ഉത്തർപ്രദേശ്‌ നൽകുന്ന വിപൽസൂചനകൾ...ശ്രീജിത്ത്‌ ദിവാകരൻ എഴുതുന്നു

ഗുജറാത്തിലെ പട്ടേൽ പ്രതിമയുടെ കാൽപാദങ്ങൾ


ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നിയുക്ത മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന, അജയ് സിങ്ങ് ബിഷ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ പ്രസ്താവനകളില്‍ പൊതുവായി ഒരു നിഗമനമുണ്ടായിരുന്നു. യുപിയില്‍ ജാതിരാഷ്ട്രീയം അവസാനിച്ചിരിക്കുന്നു. മൂന്നര പതിറ്റാണ്ടായി ഉത്തര്‍പ്രദേശിനെ നയിക്കുകയും വളര്‍ത്തുകയും ചെയ്തത് ജാതിരാഷ്ട്രീയമാണ്. ഇക്കാലമത്രയും അഞ്ചുവര്‍ഷം തികച്ച് ഭരിച്ച ഒരു മുഖ്യമന്ത്രിയുടെ പാർടിയെയും അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറാന്‍ ഉത്തര്‍പ്രദേശിലെ ജനത അനുവദിച്ചിരുന്നില്ല. ആ ചരിത്രം തിരുത്തുക മാത്രമല്ല, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ്, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നീ വിജയങ്ങളുടെ തുടര്‍ച്ച 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നിലനിര്‍ത്തി. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെട്ട ഈ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാലിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിലും നല്‍കുന്ന വിപൽസൂചനകള്‍ എന്തെല്ലാമാണ് എന്നതിനെ ക്കുറിച്ച് ഇപ്പോള്‍തന്നെ ധാരാളം പഠനങ്ങളും ലേഖനങ്ങളും ഉണ്ടായിക്കഴിഞ്ഞു. നൂറു വര്‍ഷത്തിനുള്ളില്‍ ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രതിജ്ഞ ചെയ്ത് തീവ്രവാദികളായ ഒരു കൂട്ടം മറാത്ത ബ്രാഹ്മണര്‍ ആര്‍എസ്എസ് രൂപവത്കരിച്ചിട്ട് 2024ല്‍ 99 വര്‍ഷം തികയും. ഒരിക്കല്‍കൂടി സവര്‍ണ ഫാസിസ്റ്റ് ശക്തികളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തന്നെ ഭരണത്തിലേറ്റിയാല്‍ മതരാജ്യമായി ഇന്ത്യ മാറും എന്നത് വെറും ആശങ്ക മാത്രമല്ല എന്ന് ഇതിനോടകം വ്യക്തമാണ്. സമസ്തമേഖലയിലും പരാജയപ്പെട്ട ഭരണം തുടരുമ്പോഴും എങ്ങനെയാണ് തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടാന്‍ ഈ ഫാസിസ്റ്റ് ശക്തികള്‍ക്ക് കഴിയുന്നത് എന്നുള്ള ചോദ്യമാണ് ഇപ്പോള്‍ പ്രസക്തം. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വരാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പണ്ഡിതനായ യോഗേന്ദ്രയാദവ് പറഞ്ഞത് വോട്ടിങ് യന്ത്രങ്ങളും ബൂത്തുകളും അട്ടിമറിച്ചുകൊണ്ടല്ല, ജനങ്ങളുടെ മനസ്സിനെ അട്ടിമറിച്ചുകൊണ്ടാണ് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോകുന്നത് എന്നാണ്. സാധാരണമായ യുക്തിയില്‍ ബിജെപിക്ക് ജയിക്കാന്‍ സാധ്യമായ ഒരു ഘടകവും ഇന്ന് നിലനില്‍ക്കുന്നില്ല. ദേശീയതലത്തില്‍ എട്ടുവര്‍ഷത്തെ മോദി ഭരണം നിരാശയില്‍നിന്ന് നിരാശയിലേക്കുള്ള സഞ്ചാരമാണ്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കോവിഡ് കാലത്തിന് മുമ്പുതന്നെ താഴേയ്‌ക്ക്‌ പതിക്കാനാരംഭിച്ചതാണ്. അതിപ്പോഴും അങ്ങനെ തുടരുന്നു. തൊഴിലില്ലായ്‌മ അതിന്റെ ഉച്ചകോടിയിലാണ്. ഹിന്ദു ഭൂരിപക്ഷത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചുവിട്ട് സമൂഹത്തില്‍ ആഴമേറിയ വിടവുകള്‍ ഉണ്ടാക്കി. പതിറ്റാണ്ടുകളായി ഇന്ത്യ പടുത്തയര്‍ത്തിയ ജനാധിപത്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നശിപ്പിച്ചു. അയല്‍പക്ക ബന്ധങ്ങള്‍ വഷളാക്കി. രാമചന്ദ്ര ഗുഹ ചൂണ്ടിക്കാണിച്ചതു പോലെ ‘മോദി സര്‍ക്കാരിന്റെ നടപടികള്‍ ഇന്ത്യയെ സാമ്പത്തികമായും സാമൂഹ്യമായും സ്ഥാപനപരമായും അന്തരാഷ്ട്രതലത്തിലും പാരിസ്ഥിതികമായും ധാര്‍മ്മികമായും തകര്‍ത്തു.’ ഈ അഞ്ചു സംസ്ഥാനങ്ങളില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്ന ഉത്തര്‍പ്രദേശിലെ സ്ഥിതി രാജ്യത്തെ പൊതുസ്ഥിതിയേക്കാള്‍ ദയനീയമായിരുന്നു. തൊഴിലില്ലായ്‌മ, വിലക്കയറ്റം, കോവിഡ് കാലത്തെ ദുര്‍ഭരണം, മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന മനുഷ്യര്‍ നേരിട്ട പ്രതിസന്ധി, ആരോഗ്യമേഖലയിലെ തളര്‍ച്ച, അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന കൃഷിനാശം, കാര്‍ഷികസമരത്തെ തുടര്‍ന്നുള്ള പ്രതിസന്ധി, കരിമ്പ് കര്‍ഷകരുടെ കിട്ടാക്കടം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, പൊലീസ് രാജ് എന്നു തുടങ്ങി ഒരു സംസ്ഥാനത്ത് ഭരണകാലത്ത് ഉയര്‍ന്ന് കേള്‍ക്കാവുന്ന മുഴുവന്‍ പരാതികളും അഞ്ച് കൊല്ലവും യുപിയില്‍നിന്ന് കേട്ടിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പും പ്രചരണ സമയത്തും. എന്നിട്ടും എല്ലാ മേഖലകളിലും വോട്ട് ശതമാനം വർധിപ്പിച്ചുകൊണ്ട് തന്നെ അവര്‍ അധികാരത്തില്‍ തിരികെയെത്തി. അവിടെ മാത്രമല്ല, മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും. യോഗിയും മോദിയും പറഞ്ഞതുപോലെ ജാതി രാഷ്ട്രീയം അവസാനിച്ചതാണോ തെരഞ്ഞെടുപ്പുകളില്‍ അവരെ തുണച്ചത്, പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍? 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്‌ ഉത്തര്‍പ്രദേശിന്റെ വിജയത്തിന്റെ വെളിച്ചത്തില്‍ സംഘപരിവാര്‍ പദ്ധതിയിടുന്നത് എന്താണ്? ************ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍, അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച തീവ്രനിലപാടുകാരായ പല സവര്‍ണ നേതാക്കള്‍ക്കും മതത്തിനുള്ളിലെ ജാതിയുടെ സാന്നിധ്യം ഹിന്ദു സംഘാടനത്തിന് തടസ്സമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഹിന്ദുമതമെന്നത് ബ്രാഹ്മണരും അവരുമായി ബന്ധപ്പെട്ട ക്ഷത്രിയ, ബനിയ വിഭാഗങ്ങളും അവരെ ഉപജീവിച്ച് കഴിയുന്ന ശൂദ്രരും മാത്രമായിരുന്നു അക്കാലത്ത്. അക്കാലത്തിന് ഏഴോ എട്ടോ പതിറ്റാണ്ടുകള്‍ മുമ്പുവരെ പിന്നാക്ക വിഭാഗങ്ങള്‍ എല്ലാം സനാതന മതമെന്ന ഹൈന്ദവതയുടെ പുറത്തായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍എസ്എസ് രൂപവത്‌കരണത്തിനും മുമ്പുതന്നെ വിനായക് ദാമോദര്‍ സവർക്കര്‍ അടക്കമുള്ള അതിതീവ്ര ഹൈന്ദവതയുടെ നേതാക്കള്‍ക്ക് ഇന്ത്യന്‍ സമൂഹം ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശമുള്ള ഒരു രാഷ്ട്രീയ ഭൂമികയായി മാറുന്നത് തടയാന്‍ പിന്നാക്ക ജാതിക്കാരെ ഹൈന്ദവതയിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന മാര്‍ഗം മാത്രമാണുള്ളത് എന്ന് ബോധ്യമുണ്ടായിരുന്നു. ഇത് ഹിന്ദുമഹാസഭ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ നടപ്പാക്കാനുള്ള ശ്രമവും അവര്‍ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ പല ഘട്ടങ്ങളിലായി വിവിധ ജാതി വിഭാഗങ്ങളെ ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗക്കാരുമായ ജനതയെ ഹൈന്ദവതയിലേയ്‌ക്ക്‌ അടുപ്പിക്കുക എന്ന പ്രക്രിയ വിവിധ സംഘടനളെ ഉപയോഗിച്ച് ആര്‍എസ്എസ് പൂര്‍ത്തിയാക്കി. ഇത് എളുപ്പമല്ലായിരുന്നു. കാരണം ഹൈന്ദവ തീവ്രവാദത്തിന്റെ പിന്തുണക്കാര്‍ കറകളഞ്ഞ ജാതിബോധമുള്ള സവര്‍ണ ഹൈന്ദവരായിരുന്നു. ക്ഷേത്രങ്ങളിലൂടെ വിശ്വാസികളെ ഒരുമിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം സവര്‍ണര്‍ തന്നെ പിന്തുടര്‍ന്നുപോന്നിരുന്ന ജാതി ചിട്ടകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ ഇന്ത്യയില്‍ പലയിടത്തും ഉയര്‍ന്നുവരികയും ജാതിവ്യവസ്ഥയ്‌ക്ക്‌ എതിരെയുള്ള പോരാട്ടം നടത്തുകയും ചെയ്തപ്പോള്‍ അതിനെ എതിർത്തുപോന്ന അതേ സവര്‍ണ ഹൈന്ദവത്വം പിന്നീടുള്ള കാലത്ത്, ഈ പോരാട്ടത്തിന്റെ ഫലമായി ഉടലെടുത്ത സാമൂഹ്യാന്തരീക്ഷത്തെ ഉപയോഗിച്ചാണ് ഹൈന്ദവ സംഘാടനം നടത്തിയത് എന്നതാണ് വൈരുദ്ധ്യം. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടതിനു ശേഷമാണ് സംഘടന വിപുലീകരിക്കുക എന്ന ആശയം അക്കാലത്തെ മേധാവിയായ എം എസ് ഗോൾവാള്‍ക്കറിനുണ്ടാകുന്നത്. സംഘപരിവാരത്തിലെ ആദ്യത്തെ കൂടിച്ചേര്‍ക്കല്‍ വിദ്യാര്‍ത്ഥി സംഘടനയായിരുന്നുവെങ്കില്‍ രണ്ടാമത്തേത് ആദിവാസി സംഘടനയായിരുന്നു. 