ധിഷണാശാലി; പോരാളി



കണ്ണൂർ രാജ്യത്തെ ഫാസിസ്‌റ്റുവിരുദ്ധ പോരാട്ടങ്ങളുടെയും ജനകീയസമരങ്ങളുടെയും കരുത്തുറ്റ മുഖമാണ്‌ സീതാറാം യെച്ചൂരി. മികച്ച വാഗ്‌മിയും പാർലമെന്റേറിയനും എഴുത്തുകാരനുമായ യെച്ചൂരി, വൈജ്ഞാനിക മണ്ഡലങ്ങളിൽ ഗാഢമായ പാണ്ഡിത്യമുള്ള വ്യക്തിത്വമാണ്‌.  ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിൽ പ്രാവീണ്യവുമുണ്ട്‌. അടിയന്തരാവസ്ഥയിലെ തീച്ചൂടാണ് യെച്ചൂരിയിലെ രാഷ്ട്രീയപ്രവർത്തകനെ സ്ഫുടംചെയ്‌തെടുത്തത്‌. ആന്ധ്രയിൽ കിഴക്കൻ ഗോദാവരി ജില്ലയിലെ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പകത്തിന്റെയും മകനായി 1952 ആഗസ്ത് പന്ത്രണ്ടിനാണ്‌ സീതാറാം യെച്ചൂരി ജനിച്ചത്. ജനനം ചെന്നൈയിലാണെങ്കിലും ബാല്യം ഹൈദരാബാദിൽ. ജെഎൻയു ടെന്നീസ് ടീം ക്യാപ്റ്റനായിരുന്നു. ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർ സെക്കൻഡറിക്ക് പഠിക്കുമ്പോൾ സിബിഎസ്‌ഇ പരീക്ഷയിൽ രാജ്യത്ത് ഒന്നാംറാങ്ക് നേടി. അച്ഛന് ഡൽഹിക്ക് സ്ഥലംമാറ്റമായപ്പോൾ ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഓണേഴ്സ് പഠനം. എംഎ ഇക്കോണമിക്‌സിന് ജെഎൻയുവിൽ ചേർന്നതോടെ എസ്എഫ്ഐ അംഗമായി. 1975ൽ സിപിഐ എം അംഗത്വം. സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥയിൽ  അറസ്റ്റിലായതോടെ ഗവേഷണം മുടങ്ങി. മൂന്നുവട്ടം ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി. മറ്റാർക്കും ഇതിനു കഴിഞ്ഞിട്ടില്ല.  1984ൽ അഖിലേന്ത്യാ പ്രസിഡന്റ്. ഇതേവർഷം സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായി. 1985ൽ കൊൽക്കത്തയിൽ ചേർന്ന 12–-ാം പാർടി കോൺഗ്രസിൽ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള എന്നിവർക്കൊപ്പം കേന്ദ്ര കമ്മിറ്റിയിൽ എത്തി. തിരുവനന്തപുരത്ത് ചേർന്ന 13–-ാം പാർടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടറിയറ്റിൽ. 1992ൽ ചെന്നൈയിൽ ചേർന്ന 14–-ാം പാർടി കോൺഗ്രസിൽ പിബി അംഗമായി. പാർടിയുടെ അന്താരാഷ്ട്രവിഭാഗത്തിന്റെ ചുമതലയും വഹിച്ചു. നേപ്പാളിൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ ജനാധിപത്യത്തിലേക്ക് മടങ്ങിയതിനുപിന്നിലും യെച്ചൂരിക്ക്‌ പങ്കുണ്ട്‌. 2005 മുതൽ 12 വർഷം ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന യെച്ചൂരി, മോദിസർക്കാരിനെതിരെയുള്ള  പോരാട്ടത്തിൽ മുന്നണിയിലുണ്ട്. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന് ഭേദഗതി അവതരിപ്പിച്ച് പാസാക്കി ചരിത്രത്തിൽ ഇടംനേടി.  ജമ്മു -കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ്‌ വെട്ടിമുറിച്ചതിനും പൗരത്വനിയമ ഭേദഗതിക്കും എതിരായ മുന്നേറ്റങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു. 2004ൽ ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിക്ക് രൂപംനൽകിയ സമിതിയിലെ സിപിഐ എം പ്രതിനിധിയായിരുന്നു. ആണവകരാർ വിഷയത്തിൽ സർക്കാരും ഇടതുപക്ഷപാർടികളും തമ്മിൽ രൂപീകരിച്ച ഏകോപനസമിതിയിലും അംഗമായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തക സീമ ചിഷ്തിയാണ് ഭാര്യ. മൂന്നു മക്കൾ.   Read on deshabhimani.com

Related News