മറവിയുടെ കാലത്തെ ഓർമകളുടെ പുസ്തകം-ചലച്ചിത്രകാരൻ സയ്യിദ് മിർസയുമായി വി കെ ജോസഫിന്റെ അഭിമുഖം

സയിദ് അക്തർ മിർസ


വെറുപ്പിന്റെയും മതവിദ്വേഷത്തിന്റെയും പേരിൽ ജനങ്ങൾ തമ്മിലടിക്കുന്ന ഒരു ഇന്ത്യയാണ് വരാൻ പോകുന്നതെന്ന് 1995 ൽ നസീം എന്ന സിനിമയിൽ ഞാൻ പറയുന്നുണ്ട്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്. ആ സിനിമക്കുശേഷം ഇനി എനിക്കൊന്നും പറയാനില്ല എന്ന തീർപ്പിലേക്ക് ഞാനെത്തി ‐ വിഖ്യാത ഇന്ത്യൻ ചലച്ചിത്രകാരന്റെ വാക്കുകളിലൂടെ... നിത്യജീവിതത്തിലെ ഏറ്റവും സാധാരണക്കാരന്റെ പ്രതിഫലനങ്ങളാണ് സയിദ് മിർസയുടെ സിനിമകൾ. ഇന്ത്യൻ സമാന്തര സിനിമയുടെ ഏറ്റവും ശക്തമായ പ്രതിനിധാനം കൂടിയാണ് സയിദ് അക്തർ മിർസ. ഇന്ത്യൻ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളെ തന്റെ ചലച്ചിത്രങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചു. 1992 ലെ ബാബറി മസ്ജിദിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ നസീം എന്ന ഒരു ചിത്രം സംവിധാനം ചെയ്യുകയും ഇനി എനിക്ക് ഈ ലോകത്തോട് ഒന്നും പറയാനില്ല എന്ന് പ്രഖ്യാപിച്ച് സിനിമയിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. അങ്ങനെ സ്വന്തം ജീവിതം കൊണ്ടുതന്നെ സർഗാത്മകമായ ഒരു രാഷ്ട്രീയത്തെ സയിദ് അക്തർ മിർസ ആവിഷ്കരിക്കുന്നു. നസീം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. ബോളിവുഡ് സിനിമയുടെ മടുപ്പിക്കുന്ന മസാലക്കൂട്ട് സിനിമകൾക്കിടയിൽ ഈ പ്രതിഭ ബോംബെയിലെ തെരുവുകളിലെ മനുഷ്യരുടെ ജീവിതം ആവിഷ്കരിച്ചു. അവരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും വേട്ടയാടലുകൾക്കും കാരണം തേടി. അവരോടൊപ്പം മാസങ്ങൾ താമസിച്ചു, അവരിലൊരാളായി സിനിമകൾ നിർമിച്ചു. അരവിന്ദ് ദേശായി കി അജീബ് ദസ്താൻ, അൽബർട് പിന്റോ കൊ ഗുസ ക്യു ആതാ ഹേ, സലിം ലംഗ്‌ഡേ പെ മത് രോ, നസീം തുടങ്ങിയ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന്റെ ജൂറി ചെയർമാനായി സയിദ് മിർസയെയാണ് സർക്കാർ നിയോഗിച്ചത്. ഇതിനകം ഏറെ ശ്ലാഘിക്കപ്പെട്ട പുരസ്കാരത്തിന്റെ നിലവാരത്തിന് ഒരു കാരണം ഇതുകൂടിയാണ്. ചരിത്രത്തെ മറവിയിലാഴ്ത്തി പുതിയ ചരിത്രം നിർമിക്കുന്ന ഫാസിസ്റ്റുകളുടെ ഇക്കാലത്ത് ഓർമകളുടെ പ്രാധാന്യത്തെക്കുറിച്ച് സയിദ് മിർസക്ക് നമ്മോട് ഏറെ കാര്യങ്ങൾ പറയാനുണ്ട്. സയിദ്‌ മിർസയുമായി  തിരുവനന്തപുരത്ത്‌  നടന്ന മുഖാമുഖം ( ചോദ്യങ്ങൾ തയ്യാറാക്കുന്നതിലും മറ്റും സഹായിച്ച ജി പി രാമചന്ദ്രനോടും ജിതിൻ കെ സിയോടും കടപ്പാട്‌) വി കെ ജോസഫ്: എഴുപതുകളുടെ തുടക്കത്തിൽനിന്ന് നമുക്ക് തുടങ്ങാം. 70കൾ വാസ്തവത്തിൽ ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഒരു നവതരംഗത്തിന്റെ തുടക്കമായിരുന്നല്ലോ. താങ്കളുടെ ചിത്രങ്ങൾ ഒരേസമയം ഈ നവതരംഗത്തിനൊപ്പം നിൽക്കുകയും അവയിൽ തന്നെ വ്യത്യസ്തമായി നിലകൊള്ളുകയും ചെയ്തു. ആ നവതരംഗ കാലഘട്ടം പൊതുവിൽ ഇന്ത്യൻ സിനിമയെയും കലയുടെ ചരിത്രത്തെയും ഏതർഥത്തിൽ നവീകരിച്ചു എന്നാണ് താങ്കൾ കരുതുന്നത്  ? സയിദ് മിർസ: 70 കളുടെ അവസാനവും 80 കളുടെ തുടക്കവും നവതരംഗ സിനിമയുടെ കാലമായിരുന്നു. അത് പോപ്പുലർ സിനിമയിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. പക്ഷേ ഞാൻ കരുതുന്നത് മുഖ്യധാരാ പോപ്പുലർ സിനിമകളെയും ഈ നവതരംഗം സ്വാധീനിച്ചിട്ടുണ്ട് എന്നാണ്. സിനിമക്കെന്തുകൊണ്ട് യഥാർഥ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൂടാ എന്ന മൗലികമായ ചോദ്യമാണ് സിനിമയുടെ ചരിത്രത്തോട് ഞങ്ങൾക്ക് ചോദിക്കാനും പങ്കുവെക്കാനും ഉണ്ടായിരുന്നത്. ജീവിതത്തിനു പുറത്തുനിന്നല്ല ജീവിതത്തിനകത്തുനിന്നാണ് ഞങ്ങൾ സിനിമയെ കണ്ടെത്താൻ ശ്രമിച്ചത്. നഗരത്തിന്റെ തുടിപ്പുകൾ എന്നാണ് ഞങ്ങളുടെ സിനിമകളെ വിശേഷിപ്പിച്ചിരുന്നത്. കാരണം ഞങ്ങൾ നഗരങ്ങളിലും ജീവിതത്തിന്റെ സത്യസന്ധമായ അവസ്ഥയെ ആവിഷ്കരിച്ചു. മണി കൗളിനെയും കുമാർ ഷാഹ്നിയെയും