മലയോരത്ത്‌ വിളയും 300 ടണ്‍ ശുദ്ധമത്സ്യം

ഷാജി വാഴക്കാലയുടെ പുരയിടത്തിൽ നടത്തുന്ന മത്സ്യകൃഷി പി രാജീവ് സന്ദർശിക്കുന്നു


ചെറുതോണി ഉൾനാടൻ മത്സ്യകൃഷിയുടെ ഉദാത്ത മാതൃകയുമായി ഇടുക്കി ജില്ല. രണ്ടു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ് കർഷകരുടെ പുരയിടങ്ങളിലെ 698 കുളങ്ങളിലായി വളരുന്നത്. ഏപ്രിലിൽ വിളവെടുക്കാം. സുഭിക്ഷ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിൽ ഉൾനാടൻ മത്സ്യകൃഷി വ്യാപകമാക്കിയത്. വിഷുവിന് വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം ശുദ്ധമത്സ്യ വിപണനത്തിനും തയ്യാറെടുക്കുകയാണ് ജനകീയ ക്യാമ്പയിൻ. സുഭിക്ഷ കേരളം ജനകീയ ക്യാമ്പയിന്റെ സംസ്ഥാന ചുമതലയുള്ള സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ജില്ലയിലെ മത്സ്യകൃഷിയുടെ പുരോഗതി നേരിട്ട് വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും വ്യക്തികൾ സ്വയം കുളങ്ങൾ നിർമിച്ചും പാഴായിക്കിടന്ന കുളങ്ങൾ പാട്ടത്തിനെടുത്ത്‌ പുനരുദ്ധരിച്ചും പഞ്ചായത്തുകളുടെ നേതൃത്വത്തിലുമാണ് മത്സ്യകൃഷി ആരംഭിച്ചത്. ഡിസംബറിൽ രണ്ടുലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തൊഴിലുറപ്പിൽ നിർമിച്ച കുളങ്ങളിലെ മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പിന്റെ സബ്സിഡി ലഭിച്ചു. പച്ചക്കറി കൃഷിയിലും മത്സ്യകൃഷിയിലും കേരളത്തെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനുള്ള സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത് ഇടുക്കിയിലാണ്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ രക്ഷാധികാരിയും ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് കൺവീനറുമായ സുഭിക്ഷകേരളം ജനകീയ ക്യാമ്പയിന്റെ നേതൃത്വമാണ് ഇടുക്കിയെ ഒന്നാമതെത്തിച്ചത്. Read on deshabhimani.com

Related News