1949ല്‍ എബിവിപി എന്ന പേരില്‍ വിദ്യാര്‍ത്ഥികളെയും 1952ല്‍ വനവാസി കല്യാണ്‍ ആശ്രം എന്ന പേരില്‍ ആദിവാസികളേയും തീവ്രഹൈന്ദവതയുടെ ഭാഗമാക്കാനുള്ള ശ്രമം ആര്‍എസ്എസ് ആരംഭിച്ചു. ഭാവിതലമുറയെ ലക്ഷ്യം വയ്‌ക്കുന്നതിനൊപ്പം ഇന്ത്യന്‍ പൊതുസമൂഹിക ക്രമത്തിന് പുറത്ത് കഴിഞ്ഞിരുന്ന ആദിവാസി സമൂഹത്തെ ഒപ്പം കൂട്ടുക എന്നതായിരുന്നു തന്ത്രം. ആദ്യം മുതലേ ആദിവാസികളെ വനവാസികള്‍ എന്ന് വിളിച്ചുകൊണ്ട് ഈ ഭൂമിയിലുള്ള അവരുടെ പുരാതനാവകാശത്തെ റദ്ദ് ചെയ്യുക എന്ന ബ്രാഹ്മണഹൈന്ദവതയുടെ തന്ത്രം കൂടി അവര്‍ നടപ്പിലാക്കി.പിന്നീടുള്ളത് ചരിത്രമാണ്. ഗാന്ധിവധത്തിനുശേഷമുള്ള സാമൂഹികാന്തരീക്ഷത്തില്‍ വളര്‍ച്ച മുരടിച്ച ആര്‍എസ്എസ് ചെയ്തത് വിവിധ സംഘടനകള്‍ രൂപം നല്‍കിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഹിന്ദുത്വ എന്ന് പിന്നീട് അറിയപ്പെട്ട തീവ്രഹൈന്ദവവാദത്തിന്റെ വിത്തുകള്‍ പാകുകയായിരുന്നു. ഈ സംഘടനകള്‍ ഇന്ന് ഒന്നാകെ അറിയപ്പെടുന്നത് സംഘപരിവാരമെന്നാണ്. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനോട് ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടായിവന്ന അതൃപ്തി മുതലെടുത്തും അപ്പോഴുണ്ടായ ജനകീയകൂട്ടായ്മകളില്‍ അണിചേര്‍ന്നുമാണ് സംഘപരിവാരം വീണ്ടും വളര്‍ന്നത്. എണ്‍പതില്‍ ബിജെപി രൂപവത്കരണം നടന്നതോടെ ആര്‍എസ്എസിന് സ്വന്തമായ രാഷ്ട്രീയ പാര്‍ടിയും ഉണ്ടായി. അതോടെ അരനൂറ്റാണ്ടോളമായി തീവ്രഹിന്ദുത്വം ഉന്നം വയ്‌ക്കുന്ന ബാബ്‌രി പള്ളിക്കെതിരെയും ‘രാമജന്മഭൂമി' എന്ന വാദം ഉന്നയിച്ച് സംഘപരിവാര്‍ പ്രക്ഷോഭം ആരംഭിച്ചു. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ദുരന്തം, പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദം, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സിഖ് വംശഹത്യ എന്നിങ്ങനെ കലുഷിതമായ എണ്‍പതുകളില്‍ രാമജന്മഭൂമി വിവാദമുയര്‍ത്തി ഇന്ത്യന്‍ മതേതരത്വത്തിന് മുകളിലൂടെ ചോരക്കറ പുരണ്ട രഥമുരുട്ടി സംഘപരിവാരം മുന്നേറി. എണ്‍പതുകളുടെ അവസാനം വി പി സിങ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതാണ് സംഘപരിവാറിന് താത്കാലികമായ ക്ഷീണമുണ്ടാക്കിയത്. ഉപജാതികളെ പ്രത്യേകം പ്രത്യേകം ഹൈന്ദവത്കരിക്കുന്ന അവരുടെ പ്രക്രിയയെ തടസ്സപ്പെടുത്തിക്കൊണ്ടാണ് പിന്നാക്ക വിഭാഗങ്ങളെ ഒന്നായി നിര്‍ത്തുന്ന മണ്ഡല്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയത്. മണ്ഡല്‍ കമീഷനെതിരെ സവര്‍ണ ഹൈന്ദവത ഒരുമിച്ചപ്പോള്‍ അതിന് പുറകില്‍ സ്വാഭാവിക ശക്തിയായി സംഘപരിവാര്‍ സംഘടനകള്‍ നിലകൊണ്ടു. മണ്ഡലിന് ബദലായി കമണ്ഡല്‍ ഉയര്‍ത്തിയും മന്ദിര്‍ (ക്ഷേത്രം) വിവാദം ഉണ്ടാക്കിയും പിന്നാക്ക സമൂഹത്തിന്റെ ആ ഏകീകരണത്തെ രാഷ്ട്രീയമായി തടയാന്‍ സംഘപരിവാര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റങ്ങളില്‍നിന്ന് ശക്തിപ്രാപിച്ച പല സംഘടനകളും രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന കാലമായിരുന്നു അത്. രാംമനോഹര്‍ ലോഹ്യയുടേയും ജയ്പ്രകാശ് നാരായണന്റേയും ശിഷ്യരായി രാഷ്ട്രീയം ആരംഭിച്ച മുലായം സിങ് യാദവും ലാലുപ്രസാദ് യാദവും ഉത്തര്‍പ്രദേശിലും ബീഹാറിലും പിന്നാക്ക ജാതിക്കാരെ സംഘടിപ്പിച്ചു. എണ്‍പതുകള്‍ മുതല്‍ ദളിത് സമൂഹത്തിനെ പഞ്ചാബിലും മധ്യപ്രദേശിലും യുപിയിലും സംഘടിപ്പിച്ചിരുന്ന കന്‍ഷിറാമിന്റെ ശ്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വിജയിച്ച് തുടങ്ങി. പ്രത്യേകിച്ചും മായാവതിയെന്ന ചെറുപ്പക്കാരിയായ സ്‌കൂള്‍ ടീച്ചര്‍ പാർടി നേതൃത്വത്തിലേക്ക്‌ വന്നതിനെ തുടര്‍ന്ന്. പിന്നാക്ക, ദളിത് രാഷ്ട്രീയമായിരുന്നു പിന്നീടുള്ള കാലത്ത് യുപി, ബിഹാര്‍ സംസ്ഥാനങ്ങളെ നയിച്ചത്. ഇക്കാലത്തിന് അന്ത്യം കുറിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി ചെയ്തതെന്നാണ്  മോദിയും യോഗിയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്.   ********* സംഘപരിവാറിന്റെ ജനിതക ഘടനയുടെ അടിസ്ഥാന സ്വഭാവം ബ്രാഹ്മണിക്കല്‍ വൈദിക ഹൈന്ദവതയാണ്. അതാകട്ടെ പിന്നാക്കജാതിക്കാരേയും ദളിതരേയും ആദിവാസികളേയും തീണ്ടാപ്പാടകലെ നിര്‍ത്തുന്ന സവര്‍ണതയുടേതാണ്. പിന്നാക്ക ജാതിക്കാരുടെ രാഷ്ട്രീയ സംഘാടനം മണ്ഡല്‍ കമീഷന്‍ കാലത്ത് നടക്കുമ്പോള്‍ അതിനെതിരെ ഇതേ സവര്‍ണ യുക്തിയുമായി പ്രവര്‍ത്തിച്ചവരാണ് സംഘപരിവാര്‍. മന്ദിര്‍ രാഷ്ട്രീയം, അഥവാ കൂടുതല്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ രാമന്റേയും ശിവന്റേയും കൃഷ്‌ണന്റേയും പേരില്‍ നിര്‍മിക്കുമെന്നുള്ള രാഷ്ട്രീയം പ്രവര്‍ത്തനാടിത്തറയായുള്ള സംഘപരിവാര്‍ തങ്ങളുടെ അണികളായി ചേര്‍ക്കാന്‍ ശ്രമിക്കുന്ന പിന്നാക്ക ജാതിക്കാരെയൊക്കെയും ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ നിന്നുപോലും ഏതാനും പതിറ്റാണ്ടുകള്‍ മുമ്പുവരെ അകറ്റി നിര്‍ത്തിയിരുന്നതാണ്. ഈ വൈരുദ്ധ്യങ്ങളെ നേരിട്ടുകൊണ്ട് പിന്നാക്ക ജാതിസമൂഹത്തെ എങ്ങനെയാണ് സംഘപരിവാര്‍ ഒപ്പം നിര്‍ത്തുന്നത് എന്നുള്ളതാണ് പ്രധാനം. ഉദാഹരണത്തിന് മധ്യ ഉത്തര്‍പ്രദേശിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിജെപി പ്രചരിപ്പിക്കുന്ന ഒരു ലഘുലേഖ നോക്കാം. ‘ബാദുഷയും രാജാവും' എന്ന പേരിലുള്ള ഈ ലഘുലേഖ ഏതാണ്ട് പത്തുവര്‍ഷമായി പ്രചരിക്കപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ദളിത് ജാതികളില്‍ എണ്ണംകൊണ്ട് രണ്ടാമതുള്ള പാസി സമൂഹത്തിനിടയിലും പിന്നാക്ക വിഭാഗങ്ങളില്‍ വളരെ സംഘടിതരും കിഴക്കന്‍ യുപിയില്‍ ശക്തരുമായ രാജ്ഭര്‍ വിഭാഗങ്ങള്‍ക്കിടയിലുമാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. ലഖ്‌നൗവിനോട് ചേര്‍ന്നുള്ള ബെഹ്‌റൈച്ച് ജില്ലയില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുഹേല്‍ദേവ് എന്ന നാട്ടുരാജാവിന്റെ വീരകൃത്യങ്ങളാണ് ഈ ലഘുലേഖയില്‍ ഉള്ളത്. പാസി മേഖലകളില്‍ ഈ രാജാവ് പാസി വംശജനും രാജ്ഭര്‍ മേഖലകളില്‍ പ്രചരിക്കുന്ന കഥകളില്‍ സുഹേല്‍ ദേവ് രാജ്ഭര്‍ വംശജനുമാണ്. ഘാസി സയ്ദ് സലാര്‍ മസൂദ് എന്ന അക്കാലത്തെ മുസ്ലിം രാജാവിന്റെ പടയോട്ടം രാജാ സുഹേല്‍ദേവ് തടഞ്ഞ് നിര്‍ത്തിയെന്നാണ് കഥ. ഹിന്ദുക്കളായ വീരന്മാരുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തന്റെ സേനയ്‌ക്ക്‌ മുന്നില്‍ വലിയൊരു പറ്റം പശുക്കളുമായാണത്രേ മസൂദ് സഞ്ചരിച്ചിരുന്നത്. പശുക്കളെ ദൈവതുല്യം കാണുന്ന ഹിന്ദുക്കള്‍ അവയെ ആക്രമിക്കില്ല എന്ന കുതന്ത്രമായിരുന്നു അതെന്ന് ലഘുലേഖ വിശദീകരിക്കുന്നു. പക്ഷേ രാജാ സുഹേല്‍ദേവ് തന്ത്രപൂർവം ഈ പശുക്കളെ മുഴുവന്‍ മോചിപ്പിച്ച ശേഷം സലാര്‍ മസൂദിനെ കീഴടക്കിയെന്നാണ് ഈ ലഘുലേഖ പാടിപ്പുകഴ്‌ത്തുന്നത്. ചരിത്രവുമായി ഇതിന് ബന്ധമൊന്നുമില്ല. സലാര്‍ മസൂദ് ദീര്‍ഘകാലം പല പ്രദേശങ്ങളും കീഴടക്കി രാജ്യം വിപുലീകരിച്ച് ഭരിക്കുകയും ബഹ്‌റൈച്ചില്‍ വച്ചുതന്നെ മരണമടയുകയും ചെയ്തു. എന്നാല്‍ ഈ ലഘുലേഖയ്‌ക്കാണ് ചരിത്ര വസ്തുതകളേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം. പാസികളും രാജ്ഭറുകളും അവരുടെ വീരപുത്രനായി ഇന്ന് കരുതുന്നത് രാജാസുഹേല്‍ദേവിനെയാണ്. ബഹ്‌റൈച്ചിലുള്ള സലാര്‍ മസൂദിന്റെ ശവകുടീരത്തിനടുത്തുള്ള ദര്‍ഗയില്‍ എല്ലാ മേയ്‌മാസത്തിലും നടക്കുന്ന ഉറൂസ് അഥവാ മരണവാര്‍ഷികപരിപാടി തടസ്സപ്പെടുത്തണമെന്നും ഈ ലഘുലേഖ ആവശ്യപ്പെടുന്നുണ്ട്.   സലാര്‍ മസൂദ് ദീര്‍ഘകാലം പല പ്രദേശങ്ങളും കീഴടക്കി രാജ്യം വിപുലീകരിച്ച് ഭരിക്കുകയും ബഹ്‌റൈച്ചില്‍ വച്ചുതന്നെ മരണമടയുകയും ചെയ്തു. എന്നാല്‍ ഈ ലഘുലേഖയ്‌ക്കാണ് ചരിത്ര വസ്തുതകളേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം. പാസികളും രാജ്ഭറുകളും അവരുടെ വീരപുത്രനായി ഇന്ന് കരുതുന്നത് രാജാസുഹേല്‍ദേവിനെയാണ്. ബഹ്‌റൈച്ചിലുള്ള സലാര്‍ മസൂദിന്റെ ശവകുടീരത്തിനടുത്തുള്ള ദര്‍ഗയില്‍ എല്ലാ മേയ്‌മാസത്തിലും നടക്കുന്ന ഉറൂസ് അഥവാ മരണവാര്‍ഷിക പരിപാടി തടസ്സപ്പെടുത്തണമെന്നും ഈ ലഘുലേഖ ആവശ്യപ്പെടുന്നുണ്ട്. ഒരേസമയം മുസ്ലിങ്ങളോട് പാസി, രാജ്ഭര്‍ സമൂഹത്തിന് സ്ഥിരമായി വൈരമുണ്ടാകാനും സവര്‍ണഹൈന്ദവതയുടെ യുക്തിയായ പശുപൂജ ദളിത് സമൂഹത്തിലും നടപ്പിൽവരുത്താനും ഈ കഥയ്‌ക്ക്‌ വ്യക്തമായി സാധിക്കുന്നുണ്ട്. ഇത് ഇപ്പോഴാരംഭിച്ച പ്രവര്‍ത്തനമല്ല. സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായി പിന്നാക്കം നില്‍ക്കുന്ന  ഒാരോ സമൂഹത്തിനും സ്വന്തമായി ഒാരോ ചരിത്രനായകരെ സൃഷ്ടിച്ച് കൊടുക്കാനും അവര്‍ ചരിത്രപരമായി തന്നെ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തോട് ചേർന്നുനിന്ന് മുഗളരെ അഥവാ മുസ്ലിങ്ങളെ പ്രതിരോധിച്ചിരുന്നവരാണ് എന്ന് വരുത്തി ത്തീര്‍ക്കാനുമുള്ള ശ്രമമാണ് പതിറ്റാണ്ടുകളായി സംഘപരിവാര്‍ എടുത്തിരുന്നത്. ഇത് ഏതാണ്ട് വിജയത്തോട് അടുത്തെത്തിയ കാലമാണിത്. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി പിന്നാക്കം നില്‍ക്കുന്ന ഓരോ സമൂഹത്തിനും സ്വന്തമായി ഓരോ ചരിത്രനായകരെ സൃഷ്ടിച്ച് കൊടുക്കാനും അവര്‍ ചരിത്രപരമായി തന്നെ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തോട് ചേര്‍ന്നുനിന്ന് മുഗളരെ അഥവാ മുസ്ലിങ്ങളെ പ്രതിരോധിച്ചിരുന്നവരാണ് എന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമമാണ് പതിറ്റാണ്ടുകളായി സംഘപരിവാര്‍ എടുത്തിരുന്നത്. ഇത് ഏതാണ്ട് വിജയത്തോട് അടുത്തെത്തിയ കാലമാണിത്. ബിഎസ്‌പിയെ കാലാകാലങ്ങളായി തുണച്ച് പോന്നിരുന്ന ജാടവുകള്‍ ഒഴികെയുള്ള മറ്റ് ദളിത് ജാതികളേയും എസ്‌ പിയുടെ വോട്ട് ബാങ്കായ യാദവര്‍ ഒഴികെയുള്ള പിന്നാക്ക ഹിന്ദുക്കളേയും ബിജെപിയുടെ പിന്നില്‍ അണിനിരത്തുക എന്നതായിരുന്നു യുപിക്ക് വേണ്ടി ഇവര്‍ ആവിഷ്‌കരിച്ച തന്ത്രം. ജാടവ് വിഭാഗം യുപിയുടെ 20 ശതമാനത്തോളം വരുന്ന ദളിത് സംഖ്യയില്‍ ഏറ്റവും വലിയ ജാതിവിഭാഗമാണ്. യാദവര്‍ 40 ശതമാനത്തിലധികം വരുന്ന പിന്നാക്ക ഹിന്ദുക്കളില്‍ ഏറ്റവും വലിയ വിഭാഗവും. അതുകൊണ്ട് തന്നെ ജാടവ ഇതര ദളിതരെ ബിഎസ്‌പിയും യാദവ ഇതര പിന്നാക്ക വിഭാഗങ്ങളെ എസ്‌പിയും ഇക്കാലമത്രയും കാര്യമായി പരിഗണിച്ചിരുന്നുമില്ല എന്നത് ബിജെപിക്ക് ഗുണകരമായി. 2009ല്‍ 20 ശതമാനത്തോളം യാദവ ഇതര പിന്നാക്ക വിഭാഗം മാത്രമാണ് ബിജെപിയെ പിന്തുണച്ചിരുന്നുവെങ്കില്‍ 2014 ആകുമ്പോഴേക്കും അത് 54 ശതമാനമായി മാറിയെന്ന് സിഎസ്ഡിഎസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇക്കാലത്ത് 60 ശതമാനം ജാടവ് ഇതര ദളിത് സമൂഹങ്ങളും ബിജെപിയെ പിന്തുണയ്‌ക്കാന്‍ ആരംഭിച്ചു. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021 ഒക്‌ടോബര്‍ 17നും 31നും ഇടയിലായി ബിജെപി യാദവ ഇതര പിന്നാക്ക വിഭാഗങ്ങളുടെ പ്രത്യേകം പ്രത്യേകം പതിനേഴ് സമ്മേളനങ്ങളാണ് വിളിച്ചുചേര്‍ത്തത്. കുംഭാര്‍, രാജ്ഭര്‍, നയ്, നാംദേവ്, നിഷാദ്, ലോധി, പാല്‍, സൈനി, തേലി, ചൗരാസിയ സമൂഹങ്ങളുടേതായിരുന്നു അത്. കശ്യപ്, പ്രജാപതി സമൂഹനേതാക്കളേയും അവര്‍ പ്രത്യേകമായി കണ്ടു. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും 15,000 മുതല്‍ 20,000 വരെ ഈ സമുദായാംഗങ്ങളുണ്ട് എന്നുള്ളതാണ് ബിജെപിയുടെ കണക്ക്. കശ്യപ്, പ്രജാപതി, രാജ്ഭര്‍, ചൗരാസിയ സമൂഹങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള ഇരുനൂറിലധികം മണ്ഡലങ്ങളുണ്ട്. മാത്രമല്ല, പിന്നാക്ക ഹിന്ദുവിഭാഗങ്ങള്‍ ചരിത്രപരമായി വോട്ടെടുപ്പ് പ്രക്രിയയില്‍ മറ്റുള്ളവരേക്കാളധികം പങ്കെടുക്കുന്നവരുമാണ്. യാദവര്‍ കഴിഞ്ഞാല്‍ എണ്ണത്തില്‍ പ്രധാനപ്പെട്ട കുറുമികളുടെ പാര്‍ടിയായ അപ്‌നാദളിനും കിഴക്കന്‍ യുപിയിലെ അതിപിന്നാക്കാവസ്ഥയിലുള്ള വിവിധ സമൂഹങ്ങളെ, പ്രത്യേകിച്ചും നദീതീരവാസികളായ നിഷാദ് വിഭാഗത്തെ, ഒന്നിച്ച് കൊണ്ടുപോകുന്ന നിഷാദ് പാര്‍ടിയുമായി ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചതിന് ശേഷമാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ ഉത്തര്‍പ്രദേശില്‍ ‘ഫിര്‍ ഏക് ബാര്‍ തീന്‍ സൗ പാര്‍' (ഒരിക്കല്‍ കൂടി മൂന്നൂറു കടക്കും) എന്ന മുദ്രവാക്യം പ്രഖ്യാപിച്ചത്‌. ഇരു പാർടികളും തെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്‌ചവയ്‌ക്കുകയും ചെയ്തു. ************ 2007‐ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്കാലത്ത് ഗൊരഖ്പൂർ എംപിയായിരുന്ന യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദുയുവവാഹിനി പൂർവാഞ്ചലിൽ മുസ്ലിങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ആ വർഷം ജനുവരിയിൽ ഗൊരഖ്പൂരിൽ നടന്ന മുഹ്റം റാലിയിലേയ്ക്ക് ഒരു കൂട്ടം ഹിന്ദു ചെറുപ്പക്കാർ ബൈക്കോടിച്ച് കയറ്റിയിരുന്നു. അതിലൊരു പയ്യൻ തുടർന്നുണ്ടായ ബഹളത്തിനിടെ കൊല്ലപ്പെട്ടു. അതേതുടർന്ന് യോഗി ആദിത്യനാഥും കൂട്ടരും വിദ്വേഷവും ആക്രമണോത്സുകതയും കലർന്ന പ്രസംഗങ്ങളുമായി ഗൊരഖ്പൂരിൽ കലാപം സൃഷ്ടിച്ചു. മുസ്ലിം വീടുകളും കടകളും അഗ്നിക്കിരയാക്കി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് എംപിയായ ആദിത്യനാഥിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പക്ഷേ അപ്പോഴേയ്ക്കും മുസ്ലിം ജനതക്ക് മുലായം സിങ്ങിലും എസ്‌പിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ആ ഏപ്രിൽ‐മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിഎസ്പി 31 ശതമാനത്തോളം വോട്ട് പിടിച്ച് അധികാരത്തിലേറി. ഈ കലാപം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വ്യാപിച്ചത് 2013‐ൽ ആയിരുന്നു. മുസഫർനഗർ കേന്ദ്രീകരിച്ചാരംഭിച്ച ആ മുസ്ലിം വിരുദ്ധ കലാപം മാസങ്ങളോളം നീണ്ടുനിൽക്കുകയും പശ്ചിമ യുപിയിൽ ഉടനീളം വ്യാപിക്കുകയും ചെയ്തു. മനഃപൂർവം സൃഷ്ടിക്കപ്പെട്ട കലാപങ്ങളാണ് അവയെന്നും കടുത്ത നുണപ്രചാരണങ്ങളും ഭീതിവിതയ്ക്കലുമാണ് വ്യാജവാർത്തകളുമാണ് അവയ്ക്ക് പുറകിൽ പ്രവർത്തിച്ചതെന്നും പിന്നീട് കണ്ടെത്തുകയുണ്ടായി. 2014, 2017, 2019 തെരഞ്ഞെടുപ്പുകളിൽ പശ്ചിമ യുപിയിലെ പിന്നാക്ക വിഭാഗക്കാരായ ജാട്ടുകളുടേയും മറ്റ് ഹിന്ദുവിഭാഗങ്ങളുടേയും വോട്ട് ബിജെപിയിൽ കേന്ദ്രീകരിക്കാൻ ഈ കലാപങ്ങൾ വഹിച്ച പങ്ക് ചില്ലറയല്ല. ആദ്യകാലങ്ങളിൽ കോൺഗ്രസിലും പിന്നീട് ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ലോക്ദളിലും അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിലും രാഷ്ട്രീയ അഭയം പ്രാപിച്ചിരുന്ന പശ്ചിമ യുപിയിലെ ജാട്ട് ജനവിഭാഗത്തിന്റെ പിന്തുണ ഈ കലാപങ്ങളോടെ ബിജെപിക്കായി മാറി. ഇക്കാലത്തെല്ലാം മുസ്ലിങ്ങളുമായി ചേർന്ന് ലോക്ദളിലും ഭാരതീയ കിസാൻ യൂണിയനെന്ന കർഷക സംഘടനയിലും പ്രവർത്തിച്ചിരുന്ന ജാട്ടുകൾ അതിഹൈന്ദവത ഏറ്റെടുത്ത് മുസ്ലിങ്ങൾക്കെതിരെയുള്ള സംഘപരിവാർ നിർമ്മിത കലാപത്തിന്റെ നടത്തിപ്പുകാരും ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കുമായി. മൂന്ന് തെരഞ്ഞെടുപ്പുകൾക്ക് അപ്പുറം കാർഷിക സമരമാണ് ജാട്ടുകളെ മുസ്ലിം സമൂഹവുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന്‌ കാരണമായത്. അപ്പോഴും കലാപമുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകൾ ഹിന്ദു‐മുസ്ലിം സമൂഹത്തിനിടയിൽ ചോരനിറഞ്ഞ ഒരു കിടങ്ങ് സൃഷ്ടിച്ചിട്ടുണ്ട്. അതാകട്ടെ ബിജെപിക്കും സംഘപരിവാറിനും ഏതുകാലത്തും പ്രയോജനപ്പെടുന്ന ഒന്നാണ്. യുപിയിലെ പിന്നാക്ക ഹിന്ദു സമൂഹത്തിലെ മൗര്യവിഭാഗത്തിന്റെ ആരാധനാമൂര്‍ത്തികള്‍ ചന്ദ്രഗുപ്ത മൗര്യനും ശ്രീബുദ്ധനുമാണ്. മദ്യത്തിന്റെയും മാംസത്തിന്റെയും കച്ചവടം അവര്‍ ചെയ്യാറില്ല. അഥവാ ഹൈന്ദവതയേക്കാള്‍ കൂടുതല്‍ ബുദ്ധമതവുമായി ബന്ധമുള്ള അവര്‍ക്ക് ഹിന്ദുമതത്തിലെ ജാതിഘടനയോടും തൊട്ടുകൂടായ്‌മകളോടും കടുത്ത എതിര്‍പ്പുള്ളവരാണ്. ബിഎസ്‌പിയുമായിട്ടായിരുന്നു സ്വാഭാവികമായും അവര്‍ക്ക് ആദ്യമുണ്ടായ ബന്ധം. സ്വാമി പ്രസാദ് മൗര്യ ബിഎസ്‌പിയില്‍ മായാവതിയുടെ വലംകൈയായി മാറുന്നത് അങ്ങനെയാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ സ്വാമി പ്രസാദ് മൗര്യ ബിജെപിയിലെത്തി. മറ്റൊരു നേതാവായ കേശവ് പ്രസാദ് മൗര്യ വിജയിക്കുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. ഇതോടെ മൗര്യ വിഭാഗം ബിജെപിക്കൊപ്പമായി. ഒരുതരത്തില്‍ മൗര്യ സമൂഹത്തിന്റെ നേരെ എതിര്‍ഭാഗത്ത് നില്‍ക്കുന്ന പിന്നാക്ക ജാതിക്കാരാണ് യാദവവിഭാഗം. മുലായംസിങ് ബിജെപിക്കും ആര്‍എസ്എസിനും എതിരാവുകയും മുസ്ലിങ്ങളോട് ചേര്‍ന്ന് പാർടിയുണ്ടാക്കുകയും ചെയ്തതുകൊണ്ട് യാദവര്‍ ഹിന്ദുത്വയ്‌ക്ക്‌ എതിരായെങ്കിലും ഹിന്ദുമതവുമായുള്ള അവരുടെ പൊക്കിള്‍കൂടി ബന്ധം അതിതീവ്രമാണ്. യാദവര്‍ കൃഷ്‌ണന്റെ സമുദായക്കാരാണ് എന്നാണ് സ്വയം കരുതുന്നത്. നാരായണിസേന എന്ന ഒരു സംഘടന യാദവര്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. ബാബ്‌രി