പോലുള്ള സംവിധായകരെ നോക്കൂ. അവർ സിനിമയെന്ന ഭാഷയെ കൊണ്ടെത്തിച്ച നിലകൾ അത്ഭുതകരമാണ്. നവതരംഗം എന്നത് മൗലികമായി സത്യസന്ധമായ സിനിമാവിഷ്കാരമാണ്. ഞങ്ങൾ വളരെ ബോധപൂർവമായി ചരിത്രത്തിൽ  ഭാഗഭാക്കാവുകയും  അതിലേക്ക് സംഭാവന ചെയ്യുകയുമായിരുന്നു. കേരളത്തിലോ ബംഗാളിലോ അസമിലോ ഒഡിഷയിലോ എങ്ങുമാകട്ടെ, അക്കാലത്ത് സിനിമകളിൽ മാറ്റം വേണമെന്ന്  ചലച്ചിത്ര പ്രവർത്തകർ കരുതുകയും അങ്ങനെ നവതരംഗം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. വി കെ ജോസഫ്: ഒപ്പം അത് ചരിത്രത്തിന്റെയും കാലത്തിന്റെയും ഒരു രാഷ്ട്രീയവായന കൂടിയായിരുന്നുന്നെന്ന് കരുതാമല്ലേ? സയിദ് മിർസ: തീർച്ചയായും. എന്റെ ചിത്രങ്ങൾ പ്രത്യക്ഷമായി രാഷ്ട്രീയം സംസാരിക്കുന്നവയായിരുന്നു. മറ്റുള്ളവരുടേത് പ്രത്യക്ഷമായും പരോക്ഷമായും ഈ രാഷ്ട്രത്തിന്റെയും അതിന്റെ കാലത്തിന്റെയും പ്രതിനിധാനങ്ങളും വായനകളുമായിരുന്നു. ഞങ്ങളെല്ലാവരും ഒരുപോലെ ചിന്തിക്കുന്നവരുമായിരുന്നു. അക്കാലത്ത് ഒരു കൂട്ടായ്മ രൂപപ്പെട്ടിരുന്നു. വി കെ ജോസഫ്: 1978 ൽ താങ്കളുടെ ഗഷിറം കൊത്വാൾ എന്ന ചിത്രം അത്തരമൊരു കൂട്ടായ്മയുടെ ഉത്പന്നമായിരുന്നു അല്ലേ? സയിദ് മിർസ:  കെ ഹരിഹരനും മണി കൗളും ആണ് ആ ചിത്രത്തിലെ പ്രധാനികൾ. എന്നോടൊപ്പം കമാൽ സ്വരൂപും ആ ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. വിജയ് ടെണ്ടുൽക്കറിന്റെ അതേപേരുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണത്. അത് തീർത്തും വ്യത്യസ്തമായൊരു പരീക്ഷണമായിരുന്നു. വ്യത്യസ്തരായ സംവിധായകർ, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ, ഇവയുടെ സംഗമം. മൂന്നര ലക്ഷം രൂപ കൊണ്ടൊക്കെയാണ് ഒരു സിനിമ പൂർത്തീകരിക്കുന്നത്. അന്ന് എല്ലാവരും പരസ്പരം സർഗാത്മകമായി സംവദിക്കുന്നതിന്റെ ഫലമായിട്ടാണ് അത്രയും കുറഞ്ഞ പൈസക്ക് സിനിമ ചെയ്യാൻ കഴിയുന്നത്. എല്ലാവരും അവരവരിലേക്ക് ചുരുങ്ങുന്ന ഇക്കാലത്ത് അത്തരമൊരു സഹകരണം സാധ്യമാണോ എന്ന് നിശ്ചയമില്ല. അന്ന് ഞങ്ങൾ പരസ്പരം ഞങ്ങളെഴുതുന്ന എല്ലാ സിനിമകളും ചർച്ച ചെയ്യുമായിരുന്നു. കുന്ദൻ ഷായുടെയും കേദൻ മേത്തയുടെയും സുധീർ മിശ്രയുടെയും എല്ലാം സിനിമകൾ എനിക്കും എന്റേത് അവർക്കും അറിയുമായിരുന്നു. ആ പങ്കുവെപ്പുകൾ ഞങ്ങളുടെ സർഗാത്മകതയെ വർധിപ്പിക്കുന്നു. വി കെ ജോസഫ്: ഇവിടെ കേരളത്തിലും അങ്ങനെ ഒരു രീതി ഉണ്ടായിരുന്നു. ടി വി ചന്ദ്രൻ, ചിന്ത രവി, പവിത്രൻ, അരവിന്ദൻ തുടങ്ങിയവർ അവരവരുടെ ചിത്രങ്ങളുടെ തിരക്കഥയുടെ ഘട്ടം മുതൽക്ക് പരസ്പരം ചർച്ച ചെയ്യുമായിരുന്നു. സയിദ് മിർസ: നമ്മുടെ ലോകത്തെ കൂടുതൽ വിശാലമാക്കുകയും അതിലേക്ക് വെളിച്ചം നിറക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണത്. പരസ്പരം മത്സരിക്കുകയല്ല, പരസ്പരം ചേർന്ന് ഒരു വലിയ ലോകത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അത് ഒരു മഹത്തരമായ കാര്യമാണോ അല്ലയോ എന്നല്ല, പക്ഷേ പരസ്പരമുള്ള ഈ പങ്കുവെയ്പുകൾ സിനിമയെ കൂടുതൽ നല്ലതാക്കുന്നു. വി കെ ജോസഫ്‌: കേരളത്തിൽ ഇപ്പോഴും അത്തരം കൂട്ടായ്മകളുണ്ട്. രാജീവ് രവി, ബി അജിത് കുമാർ, കമാൽ കെ എം, ഗീതു മോഹൻദാസ് തുടങ്ങിയവരൊക്കെ ഒറ്റക്കൊറ്റക്ക് സിനിമയെടുക്കുകയും അപ്പോൾ തന്നെ പരസ്പരം സാങ്കേതികമായും സർഗാത്മകമായും സഹകരിക്കുകയും ചെയ്യുന്നു. സയിദ് മിർസ:  അത് വളരെ അഭിനന്ദനാർഹമായ കാര്യമാണ്. അത്തരം സഹകരണങ്ങളുടെ ഫലം തീർച്ചയായും മലയാള സിനിമയിൽ പ്രതിഫലിക്കുന്നുമുണ്ട്. വി കെ ജോസഫ്‌: താങ്കളുടെ ‘ആൽബർട്ട് പിന്റോ കൊ ഗുസ്സാ ക്യു ആതാ ഹേ' എന്ന ചിത്രത്തിൽ തൊഴിലാളി വർഗത്തെയും അവരുടെ പ്രശ്നങ്ങളെയും പ്രതിപാദിക്കുന്നു. അതിൽ നിരവധി തവണ അരിവാൾ ചുറ്റികയുള്ള ചുവന്ന കൊടി ഉയർന്നു കാണുന്നു. ആ ചുവന്ന മുംബൈ ഇപ്പോൾ കാവിവത്കരിക്കപ്പെട്ടിരിക്കുന്നു. