കപ്പലിറങ്ങിയും ‘നയതന്ത്രം’ ; കൊച്ചി വഴിയും സ്വർണക്കടത്ത്



തിരുവനന്തപുരം സന്ദീപ്‌  നായരും സ്വപ്‌ന സുരേഷും ചേർന്ന്‌ കൊച്ചി തുറമുഖം വഴിയും വൻതോതിൽ സ്വർണം കടത്തി. കസ്‌റ്റംസ്‌ ചോദ്യംചെയ്യലിൽ സരിത്താണ്‌ തലസ്ഥാനത്തെ വിമാനത്താവളത്തിന്‌ പുറമേയുള്ള സ്വർണക്കടത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്‌. നയതന്ത്ര പരിരക്ഷയുടെ മറവിലായിരുന്നു കൊച്ചിതുറമുഖം വഴിയും സ്വർണം കടത്തിയത്‌. ഫർണിച്ചർ ഉൾപ്പെടെയുള്ള വൻ സാധനസാമഗ്രികൾ തുറമുഖം വഴി യുഎഇയിൽ നിന്ന്‌ ഇറക്കിയിരുന്നു. ഇതിനുള്ളിൽ വിവിധ രൂപത്തിൽ സ്വർണം ഒളിപ്പിച്ചു. കൊടുവള്ളിയിലേക്ക്‌ എളുപ്പം എത്തിക്കാമെന്നതും സൗകര്യമാക്കി. കൊച്ചിയിൽ സ്വർണം കടത്തുമ്പോഴെല്ലാം സരിത്താണ്‌ സാധനങ്ങൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നത്‌. സ്വപ്‌നയും സന്ദീപും  ഈ സമയങ്ങളിൽ ഇവിടെയുണ്ടായിരുന്നു. സ്വർണം മാറ്റിയാണ്‌ സാധനങ്ങൾ തിരുവനന്തപുരം മണക്കാടുള്ള കോൺസുലേറ്റിൽ എത്തിച്ചത്‌. സരിത്തും സ്വപ്‌നയും ചേർന്നാണ്‌ സാധനങ്ങൾ യുഎഇയിൽ നിന്ന്‌ വരുത്തേണ്ട തീയതി, എത്തിക്കേണ്ട സ്ഥലം എന്നിവ തീരുമാനിച്ചിരുന്നത്‌. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന്‌ സ്വർണം കൊടുവള്ളിയിൽ എത്തിക്കാനുള്ള യാത്ര ആസൂത്രണം ചെയ്യുന്നത്‌ സന്ദീപാണ്‌. ബിജെപി ഉന്നത നേതാക്കളുമായി ഇയാൾക്കുള്ള ബന്ധവും സ്വാധീനവും സുരക്ഷിതമായി സ്വർണം നിർദിഷ്ട സ്ഥലത്ത്‌ എത്തിക്കാൻ സഹായകരമായി. സാമ്പത്തിക ഇടപാടുകളുടെ പൂർണചുമതല സന്ദീപിനും സ്വപ്‌നയ്‌ക്കുമായിരുന്നു. ഇടപാടിൽ ലഭിക്കുന്ന തുകയുടെ ഏറിയ പങ്കും ഇവർക്കാണ്‌. സാധാരണ ക്യാരിയർക്ക്‌ നൽകുന്ന തുക മാത്രമേ സരിത്തിന്‌ ലഭിച്ചിരുന്നുള്ളൂ എന്നും അന്വേഷണത്തിൽ തെളിഞ്ഞു. Read on deshabhimani.com

Related News