പള്ളി തകര്‍ക്കുന്നതിനൊപ്പം സംഘപരിവാര്‍ ഉയര്‍ത്തിയ മുദ്രവാക്യങ്ങളിലൊന്ന് മഥുരയിലെ ഷാഹീ ഈദ്ഗാ കൃഷ്‌ണ ക്ഷേത്രമാണ് എന്നുള്ളതായിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിഹാറിലും മധ്യപ്രദേശിലുമായി പടര്‍ന്നുകിടക്കുന്ന നാരായണിസേന ഇത് മതപരമായ പ്രശ്‌നമായി ഉന്നയിച്ചിട്ടുണ്ട്. യുപിയില്‍ എസ് പിയുടെ രാഷ്ട്രീയ അടിത്തറ തന്നെ മുസ്ലിങ്ങളും യാദവരും ഒരുമിച്ച് ചേരുന്ന പാർടി എന്നുള്ളതാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതുകൊണ്ട് യാദവരുടെ ഈ സേന മുസ്ലിങ്ങള്‍ക്കെതിരെയുള്ള തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ എസ്‌പി രാഷ്ട്രീയപരമായി ക്ഷീണിക്കുന്ന കാലത്ത് ഇവരെ തീവ്രഹിന്ദുപാളയത്തിലെത്തിക്കാന്‍ ഒരു പ്രശ്‌നവും ബി ജെപിക്കുണ്ടാകില്ല. യുപിയില്‍ എസ്‌പിയുടെ രാഷ്ട്രീയ അടിത്തറ തന്നെ മുസ്ലിങ്ങളും യാദവരും ഒരുമിച്ച് ചേരുന്ന പാർടി എന്നുള്ളതാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതുകൊണ്ട്  ഈ സേന മുസ്ലിങ്ങള്‍ക്കെതിരെയുള്ള തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ എസ്‌പി രാഷ്ട്രീയപരമായി ക്ഷീണിക്കുന്ന കാലത്ത് ഇവരെ തീവ്രഹിന്ദുപാളയത്തിലെത്തിക്കാന്‍ യാതൊരു പ്രശ്‌നവും ബിജെപിക്കുണ്ടാകില്ല. കഴിഞ്ഞ ഡിസംബര്‍ ആറിന്, ബാബ്‌രി പള്ളി തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍, അഖില ഭാരത് ഹിന്ദു മഹാസഭയ്‌ക്കും ശ്രീകൃഷ്‌ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസിനുമൊപ്പം നാരായണിസേനയും മഥുരയിലെ ഷാഹി ഈദ്ഗായില്‍ ജലാഭിഷേകം എന്ന ശുദ്ധികര്‍മം നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. പള്ളി അവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷാഹി ഈദ്ഗായിലേയ്‌ക്ക്‌ നാരായണി സേന സങ്കല്‍പ്പ് യാത്ര നടത്തുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി അത് തടയുകയായിരുന്നു. എസ്‌പിയെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുമെന്ന് അവകാശപ്പെട്ടിരുന്ന ഒരു യാദവ സമൂഹത്തിനെ പ്പോലും ഇത്തരത്തില്‍ അതിഹൈന്ദവവത്കരിച്ച് മുസ്ലിം സമൂഹത്തിനെതിരാക്കാന്‍ സംഘപരിവാറിനായിട്ടുണ്ട്. യാദവര്‍ കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശില്‍ എണ്ണം കൊണ്ട് മുന്നിട്ടുനില്‍ക്കുന്ന കുറുമി സമുദായത്തിലെ പ്രബലരായ പട്ടേല്‍ വിഭാഗത്തിനുള്ളിലുമുണ്ട് സര്‍ദാര്‍ സേന എന്ന സംഘം. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലാണ് സര്‍ദാര്‍ സേന പ്രവര്‍ത്തിക്കുന്നത്. യുപിയിലും മധ്യപ്രദേശിലും ഗുജറാത്തിലും പട്ടേല്‍ വിഭാഗത്തിന് വേരുകളുണ്ട്. ആദ്യകാല ബിഎസ്‌പി നേതാവായിരുന്ന ഡോ. സോനേ ലാല്‍ പട്ടേല്‍ 1995ല്‍ തന്നെ കുറുമി പട്ടേല്‍ വിഭാഗത്തിന്റെ പാർടിയായി അപ്‌നാദള്‍ എന്ന പാർടിക്ക് രൂപം നല്‍കിയിരുന്നു. സോനേലാലിന്റെ മരണശേഷം ഭാര്യ കൃഷ്‌ണ പട്ടേലും മകള്‍ അനുപ്രിയ പട്ടേലും നേതൃത്വം നല്‍കുന്ന ഇരു വിഭാഗങ്ങളായി അപ്‌നാദള്‍ പിളര്‍ന്നപ്പോള്‍ അനുപ്രിയയെയാണ് ബിജെപി കൂടെ നിര്‍ത്തിയത്. പട്ടേല്‍മാര്‍ക്കിടയില്‍ മാത്രമല്ല, കുറുമി സമുദായത്തിലെ ഗാങ്‌വര്‍, സച്ചാന്‍, കത്യാര്‍ തുടങ്ങിയ വിഭാഗങ്ങളിലും അപ്‌നാദളിന് സ്വാധീനമുണ്ട്. അനുപ്രിയ പട്ടേലിനെ 2019ല്‍ കേന്ദ്രമന്ത്രിയാക്കുകകൂടി ചെയ്തതോടെ സമുദായത്തിന്റെ പിന്തുണ ആ വിഭാഗവും ബിജെപിയും ഉറപ്പിച്ചു. ബിജെപി ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വന്‍പ്രതിമയുയര്‍ത്തിയപ്പോള്‍ ബിജെപിയും അപ്‌നാദളും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരോ കുറുമി വീടുകളില്‍നിന്നും ചെറിയ സംഭാവന സ്വീകരിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികവും ബിജെപിയുടെ നേതൃത്വത്തില്‍ തന്നെ ആഘോഷിച്ചു. വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ട ആളായിരുന്നുവെന്നും കോണ്‍ഗ്രസും ജവഹർ ലാല്‍ നെഹ്‌റുവും ചേര്‍ന്ന് അദ്ദേഹത്തെ തഴയുകയായിരുന്നുവെന്നും അത് പട്ടേല്‍ സമുദായത്തോടുള്ള അനീതിയാണെന്നുമുള്ള ബിജെപിയുടെ പ്രചാരണം കുറുമികളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ ജനതാദളിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കുകയും വി പി സിങ് മന്ത്രിസഭയില്‍ അംഗമായിരിക്കുകയും ചെയ്ത രാംപൂജന്‍ പട്ടേലിനെ സമാജ്‌വാദി പാർടി നേതാവ് മുലായം സിങ്ങും ബഹുജന്‍ സമാജ്‌വാദി പാർടി നേതാവ് കന്‍ഷിറാമും ചേര്‍ന്ന് അരുക്കാക്കുകയായിരുന്നുവെന്നും ബിജെപി പ്രചരിപ്പിക്കുന്നു. രാംപൂജന്‍ പട്ടേലിനെ മുലായം സിങ് പാർടി ഓഫീസില്‍പോലും കയറ്റാതെ അവഹേളിച്ചുവെന്നാണ് അവര്‍ക്കിടയില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിയോട് ഇവര്‍ക്കുള്ള അടുപ്പവും വൈകാരികമാണ്. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തോടുള്ള വിധേയത്വത്തിന്റെ ഭാഗമായി ഇപ്പോള്‍ പട്ടേല്‍ സമൂഹം പൊതുവേ മദ്യം, സസ്യേതര ഭക്ഷണം എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കുകയും വീടുകളിലും ആഘോഷങ്ങളിലും അഖണ്ഡ രാമായണ യജ്ഞവും കൃഷ്‌ണ കീര്‍ത്തനങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു. യുപിയിലെ ആകെയുള്ള പിന്നാക്ക സമുദായങ്ങളില്‍ അഞ്ച് ശതമാനത്തോളം വരുന്ന സമൂഹമാണ് ഗദാരിയ. പാല്‍, ബാഗെല്‍, ധാംഗര്‍ തുടങ്ങിയ ജാതിപ്പേരുകൾ ഉപയോഗിക്കുന്ന ഇവര്‍ പരമ്പരാഗതമായി ഇടയസമൂഹമാണ്. കൂടുതലായും പടിഞ്ഞാറന്‍ യുപിയില്‍ കഴിയുന്ന ഇവര്‍ എത്രയോ കാലമായി ബിഎസ്‌പിക്കും എസ്‌പിക്കുമാണ് വോട്ട് ചെയ്ത് പോന്നിരുന്നത്. എന്നാല്‍ ഗദാരിയ സമൂഹം തങ്ങളുടെ സമുദായത്തിന്റെ ആരാധ്യബിംബമായി കണക്കാക്കുന്ന, മഹാത്ത സാമ്രാജ്യത്തിലെ റാണിയായിരുന്ന അഹിലാബായ് ഹോള്‍ക്കറുടെ ഒരു പ്രതിമ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ബിജെപി പണിതുയര്‍ത്തിയതോടെ അവര്‍ ഒന്നടങ്കം ബിജെപിയുടെ പക്ഷത്തായി. എസ്‌പി നേതാവായിരുന്ന എസ് പി സിങ് ബാഗെലും ആര്‍എല്‍ഡി നേതാവായിരുന്ന സാഗരിക സിങ് ബാഗെലും കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നു. എസ് പി സിങ് ഇപ്പോള്‍ കേന്ദ്രമന്ത്രിയുമാണ്. ഇതേ പോലെ തന്നെ 12ാം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തോട് യുദ്ധം ചെയ്ത പ്രഥ്വിരാജ് ചൗഹാനെ ആദരിച്ചുകൊണ്ടാണ്‌ ചൗഹാന്‍ വിഭാഗത്തിനെ ബിജെപി ഒപ്പം നിര്‍ത്തിയത്. അതേസമയം ചൗരാസ്യ പോലുള്ള പിന്നാക്ക സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. വെറ്റില മുറുക്ക് കച്ചവടക്കാരായ ചൗരാസ്യമാര്‍ നേരത്തേ തന്നെ അവരുടെ തൊഴിലിന്റെ പ്രത്യേകത കൊണ്ട് ബ്രാഹ്മണരും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. പൂർവാഞ്ചല്‍ പ്രദേശത്തും ബുന്ദേല്‍ഖണ്ഡിലും കാണ്‍പൂര്‍ മേഖലയിലുമുള്ള ഇവര്‍ക്കിടയില്‍ ഇപ്പോള്‍ മോദി എന്ന ജാതിപ്പേര് ഉപയോഗിക്കല്‍ വ്യാപകമാണ്. പ്രധാനമന്ത്രി മോദിയുടേയും ഇവരുടേയും സമുദായം വ്യത്യസ്തമാണെങ്കിലും ഹിന്ദുത്വയോടുള്ള ഇവരുടെ വിധേയത്വത്തിന്റെ സൂചനയാണ് നേരത്തേ അപൂർ വമായി മാത്രം ഉപയോഗിച്ചിരുന്ന മോദി ജാതിപ്പേര് ഇപ്പോള്‍ വ്യാപകമാകുന്നത് എന്ന് കരുതപ്പെടുന്നു. കിഴക്കൻ യുപിയിലെ 18 ശതമാനം വോട്ടും രാജ്ഭർ എന്ന പിന്നാക്ക സമുദായത്തിന്റേതാണ് എന്നാണ് കണക്ക്. ഈ വോട്ടുകളെ സ്വാധീനിക്കാൻ സംഘപരിവാർ ശ്രമം ആരംഭിച്ചിട്ടും കാലം കുറേയായി. എങ്കിലും രാജ്ഭർ നേതാക്കളിൽ പലരും ബിഎസ്‌പിയിലും എസ്‌പിയിലുമായി നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. വിദ്യാർത്ഥിയായിക്കേ തന്നെ കൻഷിറാമിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ബിഎസ്‌പിയിൽ എത്തിച്ചേർന്ന ഓംപ്രകാശ് രാജ്ഭർ അതിലൊരാളായിരുന്നു. ബിഎസ്‌പിയുടെ രാജ്ഭർ സമുദായ നേതാവ് എന്ന നിലയിൽ പ്രശസ്തനാവുകയും ചെറുപ്പത്തിൽ തന്നെ നിയമസഭയിലേയ്ക്ക് ബിഎസ്‌പി ടിക്കറ്റിൽ മത്സരിക്കുകയും ചെയ്ത ഓംപ്രകാശ് 2001‐ൽ മായാവതിയുമായി പിണങ്ങി പാർടി വിട്ടു. ഡോ. സോനേവാൾ പട്ടേലിന്റെ അപ്നാദളിൽ ചേർന്ന ഓംപ്രകാശ് അപ്നാദൾ യുവവിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനുമായി. എന്നാൽ അടുത്തവർഷം തന്നെ വാരണാസിയിലെ സുഹേൽദേവ് രാജ്ഭർ പാർക്കിൽ സുഹേൽദേവ് ഭാരതീയ സമാജ് പാർടി എന്ന പുതിയ സംഘടനയ്ക്ക് തുടക്കം കുറിച്ചു. അന്നുമുതൽ 2017 വരെ നിരന്തരം തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പലപല സഖ്യങ്ങൾക്ക്‌ ശ്രമിക്കുകയും ചെയ്തുവെങ്കിലും ഫലം കണ്ടില്ല. ഈ ഘട്ടത്തിലാണ് സംഘപരിവാറിന്റെ ദീർഘകാല തന്ത്രം ഫലപ്രദമായത്. നേരത്തേ സൂചിപ്പിച്ച 'ബാദുഷയും രാജാവും' എന്ന കഥയിലെ രാജാ സുഹേൽദേവ് ഇൗ മേഖലയിലെത്തുമ്പോൾ പാസി വംശജനല്ല, മറിച്ച് രാജ്ഭർ സമുദായക്കാരനാണ്. 