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? സയിദ് മിർസ: വാസ്തവത്തിൽ മുംബൈ മാത്രമല്ല ഇന്ത്യയാകെ കാവിവത്കരിക്കപ്പെട്ടിരിക്കുന്നു. എവിടെയാണ് നാം പരാജയപ്പെട്ടതെന്ന് നമ്മോട് തന്നെ നാം ചോദിക്കേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ച് നാം തന്നെ സ്വയം വിചാരണക്ക് തയ്യാറാേവണ്ടതുണ്ട്. ഈ രാഷ്ട്രത്തിനെന്താണ് സംഭവിക്കുന്നത് എന്നും ചരിത്രം എങ്ങനെയൊണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നും നാം സ്വയം അന്വേഷിേക്കണ്ടതുണ്ട്. ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ്. ഇടതുപക്ഷത്ത് നിലനിന്നുകൊണ്ടുതന്നെ നാം നമ്മുടെ പക്ഷത്തോടും ഈ വിചാരണ നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിൽ മതവും ജാതിയും വ്യക്തിയും എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നാം ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. ഇത് നാം സ്വയം ചോദിക്കുന്നില്ലെങ്കിലോ, സൂക്ഷ്മമായി തിരിച്ചറിയുന്നില്ലെങ്കിലോ ഇടതുപക്ഷം അടക്കം പരാജയപ്പെടും. ഈ രാജ്യം കാവിവത്കരിക്കപ്പെടുന്നതിൽ ഞാൻ അസ്വസ്ഥനാണ്. അത് ജനങ്ങളുടെ മാത്രം കുറ്റമല്ല. മറ്റു പ്രത്യയ ശാസ്ത്രങ്ങൾക്ക് അവരിൽ എന്തുകൊണ്ട് ചലനങ്ങൾ ഉണ്ടാക്കാനാവുന്നില്ല എന്ന് നാം പരിശോധിക്കണം. ഫ്യൂഡലിസവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ ഒരു കാലത്ത് ഏറ്റവും യുക്തിസഹമായി ജനങ്ങളാൽ സ്വീകരിക്കപ്പെട്ട ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഇന്ത്യയിലെ ബഹുജനങ്ങളിലേക്ക് വേരുകളാഴ്‌ത്താൻ കഴിയാത്ത സ്ഥിതി വിശേഷത്തെ നാം സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതുണ്ട്. വി കെ ജോസഫ്‌: ഒരിക്കൽ ഒരു രാത്രിയിൽ മുംബൈയിലെ തെരുവുകളിലൂടെ നമ്മൾ നടക്കുകയുണ്ടായല്ലോ. ആ സമയത്ത് താങ്കൾ ‘സലിം ലംഗ്ഡേ പെ മത് രഹോ' എന്ന ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. അന്ന് മുംബൈ അധോലോകവുമായി ബന്ധമുള്ള ഗുണ്ടകൾ വരെ താങ്കളോട് ഒരു സുഹൃത്തിനോട് എന്ന പോലെ ചിരിക്കുകയും കുശലം പങ്കുവെക്കുകയും ചെയ്തത് വാസ്തവത്തിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സയിദ് മിർസ: എന്റെ സിനിമ പൂർണമാവണമെങ്കിൽ എനിക്കാ തെരുവുകളിലെ ആളുകളുടെ വിശ്വാസം നേടിയെടുക്കണമായിരുന്നു. അല്ലെങ്കിൽ 2 ദിവസംകൊണ്ട് ഷൂട്ടിങ് നിന്നു പോവും. ഞാൻ അവരോട് സംസാരിച്ചു. അവരോട് സൗഹ്യദം പുലർത്തി. ഞാൻ മാസങ്ങളോളം ആ തെരുവുകളിലെ ആളുകളോടൊപ്പം കഴിച്ചുകൂട്ടി. അവരുടെ വിശ്വാസം നേടി. അവരിലൊരാളായി. ഞാൻ അവരുടെ ഒപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. മനുഷ്യർ അങ്ങനെയാവണം. പാർടിയും അങ്ങനെയാവണം. പ്രാർഥിക്കുന്ന ആളുകൾ പ്രാർഥിക്കട്ടെ. അമ്പലത്തിൽ പോകുന്ന വർ പോകട്ടെ, പള്ളികളിൽ പോകുന്നവർ അങ്ങനെ ചെയ്യട്ടെ. ആരെയും മാറ്റി നിർത്തിക്കൊണ്ട് നമുക്ക് ഒരു വിപ്ലവവും സാധ്യമല്ല. ക്രിസ്തുമസും പെരുന്നാളും ഓണവും തുടങ്ങി മനുഷ്യരുടെ എല്ലാ ആഘോഷങ്ങളിലും പാർടിയും ഭാഗഭാക്കാവണം. ഇല്ലെങ്കിൽ ജനങ്ങളിൽ വേരാഴ്‌ത്താൻ കഴിയുകയില്ല. അവരുടെ ശരി തെറ്റുകൾ തിരയുകയല്ല ആത്യന്തികമായി മനുഷ്യർക്കൊപ്പം നിലകൊള്ളുകയാണ് വേണ്ടത്. കറുപ്പും വെളുപ്പുമായി എന്ന നിലക്ക് തരംതിരിക്കുന്ന നിലപാട് നമുക്കുണ്ടായിക്കൂടാ. എല്ലാ മനുഷ്യരുടെ കൂടെയും നിൽക്കുമ്പോഴാണ് നാം കൂടുതൽ തെളിഞ്ഞ ഇടതുപക്ഷമാവുന്നത്. അവരുടെ ശരി തെറ്റുകൾ തിരയുകയല്ല ആത്യന്തികമായി മനുഷ്യർക്കൊപ്പം നിലകൊള്ളുകയാണ് വേണ്ടത്. കറുപ്പും വെളുപ്പുമായി എന്ന നിലക്ക് തരംതിരിക്കുന്ന നിലപാട് നമുക്കുണ്ടായിക്കൂടാ. എല്ലാ മനുഷ്യരുടെ കൂടെയും നിൽക്കുമ്പോഴാണ് നാം കൂടുതൽ തെളിഞ്ഞ ഇടതുപക്ഷമാവുന്നത്. മറ്റുള്ളവരുടെ ശരി തെറ്റുകൾ തീരുമാനിക്കാൻ നാമാരാണ്? ഞാൻ ആ തെരുവുകളിലെ ജനങ്ങൾക്കൊപ്പം നിന്നു. അതിനാലൊക്കെയും ഞാൻ ഇടതുപക്ഷമാണ്. വി കെ ജോസഫ്‌: താങ്കൾ ഒരു മാർക്സിസ്റ്റുകൂടിയാണ് എന്ന് ഞാൻ പറയുന്നു. സയിദ് മിർസ: എന്താണ് മാർക്സിസം? എന്നെ സംബന്ധിച്ച് അത് ജീവിതം