാഭ്യാസ വിചക്ഷണൻകൂടിയായ അദ്ദേഹം സ്ഥാനാർഥിത്വം സ്വീകരിച്ചത്‌. വാശിയേറിയ തെരഞ്ഞെടുപ്പിൽ ടി എം ജേക്കബ്‌ അന്ന്‌ 2132 വോട്ടെന്ന ചെറിയ ഭൂരിപക്ഷത്തിലാണ്‌ കടന്നുകൂടിയത്‌. പിന്നീട് 1991ലെ തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി യുഡിഎഫിലെ വി ജെ പൗലോസിനെതിരെ ടി എം പൈലി മത്സരിച്ചു. ഈ കാലയളവുമുതൽ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തിയ അദ്ദേഹം പിന്നീടുള്ള തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലടക്കം എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് മുന്നിൽനിന്ന്‌ പ്രവർത്തിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലും 2016ലും 2021ലും കോതമംഗലം നിയമസഭ മണ്ഡലത്തിലും എൽഡിഎഫ്‌ നേടിയ വിജയത്തിൽ അത്യന്തം സന്തോഷവാനായിരുന്നു അദ്ദേഹം. എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാംവരവിൽ കോതമംഗലത്ത് തുടർവിജയം നേടുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ അതുല്യമായിരുന്നു. Read on deshabhimani.com

Related News