2016‐ൽ രാജാ സുഹേൽദേവിന്റെ പ്രതിമ ബഹ്റൈച്ചിൽ അനാച്ഛാദനം ചെയ്ത അക്കാലത്തെ ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ, ഉത്തർപ്രദേശിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാനും സുഹേൽദേവിന്റെ പാരമ്പര്യം നിലനിർത്താനും ബിജെപിക്ക് ഒരവസരം നൽകണമെന്ന് രാജ്ഭർ സമുദായത്തോട് അഭ്യർത്ഥിച്ചു. അതേത്തുടർന്ന് 2017‐ലെ തെരഞ്ഞെടുപ്പിൽ സുഹേൽദേവ് ഭാരതീയ സമാജ് പാർടിയേയും രാജ്ഭർ സമൂഹത്തേയും ബിജെപി തങ്ങൾക്കൊപ്പം ചേർത്തു. നാല് സീറ്റുകളിൽ വിജയിച്ച എസ്ബിഎസ്‌പി അധ്യക്ഷൻ ഒ പി രാജ്ഭറിന് സംസ്ഥാനത്ത് മന്ത്രിസ്ഥാനവും നൽകി. പക്ഷേ അതിനൊപ്പം രാജ്ഭർ സമുദായത്തിൽ നിന്ന് സ്വന്തമായി നേതാക്കളെ ബിജെപി വളർത്തിയെടുത്തു. രാജാ സുഹേൽദേവിന്റെ പേരിൽ തീവണ്ടി, തപാൽസ്റ്റാമ്പ് എന്നിങ്ങനെ പല പല പദ്ധതികൾ തുടർച്ചായി പ്രഖ്യാപിച്ച് സമുദായത്തിൽ തങ്ങളുടെ വേരുകൾ ആഴ്ത്തി. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ എസ്ബിഎസ്‌പി സമാജ്വാദി പാർടിക്കൊപ്പം സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ മത്സരിച്ചുവെങ്കിലും രാജ്ഭറുകളുടെ ഒരുവിഭാഗം വോട്ടുകൾ നിലനിർത്താൻ ബിജെപിക്കായി. പൂർവാഞ്ചല്‍ പ്രദേശത്തെ നിഷാദ് സമൂഹത്തിന് സമാനമായി പശ്ചിമ യുപിയില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അതീവ പിന്നാക്ക സമുദായമാണ് കശ്യപ്. നദീതീരവാസികളായ ഇവര്‍ പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട് തൊഴിലുകള്‍ ചെയ്താണ് ഇപ്പോള്‍ ജീവിക്കുന്നത്. സാമ്പത്തികവും വിദ്യാഭ്യാസവുമായ പിന്നാക്കാവസ്ഥകൊണ്ട് രാഷ്ട്രീയനേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ ഇവര്‍ക്കായിട്ടില്ല. വര്‍ഷങ്ങളായി പട്ടികജാതികളിലേയ്‌്ക്ക്‌ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ സമരം ചെയ്യുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. 2005ല്‍ മുലായം സിങ്ങും 2016ല്‍ മകന്‍ അഖിലേഷ് യാദവും ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കോടതിയുടെ ഇടപെടല്‍ മൂലം കഴിഞ്ഞില്ല. 2019ല്‍ യോഗി ആദിത്യനാഥ് ഇത് നടപ്പാക്കിയെങ്കിലും കോടതി തടഞ്ഞു. ഈ ഘട്ടത്തില്‍ പൂർവാഞ്ചലിലെ നിഷാദ് സമൂഹവുമായി സംയുക്തമായി മുന്നേറാന്‍ ഇവര്‍ തീരുമാനിച്ചു. ഇതാകട്ടെ ബിജെപിക്ക് ഗുണമായി മാറി. കാരണം 2014 മുതല്‍ എസ്‌പിയും ബിഎസ്‌പിയുമായി അകലത്തിലാണ് നിഷാദ് സമൂഹം. ഈ ഘട്ടത്തിലാണ് രാമായണത്തിലെ നിഷാദ് രാജാവിന്റെ പിന്തുടര്‍ച്ചക്കാരാണ് നിഷാദ് സമുദായാംഗങ്ങള്‍ എന്ന കഥയുമായി സംഘപരിവാര്‍ കടന്നുവരുന്നത്. വനവാസ കാലത്ത് രാമനെയും സീതയെയും ലക്ഷ്‌മണനെയും ഗംഗ കടക്കാനായി സഹായിക്കുകയും പിന്നീട് അവരുടെ സുഹൃത്തായി മാറുകയും ചെയ്ത രാജാവാണത്രേ നിഷാദ് രാജ്. ഇതേ കഥ മറ്റ് ഭാഗങ്ങളില്‍ വഞ്ചിയൂന്നല്‍ കുലത്തൊഴിലായ മല്ല സമുദായാംഗങ്ങള്‍ക്കിടയില്‍ സംഘപരിവാര്‍ ഉപയോഗിക്കുന്നുണ്ട്. സരയൂനദി താണ്ടാന്‍ രാമനെ സഹായിച്ച വഞ്ചിക്കാരനാണ് മല്ലകളുടെ കുലദൈവം. എന്തായാലും നിഷാദ് വിഭാഗത്തിന് രാഷ്ട്രീയ പ്രാതിനിധ്യവും അധികാരവും നല്‍കിയാണ് ബിജെപി അവര്‍ എസ്‌പിയിലേക്കോ ബിഎസ്‌പിയിലേക്കോ കോണ്‍ഗ്രസിലേക്കോ ഇനി പോകാത്ത വിധം അടുപ്പിച്ചുനിര്‍ത്തുന്നത്. പിന്നാക്ക സമുദായ സാമ്പത്തിക കോര്‍പറേഷന്റെ ചെയര്‍പേഴ്‌സണും പിന്നാക്ക വിഭാഗ കമീഷന്റെ ചെയര്‍പേഴ്‌സണും നിഷാദ് വിഭാഗക്കാരാണ്. അതുകൊണ്ടുതന്നെ നിഷാദ് സമുദായവും കശ്യപ് സമുദായവും കൈകോര്‍ക്കുമ്പോള്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ബിജെപിക്കാണ്. കുറുമികള്‍ക്കിടയിലുള്ള ജസ്വാള്‍ സമൂഹമെല്ലാം പരമ്പരാഗതമായി തന്നെ ബിജെപിക്ക് ഒപ്പം നില്‍ക്കുന്നവരാണ്. മണ്‍പാത്രനിര്‍മാതാക്കളായ പ്രജാപതി സമുദായത്തിനാകട്ടെ പിന്നാക്ക സമുദായ കമീഷന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും മട്ടികല ബോര്‍ഡ് എന്ന പദ്ധതിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും യോഗി ആദിത്യനാഥ് നല്‍കി. മണ്‍പാത്രനിര്‍മാതാക്കള്‍ക്ക് വീട്ടില്‍ ചൂളയും മറ്റ് ഉപകരണങ്ങളും ആധുനികവത്കരിക്കാന്‍ മൂന്ന് ലക്ഷം രൂപ ലോണ്‍ അനുവദിക്കുന്ന ഒരു പദ്ധതിയാണിത്. അതുപോലെതന്നെ കേശ്കല ബോര്‍ഡ്, ഭേഡ് കല ബോര്‍ഡ്, വിശ്വകര്‍മ്മ ബോര്‍ഡ് എന്നിങ്ങനെയുള്ള പദ്ധതികള്‍ രൂപവത്കരിച്ച് അതത് സമുദായാംഗങ്ങളെ അതിന്റെ നേതൃത്വമേല്‍പ്പിച്ചു. പൊതുവായ ഒബിസി കമീഷന്റെ നേതൃ സ്ഥാനം സൈനി വിഭാഗത്തിനും നല്‍കി. ഇതെല്ലാം മഞ്ഞുമലയുടെ അറ്റങ്ങള്‍ മാത്രമാണ്. സംവരണത്തിനും സാമൂഹിക സ്ഥാനങ്ങള്‍ക്കുംവേണ്ടി സവര്‍ണ സമൂഹവുമായി എത്രയോ നീണ്ട രാഷ്ട്രീയ പോരാട്ടം നടത്തി ഉയര്‍ന്നുവന്ന പിന്നാക്ക വിഭാഗത്തെ രാഷ്ട്രീയമായി സംഘപരിവാര്‍ കൈക്കലാക്കിയതെങ്ങനെ എന്നതിന്റെ സൂചനകള്‍ മാത്രം. പതിറ്റാണ്ടുകള്‍ മുമ്പ് വരെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ക്ഷേത്രങ്ങളുടെ പരിസരങ്ങളിലൂടെ സഞ്ചരിക്കുന്നതിനോ വിലക്കുണ്ടായിരുന്ന അതേ ജാതി വിഭാഗങ്ങളെ, അവരെ വിലക്കിയിരുന്ന അതേ രാഷ്ട്രീയം, പുതിയ ക്ഷേത്രങ്ങളുടെ അതിന്റെ ഭരണാധികാരം നല്‍കി ഹൈന്ദവതയുടെ നടത്തിപ്പുകാരായി മാറ്റിയിരിക്കുന്നു. *********** ഒാരോ പിന്നാക്ക സമുദായങ്ങളേയും പ്രത്യേകം പ്രത്യേകമായി പരിഗണിക്കുകയും അവര്‍ക്ക് ചരിത്രത്തിലോ പുരാണത്തിലോ ഉള്ള ആരാധ്യമൂര്‍ത്തികളെ നല്‍കുകയും ചെയ്യുക എന്ന തന്ത്രത്തില്‍ സംഘപരിവാർ വിജയിച്ചു കഴിഞ്ഞു. ഒാരോ പിന്നാക്ക സമുദായങ്ങളേയും ഇത്തരത്തില്‍ പ്രത്യേകം പ്രത്യേകമായി പരിഗണിക്കുകയും അവര്‍ക്ക് ചരിത്രത്തിലോ പുരാണത്തിലോ ഉള്ള ആരാധ്യമൂര്‍ത്തികളെ നല്‍കുകയും ചെയ്യുക എന്ന തന്ത്രത്തില്‍ സംഘപരിവാർ വിജയിച്ചുകഴിഞ്ഞു. ഇത് ജാതികള്‍ക്കുള്ളില്‍ ഉപജാതികളും അതിനുള്ളില്‍ തന്നെ വിടവുകളും സൃഷ്ടിച്ചുകൊണ്ട് പരസ്‌പരം യോജിക്കാത്ത തുരുത്തുകളായി മനുഷ്യരെ മാറ്റിത്തീര്‍ക്കും. അതോടെ ദളിത് എന്നോ പിന്നാക്ക വിഭാഗമെന്നോ ഉള്ള ഒറ്റ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പരസ്‌പരം യോജിച്ച് സവര്‍ണ സമൂഹത്തെ വെല്ലുവിളിക്കുകയില്ല എന്നുറപ്പിക്കാനും. ഈ സമൂഹങ്ങള്‍ക്കെല്ലാം ഉള്ളില്‍ രാഷ്ട്രീയവും സാമുദായികവുമായ വേരുകള്‍ ആഴ്‌ത്തുന്നതിനൊപ്പം സംഘപരിവാര്‍ ഉത്തരേന്ത്യയിലുടനീളം പല സേനകളേയും സൃഷ്ടിച്ചിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച, യാദവര്‍ക്കിടയിലെ നാരായണി സേനയും കുറുമികള്‍ക്കിടയിലെ സര്‍ദാര്‍ സേനയും പോലെ തന്നെ മറ്റനേകം സേനകള്‍ യുപി, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജാതികളെ സംഘടിതരാക്കി ഉപയോഗിക്കുക, മുസ്ലിംവിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുക എന്നിവയാണ് ഇൗ സേനകളുടെ ലക്ഷ്യം. രാഷ്ട്രീയ വീര്‍ ഗുജ്ജര്‍ സേന അതിലൊന്നാണ്. ഒന്‍പത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 2016ല്‍ സ്ഥാപിക്കപ്പെട്ട അവരുടെ ചരിത്രനായകന്‍ ധന്‍സിങ് കോട്‌വാളാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യകാലത്ത് മീററ്റ് പോലീസ് മേധാവിയായിരുന്ന ധന്‍സിങ്ങാണ് നൂറുകണക്കിന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ച് പോരാളികള്‍ക്കൊപ്പം അണിചേര്‍ന്നത്. രാഷ്ട്രീയ വീര്‍ ഗുജ്ജര്‍ സേനയിലെ അംഗങ്ങള്‍ മിക്കവരും കുറച്ചുകാലമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇേപ്പാൾ അവര്‍ക്കെതിരാണ്. ഒന്‍പതാം നൂറ്റാണ്ടിലെ രാജാവായിരുന്ന മിഹിര്‍ ഭോജിനെ ചൊല്ലിയാണ് ഈ വിവാദം. മുസ്ലിം ഗുജ്ജറുകളും ഹിന്ദു ഗുജ്ജറുകളും തമ്മിലുള്ള ബന്ധം ഇണക്കിച്ചേര്‍ത്ത മിഹിര്‍ ഭോജ് പക്ഷേ രാജ്പുത്താണെന്നാണ് ആ സമുദായാംഗങ്ങള്‍ പറയുന്നത്. എന്തായാലും യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം മിഹിർ ഭോജിന്റെ പ്രതിമ സ്ഥാപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പേരിനൊപ്പം ഗുജ്ജര്‍ എന്ന് ചേര്‍ക്കാതിരുന്നത് ആദിത്യനാഥ് രാജ്പുത്തായതുകൊണ്ടാണെന്നാണ് വീര്‍ ഗുജ്ജറുകള്‍ കരുതുന്നത്. മുസ്ലിം ഗുജ്ജറുകളേയും ചേര്‍ത്ത് അവര്‍ പ്രതിഷേധമൊക്കെ സംഘടിപ്പിച്ചുവെങ്കിലും അടിസ്ഥാനപരമായി സംഘപരിവാറിനോട് ചേരാനാകുന്ന രാഷ്ട്രീയമാണ് ഇവര്‍ക്കുമുള്ളത്. മുഗളര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്തതിന്റെ ഗതകാല ചരിത്രം തങ്ങള്‍ക്കുണ്ടെന്ന പ്രാമാണിത്വമാണ് അവരുടെ സംഘടനയുടെ ബലത്തിലൊന്ന്. ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായ താക്കൂര്‍മാര്‍ക്കിടയിലും മഹാറാണാപ്രതാപ് സേന എന്ന പുതിയൊരു സൈനിക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്‌. ബിഹാറിലും മധ്യപ്രദേശിലും യുപിയിലും ദളിതരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള താക്കൂര്‍ ക്രിമിനല്‍ സംഘമായ രൺവീര്‍ സേനയുമായി യുപിയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ ചേര്‍ന്നു പോകാന്‍ ആകില്ല എന്നുള്ളതുകൊണ്ടാണ് മഹാറാണപ്രതാപ്‌ സേനയുമായി ബിജെപി അടുക്കുന്നത്‌. 16ാം നൂറ്റാണ്ടിലെ രജ്പുത്ത് രാജാവായിരുന്ന റാണാ പ്രതാപ് ഒന്നാമന്റെ പാരമ്പര്യമാണ് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ദേശീയത, മുസ്ലീം വിരുദ്ധത എന്നിവയാണ് ഇതിന്റെയും അടിസ്ഥാനം. ഇന്ത്യ, ഹിന്ദുത്വം എന്നീ രണ്ട് കാര്യങ്ങളില്‍ യാതൊരു വീട്ടുവീഴ്‌ചയുമില്ല എന്ന റാണാപ്രതാപിന്റെ നിലപാടാണ് തങ്ങളുടെയും ആപ്തവാക്യമെന്നാണ് പ്രതാപ് സേനയുടെ നേതാക്കള്‍ പറയുന്നത്. യുപിയിലെ അമ്പതിലധികം ജില്ലകളില്‍ റാണാ പ്രതാപ് സേനയുടെ പ്രവര്‍ത്തനം ഉണ്ട്. പുതു തലമുറയ്‌ക്ക്‌ പ്രചോദനമാകാന്‍ ഉത്തര്‍പ്രദേശിലെ സർവ ജില്ലകളിലും ഇപ്പോള്‍ സുല്‍ത്താന്‍പൂരിലും ബഹ്‌റൈച്ചിലുമുള്ളത് പോലെ റാണാ പ്രതാപിന്റെ പ്രതിമകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറയുന്നു. പൂർ‍വാഞ്ചലില്‍ ഫൂലന്‍ സേന എന്ന പേരില്‍ നിഷാദ് സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പമെന്നാണ് പ്രഖ്യാപിച്ചത്. കൊള്ളക്കാരിയും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകയും ഒക്കെയും ആയിരുന്ന ഫൂലന്‍ദേവിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ സംഘടന. മഹാകല്‍ സേന എന്ന പേരുള്ള മറ്റൊരു സംഘടന ഹിന്ദുത്വയുടെ പ്രചാരണം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുക, ഗോമാതാവിനെ സംരക്ഷിക്കുക, ഹിന്ദു സഹോദരിമാരെയും പെണ്‍മക്കളെയും അമ്മമാരെയും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സംഘപരിവാറിന്റെ കീഴിലുള്ള ബജ്‌രംഗ്‌ദള്‍ ചെയ്യുന്ന അതേ പ്രവര്‍ത്തനങ്ങള്‍ കുറച്ച് കൂടി ശബ്ദഘോഷങ്ങളോടെ ചെയ്യുകയാണിവര്‍. വിശ്വഹിന്ദു പരിഷത്തിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചിട്ടുള്ള ആളുകള്‍ തന്നെയാണ് മഹാകൽ സേനയിലുമുള്ളത്. ലവ് ജിഹാദിന് പുറമേ ഭൂമി ജിഹാദ് എന്ന ഒന്നുകൂടി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ ഭൂമി നിയമവിരുദ്ധമായി മുസ്ലിങ്ങള്‍ കൈയേറുന്നുവെന്ന പരാതിയുയര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുകയാണ് പദ്ധതി. ഇതിനാണ് ഭൂമി ജിഹാദ് എന്നൊരു പേര് നല്‍കിയത്. ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തുറന്നുപറയുന്ന കൂട്ടരാണ് മഹാകൽ സേനക്കാർ. ഇവയ്‌ക്കൊപ്പം ചേര്‍ക്കാവുന്ന സംഘമാണ് ക്രാന്തി സേന എന്ന പശ്ചിമ യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടര്‍. ഈ തെരഞ്ഞെടുപ്പിന് മുമ്പായി മുസഫര്‍നഗറില്‍ കർവചൗത്ത്, തീജ് എന്നീ ഹൈന്ദവോത്സവങ്ങള്‍ക്കിടയില്‍ മുസ്ലിങ്ങള്‍ക്കെതിരെ കലാപവും അക്രമം ഇവര്‍ നടത്തി. മുസ്ലിങ്ങള്‍ ‘മെഹന്തി ജിഹാദ്' നടത്തുന്നുവെന്നായിരുന്നു ക്രാന്തി സേനാംഗങ്ങളുടെ ആരോപണം. മൈലാഞ്ചിയിട്ടു നല്‍കുക എന്ന പേരില്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കുന്നുവെന്നാണ് മെഹന്തി ജിഹാദ് എന്ന ആരാപണത്തിന്റെ അടിസ്ഥാനം. ഗോമാതാവുമായി ബന്ധപ്പെട്ട എന്തുകാര്യത്തിലും തങ്ങള്‍ ഇടപെടും എന്നും ഏതെങ്കിലും ഹിന്ദുക്കളും മുസ്ലിങ്ങളുമായി പ്രശ്‌നങ്ങളുണ്ടായാല്‍ ഹിന്ദു സഹോദര്‍ക്കൊപ്പം ക്രാന്തിസേന നില്‍ക്കുമെന്നും അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. *********** ഉത്തര്‍പ്രദേശിലെ ജാതി സമവാക്യങ്ങളെ മാറ്റിമറിച്ച് അവിടെ കടന്നുകയറാന്‍ സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതികളില്‍ പ്രധാനമായിരുന്നു ദളിത് മേഖലകളിലേയ്‌ക്കുള്ള പ്രവേശം. നേരത്തേ സൂചിപ്പിച്ചത് പോലെ രാജ സുഹേല്‍ദേവിനെ മുഗളര്‍ക്കെതിരെ ഹിന്ദുസമൂഹം നടത്തിയ പടയോട്ടത്തിന്റെ നായകനായി പ്രഖ്യാപിച്ചുകൊണ്ട് പാസി സമൂഹത്തെ തങ്ങളിലേയ്‌ക്ക്‌ അടുപ്പിക്കുന്നതിന് സമാന്തരമായി ബാബാ അംബേദ്കറെ അനുസ്മരിക്കാനും അംബേദ്കര്‍ പ്രതിമകള്‍ സ്ഥാപിക്കാനും ബിജെപി തുടക്കമിട്ടു. 2015ല്‍ ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം മഹാജയന്തി ആഘോഷങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഉടനീളം ബിജെപി സംഘടിപ്പിച്ചു. ദളിത് മേഖലകളില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ആഘോഷങ്ങളില്‍ എല്ലാം തന്നെ പല ബിജെപി നേതാക്കളും അവര്‍ കൊണ്ടുവന്ന പ്രാസംഗികരും സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജോതിറാവു ഫൂലേയെക്കുറിച്ചും ഛത്രപതി സാഹു മഹാരാജിനെക്കുറിച്ചും ദീര്‍ഘമായി സംസാരിച്ചു. ഈ സംസാരങ്ങളിലുടനീളം ദളിത് നേതാക്കള്‍ എന്നല്ല, ഹിന്ദു നേതാക്കള്‍ എന്ന രീതിയിലാണ് ഫൂലേയേയും സാഹു മഹാരാജിനേയും സംഘപരിവാര്‍ അവതരിപ്പിച്ചത്. ഈ യോഗങ്ങളിലാണ് പല ദളിത് നേതാക്കളുടെ വീരകഥകള്‍ കൈപ്പുസ്തകങ്ങളായി വിതരണം ചെയ്യാനാരംഭിച്ചത്. ഇതിലാണ് രാജാ സുഹേല്‍ദേവിന്റെ മുഗളര്‍ക്കെതിരെയുള്ള പോരാട്ടമെല്ലാം വിശദീകരിക്കുന്നത്. ആര്‍എസ്എസ് ആകട്ടെ ഇതിനൊപ്പം മഹാരാജ സുഹേല്‍ ദേവ് സേവാ സമിതി, ശ്രാവസ്തി നരേഷ് രാഷ്ട്രവീര്‍ സുഹേല്‍ദേവ് ധര്‍മ്മ രക്ഷാ സമിതി തുടങ്ങിയ സംഘടനകള്‍ക്ക് രൂപം നല്‍കി അവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദളിത് ബസ്തികള്‍ കേന്ദ്രീകരിച്ച് പ്രചാരണമാരംഭിച്ച ആര്‍എസ്എസ് എല്ലാ യോഗങ്ങളിലും അംബേദ്കര്‍ മുസ്ലിങ്ങള്‍ക്കെതിരായിരുന്നുവെന്ന് പ്രചരിപ്പിച്ചു. മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സീറ്റു നല്‍കുന്ന, മുസ്ലിങ്ങളെ പാർടിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്ന ബിഎസ്‌പിയും എസ്‌പിയും അംബേദ്കറെ വഞ്ചിക്കുകയാണ് എന്നും ഈ യോഗങ്ങളില്‍ ആര്‍എസ്എസ് ആവര്‍ത്തിച്ചു. ഇതേ ഘട്ടത്തില്‍ തന്നെ പാസി, കോലി, ധോബി, ഗോണ്ട്, വാല്‍മീകി, കോല്‍ തുടങ്ങിയ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ മായാവതിക്കും ബിഎസ്‌പിക്കും എതിരെ ശക്തമായ പ്രചാരണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ദളിത് ജനസംഖ്യയുടെ പകുതിയോളം വരുന്ന ജാടവ് അഥവാ ചമാര്‍ വിഭാഗത്തിൽപ്പെടുന്ന മായാവതി അവര്‍ക്കുവേണ്ടി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും പാസികളും ധോബികളുമടങ്ങുന്നവര്‍ നിരന്തരം അവഗണന നേരിടുകയാണെന്നുമായിരുന്നു ബിജെപിയുടെ വാദം. അതിനാകട്ടെ വലിയ പ്രചാരവും ലഭിച്ചു. അതോടൊപ്പം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ദളിത് യുവാക്കളെ നേരിട്ട് സംഘപരിവാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം നടക്കുന്നുണ്ടായിരുന്നു. ആദിത്യനാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഹിന്ദു യുവവാഹിനിയുടെ ശാഖകളുടെ അധ്യക്ഷ സ്ഥാനമോ ചുമതലയോ ആയിരുന്നു ആകര്‍ഷകമായ വാഗ്ദാനം. കോലി വിഭാഗത്തില്‍ നിന്നുള്ള നേതാവ് രാംനാഥ് കോവിന്ദിന് രാഷ്ട്രപതി സ്ഥാനം നല്‍കാനുള്ള ബിജെപിയുടെ തീരുമാനമാകട്ടെ ഒറ്റയടിക്ക് ആ സമൂഹത്തിന്റെ ബഹുഭൂരിപക്ഷം വോട്ടുകളും അവര്‍ക്കനുകൂലമാക്കാന്‍ ഉപകരിച്ചു. ഇതിനെ ഫലപ്രദമായി എതിര്‍ക്കാനോ എല്ലാക്കാലത്തും സുരക്ഷിതമെന്ന് കരുതിയിരുന്ന ദളിത് വോട്ട് ബാങ്കിലുണ്ടായിക്കൊണ്ടിരിക്കുന്ന ചോര്‍ച്ച തടയാനോ മായാവതിക്കായില്ല എന്നതും ബിജെപിക്ക് ഗുണമായി ഭവിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്‌പിക്കും ബിഎസ്‌പിക്കും അടക്കം യുപിയിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് രാജ്യസഭാംഗത്വം രാജി വച്ച് പാർടിയെ വീണ്ടും കെട്ടിപ്പെടുക്കാന്‍ ഡല്‍ഹി വിട്ട് ലഖ്‌നൗവില്‍ എത്തിയ മായാവതിയുടെ പ്രവര്‍ത്തനങ്ങള്‍ പക്ഷേ ഫലപ്രദമായില്ല. അതിനിടെ ഈ പ്രതിസന്ധികള്‍ക്കെല്ലാം ഇടയിലും സീനിയോറിറ്റിയോ ജനപിന്തുണയോ ഒന്നും പരിഗണിക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കൊടുക്കുകയാണ് എന്ന പരാതി ബിഎസ്‌പിയില്‍ മായാവതിക്കെതിരെ ഉയര്‍ന്നു. രണ്ട് കോടി മുതല്‍ പത്ത് കോടി രൂപവരെ വാങ്ങിയാണ് ഈ കച്ചവടമെന്നും പലരും മുറുമുറുത്തു. 