തന്നെയാണ്. അത് കവിതയാണ്. സാഹോദര്യമാണ്. മറ്റൊരു മനുഷ്യൻ ദുഃഖിക്കുമ്പോൾ അയാളുടെ ദുഃഖം നമ്മുടേതാവുകയും അയാൾ സന്തോഷിക്കുമ്പോൾ അതിൽ നാം പങ്കുചേരുകയും ചെയ്യുന്ന മഹത്തരമായ പ്രത്യയ ശാസ്ത്രമാണത്. മനുഷ്യരോടൊപ്പം ചേർന്നുനിൽക്കുമ്പോഴാണ് നമുക്കത് അനുഭവിക്കാനാവുക. പാഠപുസ്തകങ്ങളിൽ നിന്നല്ല. പൂർണാർഥത്തിൽ മനുഷ്യാവസ്ഥകളുടെ ഒരു അനുഭൂതിയാണ് മാർക്സിസം. ആ അനുഭൂതിയെ തിരിച്ചറിയുന്നതിനാൽ മനുഷ്യർക്കൊപ്പം നിലകൊള്ളുന്ന ഒരു മാർക്സിസ്റ്റാണ് ഞാൻ. വി കെ ജോസഫ്‌  : മുംബൈ അധോലോകത്തെ പറ്റി നിരവധി ചിത്രങ്ങളുണ്ട്. പക്ഷേ താങ്കളുടെ ചിത്രത്തിൽ (സലിം ലാംഗ് ഡേ പെ മത് രഹോ) അധോലോകം എന്ന നിർമാണത്തിൽ മുതലാളിത്ത ശക്തികളുടെയും തൊഴിലില്ലായ്മയുടെയും മുസ്ലിം വിരുദ്ധ മനോനിലയുടെയും എല്ലാം പങ്ക് പരിശോധിക്കുന്നുണ്ട്. എന്താണ് ആ തരത്തിൽ സിനിമയെ സമീപിക്കാൻ കാരണം? സയിദ് മിർസ: അതെ. ഒപ്പം മുസ്ലിം മതമൗലികവാദവും ഒരു കാരണമായി ഞാൻ കരുതുന്നുണ്ട്. നോക്കൂ, മുംബൈ അധോലോകമെന്ന അക്രമോത്സുക മണ്ഡലത്തിന്റെ നിർമാണത്തിൽ പട്ടിണിയും തൊഴിലില്ലായ്മയും ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയും എല്ലാം കാരണമായിട്ടുണ്ട് എന്നതാണ് വാസ്തവം. ലോകത്തെല്ലായിടത്തും ഒരു ഭൂരിപക്ഷമുണ്ടെങ്കിൽ ന്യൂനപക്ഷം വേട്ടയാടപ്പെടും. അവർ അരക്ഷിതരായിരിക്കും അവർ മറ്റു ചില വ്യവഹാരങ്ങളിലേക്ക് പോകും. അതിന്റെ കൂടെ തെളിവാണ് മുംബൈ അധോലോകം എന്നാണ് ഞാനാ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത്. ഇത്തരം അരക്ഷിതാവസ്ഥയുള്ള സമൂഹത്തിലാണ് നാം അംബേദ്കറിനെയും ഗാന്ധിയെയും ഭഗത് സിങ്ങിനെയും പെരിയോറിനെയും മാർക്സിനെയും എല്ലാം വായിക്കണ്ടേതും മനസ്സിലാക്കേണ്ടതും. അസമത്വങ്ങളുടെ ഒരു ലോകത്ത് നമുക്ക് എങ്ങനെ അതിജീവിക്കാനാവും എന്നാണവർ ലോകത്തോട് പറഞ്ഞത്. വർത്തമാന ഇന്ത്യയിൽ 130 കോടി ജനങ്ങളുണ്ടെങ്കിൽ 30 കോടിയാണ് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത്. ബാക്കി 100 കോടി ജനങ്ങൾ എവിടെയാണ്? അവരുടെ നിലയെന്താണ്? നമ്മുടെ അസമത്വത്തിന്റെ നിലനോക്കൂ. 30 കോടി സംതൃപ്തരായ ജനങ്ങൾക്കിടയിൽ മറ്റു 100 കോടി ജനങ്ങൾ അസമത്വത്തിനിടയിൽ അദ്യശ്യരായി ജീവിക്കുന്ന ഇന്ത്യയിലാണ് നാം ഇപ്പോൾ ഉള്ളത്. വി കെ ജോസഫ്‌: നസീം എന്ന താങ്കളുടെ ചിത്രം ബാബ്റി മസ്ജിദ് തകർത്തതിനുശേഷമുള്ള ഇന്ത്യയുടെ പ്രതിനിധാനമായി വായിക്കാം. അതിലെ മുഖ്യകഥാപാത്രമായ വ്യദ്ധനായ കൈഫി അസ്മി ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ആ ദിവസം മരണപ്പെടുന്നു. ഇന്ത്യൻ മതേതരത്വത്തിന്റെ തന്നെ മരണമല്ലേ അത്? സയിദ് മിർസ: അതെ. തീർച്ചയായും അങ്ങനെയാണ്. അദ്ദേഹം മസ്ജിദ് തകർക്കപ്പെട്ട ആ ദിവസമാണ് മരണപ്പെടുന്നത്. ഇന്ത്യയുടെ മതേതര സ്വപ്നത്തിന്റെ മരണം കൂടിയാണത്. ഭരണഘടനയുടെ മൂല്യങ്ങളുടെ മരണമാണ്. ആ സിനിമയുടെ തുടക്കത്തിൽ ഞാൻ പറയുന്നുണ്ട് പുതിയ ഇന്ത്യയുടെ ഭാവി ഇങ്ങനെയായിരിക്കും എന്ന്. വെറുപ്പിന്റെയും മതവിദ്വേഷത്തിന്റെയും പേരിൽ ജനങ്ങൾ തമ്മിലടിക്കുന്ന ഒരിന്ത്യയാണ് വരാൻ പോകുന്നത് എന്ന് 1995 ൽ ആ ചിത്രത്തിൽ ഞാൻ പറയുന്നുണ്ട്.ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. ആ സിനിമക്കുശേഷം ഇനി എനിക്കൊന്നും പറയാനില്ല എന്ന തീർപ്പിലേക്ക് ഞാനെത്തി. കാരണം ഭരണഘടന തന്നെ ഇല്ലാത്ത ഒരു അവസ്ഥയാണ് ഉണ്ടായത്. വിഭാഗീയതയും വർഗീയതയും വിദ്വേഷവും മാത്രം ബാക്കിയുള്ള ഒരു ഇന്ത്യയാണ് അവശേഷിക്കുന്നത്. അവിടെ എനിക്കൊന്നും സ്വപ്നം കാണാനില്ല. വിഭാഗീയതയും വർഗീയതയും വിദ്വേഷവും മാത്രം ബാക്കിയുള്ള ഒരു ഇന്ത്യയാണ് അവശേഷിക്കുന്നത്. അവിടെ എനിക്കൊന്നും സ്വപ്നം കാണാനില്ല. എനിക്കൊന്നും പറയാനുമില്ല. 2 സീറ്റുണ്ടായിരുന്ന ഒരു പാർടി ഇന്ത്യയിൽ അധികാരത്തിൽ എത്തുന്നതിന് വിദ്വേഷം മാത്രമാണ് ഉത്തേജകം. ഇന്ത്യയുടെ വലിയ പ്രശ്നം എന്താണ്? നാം  ഒത്തൊരുമയുള്ള ജനസഞ്ചയമാണോ വിഘടിച്ചുനിൽക്കുന്ന ആൾക്കൂട്ടമാണോ എന്നതാണ്. നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മയുണ്ട്, പട്ടിണിയുണ്ട്, മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങളില്ല, പൊതുവിദ്യാഭ്യാസം മോശമാണ്. ഇതൊക്കെയാണ് അടിസ്ഥാന പ്രശ്നമായി ഉയർത്തപ്പെടേണ്ടത്. എന്നാൽ മൗലികമായ ഈ പ്രശ്നങ്ങളല്ല ഈ രാഷ്ട്രത്തിന്റെ മുഖ്യപ്രശ്നം. അത് നേരത്തെ പറഞ്ഞ 30 കോടിയെ ബാധിക്കാത്തതിനാൽ ഇന്ത്യയുടെ പ്രശ്നം തന്നെയല്ല എന്ന നില എന്നെ അലട്ടുന്നുണ്ട്. എന്ത് ഭാവിയാണ് ഒരു രാഷ്ട്രം എന്നനിലക്ക് നമുക്കുള്ളത് എന്ന ചോദ്യം എന്നെ അലട്ടുന്നുണ്ട്. വി കെ ജോസഫ്‌: ഈ ചോദ്യം പക്ഷേ സിനിമാ രംഗത്തെ മറ്റുള്ളവരെയും താങ്കളുടെ അതേ അളവിൽ അലട്ടുന്നുണ്ടാവുമോ? സയിദ് മിർസ:  എന്റെ സുഹൃത്തുക്കൾ പലർക്കും ഇതേ മനോനിലയുണ്ട്. പലരും ദുർബലരാണ് എന്നതാണ് യാഥാർഥ്യം. അതിനാലാണ് അവർ നിശ്ശബ്ദരായിരിക്കുന്നത്. അവർ വെറും സാധാരണക്കാരാണ്. ഈ അവസ്ഥയെ തരണം ചെയ്യാൻ ഈ രാജ്യത്തെ ഏറ്റവും സാധാരണ ജനങ്ങളെക്കൊണ്ടേ സാധിക്കുകയുള്ളൂ. അവരാണ് ഇന്ത്യയെ പുനർ നിർമിക്കുക. ഞാൻ 55000 കിലോമീറ്റർ ഈ രാജ്യത്തിനകത്ത് റോഡുമാർഗം സന്ദർശിച്ചു. ഏറ്റവും സാധാരണക്കാരായ ജനങ്ങളോട് സംസാരിച്ചു. ആ ജനങ്ങളാണ് ഇന്ത്യയെ പുനർനിർണയിക്കാൻ പോകുന്നത്. ആ യാത്ര എനിക്ക് പ്രതീക്ഷ നൽകുന്നു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച്. നമ്മുടെ ജനാധിപത്യ രാഷ്ട്രീയ പാർടികൾക്ക് അവരുടെ ജീവിതത്തെ സ്പർശിക്കാൻ കഴിഞ്ഞാൽ ഈ രാജ്യം വീണ്ടും ഉയർത്തെഴുന്നേൽക്കും. എനിക്കുറപ്പുണ്ട്. ഈ രാജ്യത്തെ ഏറ്റവും സാധാരണക്കാരനായ ഒരാളെ അനുഭവിക്കാൻ കഴിഞ്ഞാൽ നമുക്ക് പ്രതീക്ഷയുള്ള പലതും അയാളിൽ കാണാൻ സാധിക്കും. അവരെ മനസ്സിലാക്കുമ്പോഴാണ് നാം കൂടുതൽ നല്ല ഇടതുപക്ഷമാവുന്നത്. വി കെ ജോസഫ്: നസീമിനു ശേഷം താങ്കൾ സിനിമകൾ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കിലും താങ്കൾ എഴുത്തിൽ കൂടുതൽ വ്യാപൃതനായി. താങ്കൾ നോവലുകളും ഓർമക്കുറിപ്പുകളും പുസ്തകങ്ങളും എഴുതാൻ തുടങ്ങി. താങ്കൾ രചിച്ച ഒരു പുസ്തകത്തിന്റെ പേര് വളരെ കൗതുകമുള്ളതാണ്.  Memories in the age of Amnesia.എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര് നൽകിയത് സയിദ് മിർസ:കാരണം ഭരണകൂടം നമ്മോട് പറയുന്നത് ചിന്തിക്കാതെ ജീവിക്കാനാണ്. ചിന്തിക്കുന്നത് നിർത്തൂ. ഐ പി എല്ലും റസ്ലിങ്ങും പോണോഗ്രഫിയും പോലുള്ള വിനോദങ്ങൾ മുഴുകി ജീവിക്കൂ എന്നാണ്. കാരണം ജനങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ മാറിമറിയും. അതുകൊണ്ട് ഞാൻ പറയുന്നത് ജനങ്ങൾ ചിന്തിക്കുന്നത് പുനരാരംഭിക്കണം എന്നാണ്. ഞാൻ വിശ്വസിക്കുന്നത് ജനങ്ങൾക്ക് ഒന്നിക്കാവുന്ന ഒരവസരം ‐ അതാണ്. ആ പുസ്തകത്തിൽ മിലൻ കുന്ദേരയെ ഞാൻ പ്രതിപാദിക്കുന്നുണ്ട്. ഈ ഫാസിസ്റ്റു കാലത്ത് ചരിത്രത്തെ മറവിയിലാഴ്‌ത്താൻ അവർ ശ്രമിക്കുന്നു. ഒപ്പം പുതിയ ഓർമകളും അതുവഴി നുണകളുടെ ചരിത്രങ്ങളും നമ്മിൽ നിറക്കാൻ ശ്രമിക്കുന്നു. ഓർമകളെ മായ്ക്കുകയും പുതിയ ചരിത്രത്തെ രചിക്കുകയും ചെയ്യുന്ന ഫാസിസത്തെയാണ് നാം നേരിടുന്നത്. ഫാസിസം അടിസ്ഥാനപരമായി നുണകളാൽ കെട്ടിപ്പടുക്കപ്പെട്ട സർവാധികാരമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ അന്യവത്കരിക്കുന്ന നീചമായ പ്രത്യയ ശാസ്ത്രമാണത്. അതിനാലാണ് ഞാൻ പറയുന്നത് ഇടതുപക്ഷത്തിന് അത് ചെറുക്കാനുള്ള ബാധ്യതയുണ്ട് എന്ന്. നാമെല്ലാവരും ഒരുമയിലാണ് വിശ്വസിക്കുന്നത്. എന്നിട്ടും വിഭജനം എങ്ങനെയാണ് സാധ്യമാവുന്നത്. വി കെ ജോസഫ്‌: അതുകൊണ്ടാണ് അവർ കേരളത്തെ പോലെയുള്ള ചെറുത്തുനിൽപ്പുകളെ എല്ലാ അർഥത്തിലും എതിർക്കുന്നത്. സയിദ് മിർസ: ഭാവിയെക്കുറിച്ച് നോക്കുമ്പോൾ രാഷ്ട്രീയമായി രണ്ടവസ്ഥകളാണുള്ളത്. ഒന്ന് സഹകരണം. രണ്ട് മത്സരം. സഹകരണമാണെങ്കിൽ ഇടതുപക്ഷമല്ലാതെ മറ്റൊരു സാധ്യത ഇല്ല. മറിച്ച് മത്സരമാണെങ്കിൽ മറ്റു കളിക്കാർ കൂടി