ദേശാഭിമാനി വാർത്തകൾ വായിക്കുന്നത്‌ ഷഫീന



നാട്ടിക> വാട്സാപ്പ് ഗ്രൂപ്പുകളിൽ  ദേശാഭിമാനി പത്രം വായിച്ച് കേൾപ്പിച്ച് വ്യത്യസ്ത പ്രചാരണവുമായി നാട്ടിക സ്വദേശിനി ഷഫീന മജീദ്. ദേശാഭിമാനി പത്രം വായിക്കാൻ കഴിയാത്തവരിലേക്ക്  വാർത്തകളെത്തിച്ച് ദേശാഭിമാനി പ്രചരിപ്പിക്കുകയാണ് ഷഫീന മജീദ്.  പത്രം വായിക്കാൻ കഴിയാത്തവരിലേക്ക്  വാർത്തകൾ എത്തിക്കുക എന്നലക്ഷ്യത്തോടെ  നാല് വാട്സാപ്പ് ഗ്രൂപ്പുകളിൽ  മുടങ്ങാതെ ദേശാഭിമാനി പത്രം ലൈവായി വായിച്ചാണ് പത്രപ്രചാരണം നടത്തുന്നത്. മറ്റുള്ളവരിലേക്ക് നേരായ വാർത്തകൾ എത്തിക്കാൻ കഴിയുന്നു എന്ന   സന്തോഷമാണ് ഇതിൽനിന്ന് ലഭിക്കുന്നതെന്ന് ഷഫീന പറയുന്നു.  തുടർ വിദ്യാഭ്യാസത്തിലൂടെ  പ്ലസ്ടുവിനു ചേർന്നിരിക്കുകയാണിപ്പോൾ ഷഫീന. പൊതു പ്രവർത്തന രംഗത്ത് സജീവമായ കാവുങ്ങൽ അബ്ദുൽ മജീദിന്റെ  നിർദേശപ്രകാരമാണ് മൂന്ന് വർഷങ്ങൾക്കുമുമ്പ്‌ ഒരു വാട്സാപ്പ്  ഗ്രൂപ്പിൽ ദേശാഭിമാനി പത്രം വായിച്ചു തുടങ്ങിയത്. തുടർന്ന്  മറ്റു ഗ്രൂപ്പുകളിലേക്കും വായന വിപുലീകരിച്ചു. എല്ലാ ദിവസവുംരാവിലെ എട്ടിന്‌ തുടങ്ങുന്ന  വായന ഒന്നര മണിക്കൂർ നീണ്ടുനിൽക്കും. നിരവധി പേരാണ് ദേശാഭിമാനി പത്രം നേരിൽ വായിക്കാതെതന്നെ വാർത്തകൾ  അറിയാൻ  കഴിയുന്നതിൽ സന്തോഷവും നന്ദിയും അറിയിച്ചുവരുന്നത്. ഇതിനിടയിൽ ചെറിയ രീതിയിൽ കഥകളും കവിതകളും എഴുതുകയും അതോടൊപ്പം വായനയും ഒരുപാട് ഇഷ്ടപ്പെടുന്ന ഷഫീനയ്‌ക്ക് ഇതിനെല്ലാം പൂർണ പിന്തുണയുമായി ഭർത്താവ് മജീദും കൂടെയുണ്ട്. ഇനിയും ഈ പത്രവായന തുടർന്നുകൊണ്ടുപോകാൻ തന്നെയാണ് ആഗ്രഹം. Read on deshabhimani.com

Related News