2016 ജൂണില്‍ ബിഎസ്‌പി വിട്ട് ബിജെപിയിലേക്ക്‌ പോയ സ്വാമി പ്രസാദ് മൗര്യയെന്ന നേതാവ് ‘മായാവതി കാന്‍ഷിറാമിന്റെ പാരമ്പര്യത്തെ വിറ്റ് കാശാക്കുകയാണ്, പാർടിയെ കച്ചവടമാക്കി മാറ്റിയ ദല്ലാളാണ് അവര്‍' എന്ന് ആരോപിച്ചു. സ്വാമി പ്രസാദ് മൗര്യ പാർടി വിട്ടത് ആദര്‍ശം കൊണ്ടല്ല, സ്വന്തം ബന്ധുക്കള്‍ക്ക് സീറ്റ് ലഭിക്കാത്തതുകൊണ്ടാണെന്നും സ്ഥാനാര്‍ത്ഥികളില്‍ നിന്ന് കാശ് മേടിക്കുന്നതിന്റെ ഇടനിലക്കാരന്‍ മൗര്യയായിരുന്നുവെന്നും ആരോപിക്കുന്നവര്‍ ധാരാളം ഉണ്ടെങ്കിലും ഇൗ വിവാദം അണികള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. ബിഎസ്‌പിക്കും എസ്‌പിക്കും അവര്‍ക്ക് മുമ്പ് കോണ്‍ഗ്രസിനും നിര്‍ണായകമായി ഗുണം ചെയ്തിട്ടുള്ള, സംസ്ഥാനത്തെ മൊത്തം വോട്ടുകളുടെ 20 ശതമാനത്തോളം വരുന്ന ദളിത് സമൂഹത്തിന്റെ പകുതിയെങ്കിലും തങ്ങള്‍ക്കൊപ്പം നിന്നാല്‍ എന്നെന്നേക്കുമായി സംസ്ഥാനത്ത് വേരുറപ്പിക്കാം എന്ന സംഘപരിവാറിന്റെ പദ്ധതി വിജയിക്കാനാരംഭിക്കുകയായിരുന്നു. ആകെയുള്ള ദളിത് ജനസംഖ്യയില്‍ പകുതിയോളം വരുന്ന ജാടവ്/ചമാര്‍ സമൂഹം ബിഎസ്‌പിക്കൊപ്പം നിന്നുവെങ്കിലും മറ്റ് വിഭാഗങ്ങളില്‍ ഭൂരിപക്ഷവും 2014ന് ശേഷം ബിജെപിക്ക് ഒപ്പം ചേര്‍ന്നു. എന്നിട്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 22 ശതമാനത്തോളം വോട്ട് ബിഎസ്‌പിക്ക് നേടാനായി. ദളിത് ബസ്തികളിലെ ജീവിതം യോഗി ആദിത്യനാഥിന്റെ കാലത്ത് മെച്ചപ്പെടുകയൊന്നും ചെയ്തില്ലെങ്കിലും അഞ്ചാം വര്‍ഷത്തിന്റെ അവസാനമായപ്പോഴേക്കും റേഷനെത്തി. ഗോതമ്പും പരിപ്പും കടുകെണ്ണയും അടങ്ങുന്ന ആ റേഷന്‍ അവിടെ പ്രധാനമായിരുന്നു. എന്നാല്‍ ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പിയുമായി ബിജെപി രഹസ്യധാരണയുണ്ടാക്കി എന്നാണ് യുപിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തരും തെരഞ്ഞെടുപ്പ് നിരീക്ഷണ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പിനിടയില്‍ അമിത് ഷാ ബിഎസ്‌പിയെയും മായാവതിയേയും പ്രശംസിച്ച് സംസാരിച്ചത് ഈ സംശയത്തെ കൂടുതല്‍ ദൃഢമാക്കി. ദളിത് വോട്ടുകളും മുസ്ലിം വോട്ടുകളും നേടാന്‍ കഴിയുന്ന മായാവതിയുടെ അടിത്തറ ഇപ്പോഴും ഭദ്രമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. മുസ്ലിം വോട്ടിനെ വിഭജിപ്പിക്കുക, ഉറച്ച ജാടവ വോട്ട് ബാങ്കിനെ പോലും ബിജെപിക്കനുകൂലമായി ബലികഴിക്കുക എന്നീ ദൗത്യങ്ങളാണ് ബിജെപി മായാവതിയെ ഏല്‍പ്പിച്ചതെന്നാണ് ആരോപണം. ആരോപണം എന്തായാലും ചുരുങ്ങിയത് 27 സീറ്റുകളിൽ സമാജ്വാദി പാർടിയുടെ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ബിഎസ്‌പി കാരണമായിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലിം സമൂഹത്തിന്റെ രക്ഷകനായി ഒരു വിഭാഗം അവതരിപ്പിക്കുന്ന അസാദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ചുരുങ്ങിയത് ഏഴ് സീറ്റുകളിലും സമാജ്വാദി പാർടിയെ തോൽപ്പിക്കാൻ ബിജെപിയെ സഹായിച്ചിട്ടുണ്ട്. എന്നാൽ ബിഎസ്‌പിയുടെ മുസ്ലിം സ്ഥാനാർത്ഥികൾ വിചാരിച്ചതുപോലെ മുസ്ലിം വോട്ടുകളെ വിഭജിക്കുന്നതിൽ വിജയിച്ചിട്ടില്ല എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് പോൾ ചെയ്ത മുസ്ലിം വോട്ടുകളുടെ 85 ശതമാനവും എസ്‌പിക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. അപ്പോൾ ചെറിയ വിഭാഗം മുസ്ലിം വോട്ട് പിടിക്കുക മാത്രമല്ല, ബിഎസ്‌പി ഈ സീറ്റുകളിൽ തങ്ങളുടെ ഉറച്ച ജാടവ് വോട്ടുകൾ ബിജെപിയിലെത്തിച്ചുവോ എന്നും സംശയമുണരുന്നു. സംസ്ഥാനത്തെ പട്ടിക ജാതി സംവരണ സീറ്റുകളിൽ ഒന്നിൽപോലും ബിഎസ്‌പി ജയിച്ചിട്ടില്ല എന്ന വാസ്തവം നിലനിൽക്കുന്നുണ്ട്. ജയിച്ച ബിഎസ്‌പി സ്ഥാനാർത്ഥി മേൽജാതിക്കാരനാണ്. ബിഎസ്‌പിയുടെ ഉറച്ച വോട്ട് ബാങ്കായ ജാടവ് സമുദായത്തിനിടയിൽനിന്ന് 2022‐ൽ 29 എംഎൽഎമാർ ഉണ്ടായിട്ടുണ്ട്‌. അതിൽ 19‐ഉം ബിജെപിക്കാരാണ് എന്നുള്ളതും ഓർക്കണം. ബാക്കി പത്തുപേരും എസ്പിയുടെ പ്രതിനിധികളാണ്. രാജ്‌നാഥ് സിങ്ങിന് ശേഷം ഒരു രജ്പുത്തിനെ മുഖ്യമന്ത്രിയായി ലഭിച്ചതില്‍ സന്തുഷ്ടരായ രജ്‌പുത്തുകൾ കാലങ്ങള്‍ക്ക് മുമ്പുള്ള അതേ പ്രക്രിയകള്‍ ഇക്കാലത്ത് പുനരാരംഭിച്ചിരുന്നു. അത് രൺവീര്‍ സേനയുടെ മോഡലില്‍ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളാണ്. സംസ്ഥാനത്തുടനീളം ദളിതര്‍ ആക്രമണങ്ങള്‍ നേരിട്ടു. എന്നാല്‍ അത്‌ സംബന്ധിച്ച വാർത്തകള്‍ പരക്കാതിരിക്കാന്‍ ബിജെപി തങ്ങളുടെ മുഴുവന്‍ സംഘടനാ തന്ത്രങ്ങളും ഉപയോഗിക്കുകയും മാധ്യമങ്ങളെ വരുതിയിലാക്കുകയും ചെയ്തു.  ഹഥ്‌റാസില്‍ ഒരു ദളിത് പെണ്‍കുട്ടിയെ താക്കൂര്‍മാര്‍ ബലാത്സംഗം ചെയ്ത് നടുവൊടിച്ച് കൊല്ലുകയും മൃതദേഹം പൊലീസ് സഹായത്തോടെ നശിപ്പിക്കുകയും ചെയ്തത് പോലും പിന്നീട് മറവിയിലേക്ക്‌ മറഞ്ഞു. അതിന് സഹായിക്കുന്ന തരത്തിലുള്ള  നേതാക്കളെ ദളിത് സമൂഹത്തിനുള്ളില്‍ നിന്ന് ബിജെപി സൃഷ്ടിച്ചിട്ടുണ്ട്.   ഹഥ്‌റാസില്‍ ഒരു ദളിത് പെണ്‍കുട്ടിയെ താക്കൂര്‍മാര്‍ ബലാത്സംഗം ചെയ്ത് നടുവൊടിച്ച് കൊല്ലുകയും മൃതദേഹം പോലീസ് സഹായത്തോടെ നശിപ്പിക്കുകയും ചെയ്തത് പോലും പിന്നീട് മറവിയിലേയ്‌ക്ക്‌ മറഞ്ഞു. അതിന് സഹായിക്കുന്ന തരത്തിലുള്ള ബിജെപി നേതാക്കളെ ദളിത് സമൂഹത്തിനുള്ളില്‍നിന്ന് ബിജെപി സൃഷ്ടിച്ചിട്ടുണ്ട്. അതിനുള്ള ഉദാഹരണമാണ് ഹഥ്‌റാസില്‍ നിന്നുള്ള ബിജെപിയുടെ എംപി രാജ്‌വീര്‍ ദിലര്‍. നേരത്തെ എംഎല്‍എയായിരുന്ന രാജ്‌വീര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കയ്യില്‍ ഒരു സ്റ്റീല്‍ കപ്പുമായാണ് സഞ്ചരിച്ചത്. പ്രചാരണ വേളയില്‍ മേല്‍ജാതിക്കാരുടെ വസതിയില്‍ വോട്ട് ചോദിച്ച് പോകേണ്ടി വരും. ആ സമയത്ത് അവര്‍ ചായയോ വെള്ളമോ തന്നാല്‍ അവരുടെ പാത്രം തൊട്ട് അശുദ്ധമാക്കാതിരിക്കാനാണത്രേ ഇത്. മേല്‍ജാതിക്കാരുടെ വസതിയിൽ രാജ്‌വീര്‍ ദിലര്‍ കസേരയില്‍ ഇരിക്കില്ല. നിലത്തേ ഇരിക്കൂ. മേല്‍ജാതിക്കാരുടെ കാല്‍ എപ്പോഴും തൊട്ട് വണങ്ങി മാപ്പ് ചോദിക്കും. തന്നെ എംഎല്‍എയായി കാണേണ്ടതില്ല, വീട്ടിലെ ജോലിക്കാരനായി കണ്ടുകൊള്ളൂവെന്നാണ് നിരന്തര അഭ്യര്‍ത്ഥന. ഫൂലെയും സാഹു മഹരാജും മുതല്‍ അംബേദ്‌റും കാന്‍ഷിറാമും വരെയുള്ളവര്‍ ഏത് സാമൂഹികമാറ്റം ഉണ്ടാക്കാനാണോ പ്രയത്‌നിച്ചത്, അതിനെ അട്ടിമറിച്ച് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്റെ വഴിയില്‍ കൊണ്ടുവരാനുള്ള ഉപകരണങ്ങളായി ഇത്തരം നേതാക്കളെ സംഘപരിവാര്‍ ഉപയോഗിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് രാജ്‌വീര്‍ ദിലര്‍. ‘പരമ്പരാഗത്‌ ആദത്ത് ’ അഥവാ പരമ്പരാഗതമായ രീതികള്‍ ആണ് താന്‍ പിന്‍തുടരുന്നത് എന്നാണ് രാജ്‌വീര്‍ എപ്പോഴും പറയുക. അംബേദ്കര്‍ എഴുതിയുണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ പകരം ഈ പരമ്പരാഗത്‌ ആദത്ത് കൊണ്ടുവരാനാണ് എല്ലാക്കാലത്തും സംഘപരിവാര്‍ ശ്രമിക്കുന്നത്. ഹഥ്‌റാസില്‍ താക്കൂര്‍മാര്‍ അതിക്രൂരമായി കൊന്ന് കത്തിച്ചുകളഞ്ഞ, വാല്‍മീകി സമുദായക്കാരി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ, അതേ സമുദായക്കാരനായ രാജ്‌വീര്‍ ദിലര്‍ കേസ് ഉപേക്ഷിച്ചാല്‍ പണം തരാമെന്ന് പ്രലോഭിപ്പിച്ചതായും അക്കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. ************ ദളിത് പിന്നാക്ക വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക മാത്രമല്ല, തങ്ങളുടെ വോട്ട് ബാങ്കുകളായ സവര്‍ണ വോട്ടര്‍മാരെ പിടിച്ചുനിര്‍ത്താനും ബിജെപി വഴികള്‍ കണ്ടെത്തിയിരുന്നു. താക്കൂര്‍മാര്‍ക്ക് ഭരണത്തില്‍ ലഭിക്കുന്ന വലിയ സ്വാധീനവും ശക്തിയും ബ്രാഹ്മണരടക്കമുള്ള വോട്ടര്‍മാരെ തെല്ല് ചൊടിപ്പിച്ചിരുന്നുവെങ്കിലും ദേശീയ തലത്തില്‍ ഹൈന്ദവത നിലനിര്‍ത്താനും ഇന്ത്യയെ മുന്നോട്ടുനയിക്കാനും ബിജെപിയും മോദിയുമല്ലാതെ മറ്റാരുമില്ലെന്നും മോദിക്ക് ശക്തിപകരുക എന്ന ദൗത്യമാണ് യോഗി ആദിത്യനാഥ് നിറവേറ്റുന്നതെന്നും ഇവര്‍ ഫലപ്രദമായി പ്രചരിപ്പിച്ചു. അതിന്റെ പ്രതിഫലനവും തെരഞ്ഞെടുപ്പിലുണ്ടായി. ജയിച്ച ബിജെപി സ്ഥാനാർഥികളിൽ ഭൂരിപക്ഷവും സവർണരാണ്. ഏതാണ്ട് മൂന്നിലൊരാൾ. ബ്രാഹ്മണർക്കുതന്നെയാണ് യുപിയിൽ നിയമസഭയിൽ കൂടുതൽ പ്രാതിനിധ്യം‐ 52 പേർ. അതിൽ 46 പേരും ബിജെപിക്കാർ. യോഗി ആദിത്യനാഥ് അടക്കമുള്ള 43 രാജ്പുത്തുകളും ബിജെപിയെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ട്. ഏതാണ്ട് ഇരുപത് ശതമാനത്തോളം മുസ്ലിങ്ങളുള്ള യുപിയിൽ മുസ്ലിം എംഎൽഎമാരുടെ എണ്ണം 34 മാത്രമാണ്. എട്ട് ശതമാനത്തോളം. എസ്‌പി ഒഴികെയുള്ള ഒരു പാർടിക്കും മുസ്ലിം പ്രതിനിധികളില്ല. മേല്‍ജാതിക്കാര്‍ക്ക് ഇടയ്‌ക്കുണ്ടാകാന്‍ സാധ്യതയുള്ള അസംതൃപ്തികളെ സംഘപരിവാര്‍ മുന്‍കൂട്ടിക്കണ്ടിരുന്നു. അങ്ങനെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മേല്‍ജാതിക്കാരെ നയിക്കുന്ന സന്യാസി സംഘങ്ങളേയും ക്ഷേത്രമഠാധിപതികളേയും രാഷ്ട്രീയവത്കരിക്കാന്‍ അവര്‍ ശ്രമം ആരംഭിച്ചത്. അതുകൊണ്ടുതന്നെ നിരന്തരം ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്തിന്റെ ബാനറില്‍ സന്യാസിമാരെ വിളിച്ച് ചേര്‍ത്ത് ധര്‍മ്മ സന്‍സദ് എന്ന പേരില്‍ ചര്‍ച്ചകളും യോഗങ്ങളും നടത്തിയിരുന്നു. സമൂഹത്തില്‍ മതവൈരം പടര്‍ത്തുക മുതല്‍ ഹിന്ദുക്കള്‍ക്കുവേണ്ടി ആഹ്വാനങ്ങളും വെല്ലുവിളികളും നടത്തുക എന്നതുവരെയാണ് ഈ സന്‍സദുകള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഈ ഘട്ടമായപ്പോഴേക്കും ആര്‍എസ്എസിനുവേണ്ടി ധര്‍മ്മ സന്‍സദുകള്‍ വിളിച്ചുചേര്‍ക്കാന്‍ സന്യാസികള്‍ തന്നെ മുന്നോട്ടു വന്ന് തുടങ്ങി. അതിലൊന്നാണ് പഴയ ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്ന ഹരിദ്വാറില്‍ ഡിസംബര്‍ അവസാനം നടന്നത്. വിഷലിപ്തമായ പ്രസംഗങ്ങള്‍ കൊണ്ടും വെറുപ്പും അക്രമാസക്തതയും അന്യമതവിദ്വേഷങ്ങളും നിർലോഭം പ്രദര്‍ശിപ്പിച്ചുകൊണ്ടും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളുടെ കേളികൊട്ടായി മാറി ആ സന്യാസി സന്‍സദ്. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന ആഹ്വാനവും മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതില്‍ നാഥുറാം ഗോഡ്‌സെയ്‌ക്കുള്ള പ്രശംസകളും അവിടെ ഉയര്‍ന്നുകേട്ടു. ഇത് സംഘടിപ്പിച്ച ഹരിദ്വാര്‍ ധര്‍മ്മ സന്‍സദ് ആര്‍എസ്എസുമായി നേരിട്ട് ബന്ധമുള്ള സംഘമാണ്. ഇതിന്റെ നേതാക്കളായ പ്രബോധാനന്ദ ഗിരിയും (ഹിന്ദു രക്ഷാസേന, സനാതന്‍ ധര്‍മ മഹാസംഘ് തുടങ്ങി ഒട്ടേറെ ഹിന്ദുമത സംഘടനകളുടെ തലവന്‍), യതീന്ദ്രനാഥ് ഗിരിയും (ജൂനാ അഖാരയിലെ ഏറ്റവും മുതിര്‍ന്ന സന്യാസികളിലൊരാള്‍) മുന്‍ ആര്‍എസ്എസ് പ്രചാരകരാണ്. അവിടെ ഏറ്റവും വലിയ കലാപപ്രസംഗം നടത്തിയ, ജൂനാ അഖാരയിലെ മറ്റൊരു മുതിര്‍ന്ന സന്യാസി, യതി നര്‍സിംഹാനന്ദും സംഘപരിവാറിന്റെ രാഷ്ട്രീയ മുഖങ്ങളിലൊരാളാണ്. ഈ സന്യാസിക്കൂട്ടങ്ങളും ആര്‍എസ്എസും തമ്മിലുള്ള ബന്ധം മനസ്സിലാകണമെങ്കില്‍ വിഎച്ച്പി എന്ന വിശ്വഹിന്ദു പരിഷത്തിന്റെ രൂപവത്കരണത്തെ ക്കുറിച്ചറിയണം. ആര്‍എസ്എസിന്റെ ഇന്ന് കാണുന്ന ഉപസംഘടനകളില്‍ സിംഹഭാഗത്തിനും തുടക്കം കുറിച്ച അവരുടെ രണ്ടാം മേധാവി എം എസ് ഗോൾവാള്‍ക്കര്‍ തന്നെയാണ് വിഎച്ച്പിയും രൂപീകരിച്ചത്. ഗോൾവാള്‍ക്കറിന്റെ താത്പര്യപ്രകാരം മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എസ്എസ് ആപ്‌തേ ആദ്യത്തെ ജനറല്‍ സെക്രട്ടറിയും സ്വാമി ചിന്മയാന്ദ് പ്രസിഡന്റുമായി. 1964ലായിരുന്നു അത്തരത്തില്‍ ആര്‍എസ്എസ് പ്രചാരകരും ഹിന്ദു മതമേധാവികളും തമ്മില്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നത്. അതേവര്‍ഷം തന്നെ എസ്എസ് ആപ്‌തേ യഥാര്‍ത്ഥത്തില്‍ വിഎച്ച്പിയുടെ ലക്ഷ്യമെന്താണ് എന്ന് വ്യക്തമാക്കി. ‘ലോകം മൂന്നായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്ത്യാനികളും ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും. ഹിന്ദുസമൂഹത്തെ ഊറ്റിത്തിന്നാണ് ഇത് മൂന്നും ചീര്‍ക്കുന്നത്. ഇതുകൊണ്ട് ഇവയുടെ മൂന്നിന്റേയും തിന്മനിറഞ്ഞ കണ്ണുകളില്‍നിന്ന് ഹിന്ദുസമൂഹത്തെ രക്ഷിക്കാനായി സംഘടിക്കേണ്ടതുണ്ട്.' തുടര്‍ന്നുള്ള കാലത്ത് പതുക്കെ പതുക്കെ സന്യാസികള്‍ക്കിടയില്‍ ആര്‍എസ്എസ് പ്രചാരകരെ ഉണ്ടാക്കിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. 1984ല്‍ വിശ്വഹിന്ദു പരിഷദ് ആദ്യ ധര്‍മ്മ സന്‍സദ് വിളിച്ച് ചേര്‍ക്കുകയും അയോധ്യയിലെ ബാബ്‌രി പള്ളി നിലനില്‍ക്കുന്നിടത്ത് നിന്ന് ‘രാമജന്മഭൂമി' വീണ്ടെടുക്കണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. തുടര്‍ന്നുള്ളത് ചരിത്രമാണ്. 1992 ഡിസംബര്‍ ആറിന് ബാബ്‌രിപള്ളി തകര്‍ത്ത്‌ പൊളിച്ചടുക്കിയ ഇന്ത്യന്‍ മതേതരത്വത്തിനുമേല്‍ മതരാഷ്ട്രത്തിന്റെ രാമക്ഷേത്രം യുപിയില്‍ ഉയരുന്നുണ്ട്. വാരണാസിയെന്ന കാശിയില്‍ പ്രധാനമന്ത്രി തന്നെ ഉറപ്പുകള്‍ നല്‍കുന്നുണ്ട്. മഥുരയില്‍ പള്ളി പൊളിച്ച് കൃഷ്‌ണക്ഷേത്രം പണിയാനുള്ള രാഷ്ട്രീയ ആലോചനകള്‍ ശക്തവുമാണ്. 1992 ഡിസംബര്‍ ആറിന് ബാബ്‌രിപള്ളി തകര്‍ത്ത വിശ്വഹിന്ദുപരിഷത്‌, ആര്‍എസ്എസ്, ബജ്‌രംഗ്‌ദള്‍, ബിജെപി പ്രവര്‍ത്തകര്‍ ഏകകണ്ഠമായി വിളിച്ച മുദ്രവാക്യം ഇതായിരുന്നു ‐ ‘യേ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാകി ഹേ!’ എന്നുവച്ചാല്‍ ഇത് റിഹേഴ്‌സല്‍ മാത്രമാണ്, കാശിയും മഥുരയും ബാക്കിയുണ്ട് എന്ന്. അന്ന് പൊളിച്ചടുക്കിയ ഇന്ത്യന്‍ മതേതരത്വത്തിനുമേല്‍ മതരാഷ്ട്രത്തിന്റെ രാമക്ഷേത്രം യുപിയില്‍ ഉയരുന്നുണ്ട്. വാരണാസിയെന്ന കാശിയില്‍ പ്രധാനമന്ത്രി തന്നെ ഉറപ്പുകള്‍ നല്‍കുന്നുണ്ട്. മഥുരയില്‍ പള്ളി പൊളിച്ച് കൃഷ്‌ണക്ഷേത്രം പണിയാനുള്ള രാഷ്ട്രീയ ആലോചനകള്‍ ശക്തവുമാണ്. മതവൈരവും വെറുപ്പും വിദ്വേഷവും മാത്രം പ്രചരിപ്പിച്ച ഹരിദ്വാറിലെ സന്യാസിക്കൂട്ടം ബിജെപിക്കൊപ്പം നില്‍ക്കുന്ന സവര്‍ണസമൂഹത്തിന് നല്‍കിയ ഉറപ്പുകള്‍ ഇതാണ്: മുസ്ലിങ്ങള്‍ക്കെതിരെ കൂട്ടക്കൊലയ്‌ക്ക്‌ ആഹ്വാനം നല്‍കുന്ന, മഹാത്മാഗാന്ധിയുടെ കൊലപാതകിയെ വാഴ്‌ത്തുന്ന, ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുന്ന ആ വിദ്വേഷ രാഷ്ട്രീയം തന്നെയാണ് ഇപ്പോഴും സംഘപരിവാറിന്റേയും ബിജെപിയുടേയും അടിത്തറ. ഈ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ 2024ലേയ്‌ക്കും തുടര്‍ന്നുള്ള ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്കുമുള്ള വഴികളാണ് തുറക്കുന്നത്. ഇതേ ആഹ്വാനം ഒരു ബിജെപി നേതാവും തെരഞ്ഞെടുപ്പിനിടെ യുപിയില്‍ സവര്‍ണസമൂഹങ്ങള്‍ക്ക് നല്‍കി. നിങ്ങളുടെ താൽക്കാലിക പ്രയാസങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളെയും മറന്ന് ബിജെപിക്ക് വോട്ടുചെയ്യുക, രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അതാവശ്യമാണ്. അതിലെല്ലാം ഉപരി, ഇത്തരത്തില്‍ ഒരോ മണ്ഡലത്തിന്റേയും പ്രത്യേകതകളും സ്വഭാവങ്ങളും മനസ്സിലാക്കി ഓരോ ഇടത്തും ജയിക്കാനാവശ്യമായ സോഷ്യല്‍ എൻജിനിയറിങ് നടത്തി, ചെറുകിട സമൂഹങ്ങള്‍ക്കുവരെ പ്രാതിനിധ്യവും വാഗ്ദാനവും നല്‍കി, വോട്ടുറപ്പാക്കാന്‍ ശ്രമിച്ച ബിജെപി, യുപിയുടെ മൊത്തം വോട്ടര്‍മാരില്‍ 18 ‐ 19 ശതമാനത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിം സമുദായത്തിൽപ്പെട്ട ഒരംഗത്തിനുപോലും 403 സീറ്റുകളില്‍ ഒന്നുപോലും നല്‍കേണ്ടതില്ല എന്ന് ഒരിക്കല്‍കൂടി തീരുമാനിച്ചിരുന്നു. അത് മുസ്ലിം സമൂഹത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും നല്‍കുന്ന ഭീതിപ്പെടുത്തുന്ന ഒരു സന്ദേശം ഉണ്ട്. അതാണ് യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ മൊത്തം ചിത്രം. അതുതന്നെയാണ് സംഘപരിവാര്‍ 2024നായി ഒരുക്കുന്ന തന്ത്രവും  . (ദേശാഭിമാനി വാരികയിൽ നിന്ന്)     Read on deshabhimani.com

Related News