വരുന്നു. നാം ഏതിനൊപ്പം നിൽക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. മത്സരമാണോ സഹകരണമാണോ വേണ്ടത്? ജനാധിപത്യത്തിന് ഭൂഷണം സഹകരണമാണ്. അപ്പോൾ ഇടതുപക്ഷത്തിന് പ്രസക്തി കൂടുന്നു. മതത്തെ കമ്പോളവത്കരിക്കുന്നവർക്ക് വലിയ പ്രസക്തിയാർജിക്കുന്ന കാലം കൂടിയാണ് ഇതെന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മതത്തിന്റെ ഉപജാപകവൃന്ദം ഇസ്ലാം അപകടത്തിൽ, ഹിന്ദു അപകടത്തിൽ എന്നെല്ലാം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. വികെ ജോസഫ്‌: താങ്കൾക്ക് കേരളവുമായി ദീർഘകാല ബന്ധമുണ്ട്. പി ജിയെയും നായനാരോടും ഇവിടെയുള്ള എഴുത്തുകാരോടും ചലച്ചിത്രപ്രതിഭകളോടും എല്ലാം വലിയ ബന്ധം താങ്കൾ സൂക്ഷിച്ചിരുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തെ താങ്കൾ ഇപ്പോൾ എങ്ങനെയാണ് നോക്കിക്കാണുന്നത്. സയിദ് മിർസ: തീർച്ചയായും എനിക്ക് കേരളവുമായി ദീർഘകാലമായി ബന്ധമുണ്ട്. ഇവിടെ വരുന്നത് സന്തോഷമാണ്. ഒപ്പം ഞാൻ ഭാവിയെക്കുറിച്ചോർത്ത് ആശങ്കാവാനാണ്. കാരണം ബംഗാളും ത്രിപുരയും നമ്മുടെ മുന്നിലുണ്ട്. ആ അവസ്ഥ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നാം ജാഗ്രതയോടെ നിലകൊള്ളണം. പാർടി എപ്പോഴും ജനങ്ങൾക്കൊപ്പമായിരിക്കണം. അവരിൽ മുഴുകി രാഷ്ട്രീയ പ്രവർത്തനം നടത്തണം. നുണകൾക്കും ഫാസിസത്തിനും എതിരെ ഒന്നായിരിക്കണം. നാമെല്ലാം സമ്പന്നമെന്ന് കരുതുന്ന അമേരിക്കയിലെ 70 ശതമാനം ജനങ്ങളും ഒരു പേ ചെക്കിൽ നിന്ന് മറ്റൊരു പേ ചെക്ക് വരെ ജീവിതം തള്ളി നീക്കുന്നവരാണ്. മെച്ചപ്പെട്ട പൊതു ആരോഗ്യവിദ്യാഭ്യാസ സമ്പ്രദായം അവിടെ ഇല്ല. വികസനത്തിന്റെ കെട്ടിപ്പടുത്ത നുണകളെ നമുക്കുമുന്നിൽ നിരന്തരം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണവർ. ഈ പൊള്ളത്തരത്തെ തുറന്നു കാട്ടിയത് ബേർണി സാൻഡേഴ്സ് എന്ന സെനറ്ററാണ്. ഇടതുപക്ഷത്തിന്റെ ജോലിയും അതാണ്. ഇത്തരത്തിലുള്ള നുണകളെ തുറന്നുകാട്ടി സത്യത്തെ പുറത്തെടുക്കുക. ഇടതുപക്ഷം ശക്തിപ്പെടേണ്ടത് ഭാവിയുടെ ആവശ്യമാണ്. കാരണം അവർ നീതിയുടെ സമത്വത്തിന്റെ കാവ്യാത്മകമായ ലോകത്തെ സ്വപ്നം കാണുന്നു. വി കെ ജോസഫ്‌: ഒരു പുസ്തകത്തിനുമാത്രമേ ജീവിതത്തെ ആവിഷ്കരിക്കാൻ കഴിയുകയുള്ളുവെന്നും സിനിമ ആഖ്യാനത്തിന്റെ ആശയലോകത്താണ് എന്നും താങ്കൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രാഥമികമായി ഒരു ചലച്ചിത്രകാരനായ അങ്ങേക്ക് അങ്ങനെ തോന്നാൻ എന്താണ് കാരണം? സയിദ് മിർസ:ഒരു പുസ്തകം എന്നാൽ പ്രതിഫലനങ്ങളുടെ ശേഖരമാണ്. സമയത്തിന്റെയും കാലത്തിന്റെയും. സിനിമ വലിയ തോതിൽ ലീനിയറാണ്, അതിന്റെ ആഖ്യാനപരതയിൽ. ഒരു പുസ്തകം നിങ്ങൾക്ക് പരീക്ഷണത്തിന് കൂടുതൽ സ്വാതന്ത്ര്യം  തരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വെറുതെ കഥകൾ എഴുതുകയല്ല, ജീവിതത്തെ പകർത്തുകയാണ് പുസ്തകങ്ങളുടെ ധർമം. സാഹിത്യം ഇപ്പോൾ ഒരു ഇൻസ്റ്റലേഷൻ പോലെയാണ്. അതിന് ഒരേസമയം ഫിക്ഷനെയും നോൺ ഫിക്ഷനെയും ഉൾക്കൊള്ളാൻ കഴിയുന്നു. വി കെ ജോസഫ്‌: സിനിമ മുഖ്യമായും കച്ചവടത്തിനനുയോജ്യമായി നിർമിക്കപ്പെടുന്നു. സാഹിത്യത്തിലെ കമ്പോളേതരമായ വർക്കുകൾ അവയുടെ ധർമം നിർവഹിക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ? സയിദ് മിർസ:  പ്രശ്നം ഇറങ്ങുന്ന പുസ്തകങ്ങൾക്കനുസരിച്ച് ആളുകളുടെ വായന വർധിക്കുന്നുണ്ടോ എന്നതാണ്. എന്റെ ഒരു പുസ്തകം സെപ്‌തംബറിൽ പ്രകാശനം ചെയ്യപ്പെടും. അത് എത്ര പേർ വാങ്ങും, വായിക്കും എന്നെനിക്ക് നിശ്ചയമില്ല. പക്ഷേ എഴുതുക എന്നത് വളരെ പ്രധാനമാണ് എന്ന് ഞാൻ കരുതുന്നു. ജീവിതത്തെ പ്രതിഫലിപ്പിക്കാനുള്ള മാർഗമാണത്. ഒരു കാര്യം സുനിശ്ചിതമാണ്. നമ്മുടെ ജീവിതത്തിലേക്ക് കവിതകൾ ഒക്കെ തിരിച്ചു വരേണ്ടത് അനിവാര്യതയാണ്. മാനുഷികമായ എല്ലാം അതിലൂടെ നമ്മിലേക്കെത്തും. മറ്റൊരു ജീവിതത്തിന്റെ അനുതാപത്തിലേക്ക് നമ്മെ പിടിച്ചുയർത്തുന്നത് കല മാത്രമാണ്. പലതരത്തിൽ പ്രിവിലേജുള്ള എന്നെപ്പോലെ ഒരാൾക്ക് തീർത്തും ദരിദ്രനായ ഒരാളുടെ വേദനയെ അനുഭവിക്കാൻ കഴിയുന്നത് കലയിലൂടെയാണ്. ഒപ്പം തന്നെ പ്രധാനപ്പെട്ട കാര്യം, ജനങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവരോട് പറഞ്ഞുകൊണ്ടിരിക്കണം. നേതാവ് ചമഞ്ഞു കൊണ്ടല്ല, അവരിലൊരാളായി നിന്നുകൊണ്ട്. വി കെ ജോസഫ്: താങ്കളെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിയുടെ പേര് സയിദ് മിർസ: എ ലെഫ്റ്റിസ്റ്റ് സൂഫി എന്നാണ്. കൗതുകകരവും തത്വചിന്താപരവുമായ ഒരു പേര്. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോ. സയിദ് മിർസ: എന്താണ് ലെഫ്റ്റിസം? സഹാനുഭൂതിയും സ്നേഹവും സംഗീതവും നൃത്തവും നിറയുന്ന മനുഷ്യന്റെ വേദനകളെ തിരിച്ചറിയുന്ന മഹത്തായ ആശയമാണത്. ഇടതുധാര എന്നാൽ മനുഷ്യനെ കറുപ്പിലും വെളുപ്പിലും എന്ന മട്ടിൽ രണ്ട് ദ്വന്ദ്വങ്ങളിൽ തളച്ചിടുന്ന ഒന്നല്ല. പല നിറങ്ങളും അതിൽ തന്നെയുളള നിറഭേദങ്ങളും മനുഷ്യരിലുണ്ട്. ധാർഷ്ട്യം ഇടതുധാരക്ക് അന്യമാവണം. എല്ലാത്തരം ജനങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാവണം. ആരെയും മാറ്റിനിർത്തുന്ന ഒന്നാവരുത്. ഇടതുസൂഫി എന്ന പ്രയോഗത്തിന്റെ ഉള്ളടക്കം ഇതാണ്. മതത്തിന്റെയോ ജാതിയുടെയോ മറ്റെന്തെങ്കിലിന്റെയുമോ വേർതിരിവുകളില്ലാതെ ജനങ്ങൾ തെരുവുകളിൽ പാട്ടുകൾ പാടട്ടെ. സിനിമാ പാട്ടുകളോ കൂടുതൽ സ്വീകാര്യതയോ ഉള്ള പാട്ടുകളാവട്ടെ പാടുന്നത്, അത് അവരെ തമ്മിൽ കൂടുതൽ ഊഷ്മളമായി ബന്ധിപ്പിക്കുന്നു. ഈ പാട്ടുകൾക്ക് പകരം തെരുവുകളിൽ ജയ് ശ്രീറാമോ അള്ളാഹു അക്ബറോ ആണ് മുഴങ്ങുന്നതെങ്കിലോ? അത് ജനങ്ങളെ തമ്മിൽ കോർത്തിണക്കുകയില്ല. അവർക്കത് ആസ്വദിക്കാൻ കഴിയുകയില്ല. പക്ഷേ സംഗീതത്തിന് സാധിക്കുന്നു. കാരണം സംഗീതത്തിന് മതത്തിന്റെ വേലികളില്ല. ഒരു പ്രസിദ്ധനായ സൂഫി കവിയുടെ വാക്കുകളുണ്ട്: ' ഒരു ചങ്ങാതിയെ ഉണ്ടാക്കാനുള്ള വിദ്യ സ്വായത്തമാക്കുക. നിങ്ങൾ അമ്പലത്തിലോ പള്ളിയിലോ പോകുമ്പോഴും ആ വിദ്യ പഠിച്ചുവെക്കുക. ഞാൻ നൃത്തം ചെയ്തു, ഞാൻ പാട്ടു പാടി, ഞാൻ ചങ്ങാതിമാരെ ഉണ്ടാക്കി, അങ്ങനെ ഞാൻ ദൈവത്തിലേക്കെത്തി). മനുഷ്യരുടെ ദുഃഖങ്ങൾ പങ്കുവെക്കുക, കൂടുതൽ തുറന്ന മനുഷ്യരാവുക. ഗാന്ധി പറഞ്ഞു, നിങ്ങൾ എന്ത് തീരുമാനമെടുത്താലും ആദ്യം പരിശോധിക്കേണ്ടത് അത് ഇവിടെയുള്ള പാവങ്ങളെ സഹായിക്കുന്നതാണോ എന്നാണ്. അദ്ദേഹവും ഒരു സൂഫിയാണ്. വി കെ ജോസഫ്: കഴിഞ്ഞ ദിവസങ്ങളിൽ നാം സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കവിതയുടെയുമെല്ലാം വലിയ പാരമ്പര്യമുള്ള ഉർദു ഭാഷയെക്കുറിച്ച് സംസാരിച്ചു. എന്നാൽ ഉർദു ഇപ്പോൾ അരികുവത്കരിക്കപ്പെട്ടിരിക്കുന്നു. അതിനുപിന്നിലെ രാഷ്ട്രീയമെന്താണ്? സയിദ് മിർസ:അത് ആർ എസ്എസിന്റെ രാഷ്ട്രീയമാണ്. ഉർദു മുസ്ലിങ്ങളുടെ ഭാഷയാണെന്നും വൈദേശികമാണെന്നും അവർ കരുതുന്നു. പക്ഷേ ഉർദു വൈദേശിക ഭാഷയല്ല. ഇന്ത്യൻ ഭാഷയാണ്. ആർഎസ്എസ് അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നു. അവർ ഒരു ഭാഷയെത്തന്നെ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. അതൊരു ഫാസിസ്റ്റ് ചിന്താപദ്ധതിയാണ്. വി കെ ജോസഫ്: താങ്കൾ രചിച്ച പുസ്തകങ്ങളെക്കുറിച്ച് കൂടുതൽ പറയാമോ? ഇതിനകം 4 പുസ്തകങ്ങളോളം രചിച്ചു. പുതിയ പുസ്തകത്തിന്റെ പണി പൂർത്തിയായി എന്നറിയുന്നു. അതൊരു ഫിക്ഷനാണോ ഓർമക്കുറിപ്പുകളാണോ? സയിദ് മിർസ:സൗഹ്യദത്തെ പറ്റിയാണ്. ഞാനും കുന്ദൻ ഷായും തമ്മിലുള്ള സൗഹ്യദത്തെക്കുറിച്ച്. ഫിലിം ഇൻസ്റ്റിറ്റൂട്ടു മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഈ പുസ്തകം ചലച്ചിത്ര സംവിധായകർ, ചിന്തകർ, എഴുത്തുകാർ എന്ന നിലക്കുള്ള ഞങ്ങളുടെ യാത്രയെക്കുറിച്ചാണ്, ഞങ്ങളുടെ ലോകത്തെ കണ്ടെത്തലുകളെക്കുറിച്ചാണ്. ഒപ്പം തന്നെ ഞങ്ങളുടെ കാലത്തെക്കുറിച്ചും. രാഷ്ട്രീയവും സാംസ്കാരികവുമായ ഉള്ളടക്കം പേറുന്ന ഒരു സാമൂഹ്യ പുസ്തകമാണിത്. എന്റെ ആൽബർട്ട് പിന്റോ എന്ന ചിത്രത്തിൽ കുന്ദനും സഹകരിച്ചു. ഞങ്ങൾ നുക്കഡ് എന്ന ടെലി സീരിയൽ ഒരുമിച്ച് സംവിധാനം ചെയ്തു. ഞങ്ങളുടെ സൗഹ്യദം, സഹകരണം ‐ എല്ലാം ഈ പുസ്തകത്തിലുണ്ട്. പ്രശസ്ത ഇല്ലസ്ട്രേറ്ററായ നഷികേത് പട്‌വർദ്ധനാണ് ഈ പുസ്തകം ഇല്ലസ്ട്രേറ്റ് ചെയ്തിരിക്കുന്നത്. തൂലികയാണ് പ്രസിദ്ധീകരിക്കുന്നത്. കുന്ദനെയും മണി കൗളിനെയും ഞാനെപ്പോഴും ഓർക്കുന്നു. ഞങ്ങൾ ഒരേ തോണിയിലെ സഞ്ചാരികളായിരുന്നു. ഗുജറാത്ത് കലാപം നടന്നപ്പോൾ കുന്ദൻ എന്റെയടുക്കൽ വന്നുപറഞ്ഞു ഒരു ഹിന്ദുവായതിൽ ഞാൻ ലജ്ജിക്കുന്നു എന്ന്. അതാണ് കുന്ദൻ ഷാ. വി കെ ജോസഫ്: 2014 ൽ മോദി അധികാരത്തിൽ വന്നപ്പോൾ നാം ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം എന്ന നിലക്ക് കേരളം പോലൊരു സ്ഥലത്ത് വിപുലമായൊരു പരിപാടി ആലോചിച്ചിരുന്നുവല്ലോ. ഇന്ത്യയൊട്ടാകെയുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കലാരൂപങ്ങളും ഉൾപ്പെടുന്ന വലിയൊരു പരിപാടി. സയിദ് മിർസ: അതെ. അതിൽ എല്ലാവരും എല്ലാ കലകളും ഉൾപ്പെടും. ഓരോ ജില്ലകൾ തോറും അത് നടത്തപ്പെേടണ്ടതാണ്. സിനിമ, നാടകം, സംഗീതം, നൃത്തം, മറ്റു ഫോക് കലകൾ അങ്ങനെ സമൂഹത്തിന്റെ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന വിപുലമായ ഒരു പ്രതിരോധ പരിപാടിയായി നമ്മൾ അത് ആലോചിച്ചതാണ്. ഇനിയും നടത്താവുന്നതാണ്. വി കെ ജോസഫ്‌: കലകൾക്ക് ഒപ്പം സെമിനാറുകൾ, ഇൻസ്റ്റലേഷനുകൾ എല്ലാം ചേർത്ത് ഒരു സംസ്കാരിക പ്രതിരോധത്തെക്കുറിച്ചുള്ള ആലോചനയായിരുന്നു അത്. സയിദ് മിർസ:അതെ. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ അതിന് ഇടമില്ലാതിരിക്കുന്ന കലാകാരന്മാർ ചരിത്രകാരന്മാർ ബുദ്ധിജീവികൾ തുടങ്ങിയ ആളുകളുടെ ഒരു സംഗമ സ്ഥലമായി ഒരു ഇടം ഉണ്ടാവുകയും അത് മനുഷ്യത്വ  െത്തയും ജനാധിപത്യത്തെയും ഉയർത്തിപ്പിടിക്കുന്ന ഒരു പ്രതിരോധ ഭൂമിയാവുകയും ചെയ്യുക എന്ന ആലോചനയായിരുന്നു അത്. കേരളത്തിൽ അത് സാധ്യമാണ്. അതിൽ ആർക്കും ഭ്രഷ്ട് ഇല്ല. ഈ ആശയങ്ങൾ അനുകൂലിക്കുന്ന ആർക്കും ഇതിൽ പങ്കുചേരാം. ഫാസിസ്റ്റുകൾ സംസ്കാരത്തിൽ ഇടപെടുന്ന കാലത്ത് ഇത്തരം കൂട്ടായ്മകൾ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.  വി കെ ജോസഫ്‌: ഇന്ത്യൻ സിനിമ എന്നാൽ ഹിന്ദി സിനിമയെന്നും ബാക്കിയെല്ലാം റീജിയണൽ സിനിമ എന്നുമുള്ള വിഭജനം ശരിയാണോ. സയിദ് മിർസ:അത് ശുദ്ധ അസംബന്ധമാണ്. മാത്രമല്ല അധികാര പ്രയോഗവും ധാർഷ്ട്യവുമാണ്. നോക്കൂ.  ഞാൻ ജൂറിയായ കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡിന് സമർപ്പിക്കപ്പെട്ട മലയാള ചിത്രങ്ങളുടെ എണ്ണവും വ്യത്യസ്തതയും നോക്കിയാൽ മതി, ഹിന്ദി സിനിമയാണ് ഇന്ത്യൻ സിനിമ എന്നുപറയുന്ന അസംബന്ധം തിരിച്ചറിയാൻ. കേരളത്തിലെ ചലച്ചിത്രങ്ങളുടെ വൈവിധ്യം കണ്ട് ഞാൻ വാസ്തവത്തിൽ ഞെട്ടിപ്പോയി. എന്നെ അത് തീർത്തും ആഹ്ലാദവാനാക്കുന്നു. എനിക്ക് വലിയ സന്തോഷം തോന്നി കേരളത്തിൽ ഇത്ര മികച്ച രീതിയിൽ ചലച്ചിത്രങ്ങൾ നിർമിക്കപ്പെടുന്നതിനാൽ. മറ്റു ഭാഷകളിലും വിശേഷിച്ച് തമിഴിലും നല്ല ചിത്രങ്ങൾ ഇറങ്ങുന്നതായി ഞാൻ മനസ്സിലാക്കുന്നു. കേരളത്തിലെ ചലച്ചിത്രങ്ങളുടെ വൈവിധ്യം കണ്ട് ഞാൻ വാസ്തവത്തിൽ ഞെട്ടിപ്പോയി. എന്നെ അത് തീർത്തും ആഹ്ലാദവാനാക്കുന്നു. എനിക്ക് വലിയ സന്തോഷം തോന്നി കേരളത്തിൽ ഇത്ര മികച്ച രീതിയിൽ ചലച്ചിത്രങ്ങൾ നിർമിക്കപ്പെടുന്നതിനാൽ. മറ്റു ഭാഷകളിലും വിശേഷിച്ച് തമിഴിലും നല്ല ചിത്രങ്ങൾ ഇറങ്ങുന്നതായി ഞാൻ മനസ്സിലാക്കുന്നു. പുതിയ ചലച്ചിത്ര പ്രതിഭകൾ റീജിയണൽ എന്ന് ഹിന്ദി സിനിമാക്കാർ കരുതുന്ന മലയാളം, തമിഴ്, മറാത്തി പോലുള്ള ഭാഷകളിൽ നിന്നാണ് വരുന്നത്. കാലത്തിന്റെ പ്രതിഫലനങ്ങളാണ് സിനിമകൾ. അപ്പോൾ തന്നെ നാം ഓർമകളെ മറയ്ക്കുന്ന ചരിത്രത്തിന്റെ അവസ്ഥയോട് പ്രതിരോധം തീർക്കുകയും പൊരുതുകയും ചെയ്യണം. അത് ജനങ്ങളോട് ചേർന്ന്‌ നിന്നുകൊണ്ടാവുകയും വേണം . (ദേശാഭിമാനി വാരികയിൽ നിന്ന്)   Read on deshabhimani.com

Related News