മരണത്തിലും മറവിയില്ല.. ; ഒപ്പമുണ്ട് സായന്ത്‌ കൃഷ്‌ണ (രണ്ടാമൻ)

ദേശാഭിമാനി പത്രത്തിൽ ബുധനാഴ്‌ച വന്ന ചരമവാർഷിക, ജനമ്ദിന പരസ്യം, മൂത്തമകൻ സായന്ത്‌ കൃഷ്‌ണ


കാസർകോട് > മൂത്ത മകൻ വാഹനാപകടത്തിൽ മരിച്ചതിന്‌ നാലാം വർഷം, അതേ ദിനത്തിൽ രണ്ടാമൻ ജനിച്ചു. അവനും മൂത്തവന്റെ പേരും ചെല്ലപ്പേരും നൽകി... ജീവിതമങ്ങനെ സുന്ദരരാഗമായി തുടരുകയാണ്‌... കൊളത്തൂർ പെർളടുക്കത്തെ കെ കെ നാരായണന്റെയും സുഷമയുടെയും മകൻ കണ്ണനെന്ന സായന്ത്‌ കൃഷ്‌ണയുടെ ആറാം പിറന്നാളായിരുന്നു ഈ ബുധനാഴ്‌ച. അന്നുതന്നെയാണ്‌ കൊളത്തൂർ പെർളടുക്കത്തെ കെ കെ നാരായണന്റെയും സുഷമയുടെയും മകൻ കണ്ണനെന്ന സായന്ത്‌ കൃഷ്‌ണയുടെ ഒമ്പതാം ചരമവാർഷികവും. ഇക്കാര്യമറിയിച്ച്‌ എല്ലാ ജൂൺ എട്ടിനും നാരായണനും കുടുംബവും ദേശാഭിമാനി പത്രത്തിൽ പരസ്യം നൽകും. പരസ്യം കണ്ട്‌ കൗതുകവും സങ്കടവും സംശയവും പരാതിയും എല്ലാം ഉയരുന്ന ഫോൺ വിളികളും ചെല്ലും പിന്നാലെ. ഒരേ പേര്‌, ഒരേ വിലാസം, ഏതാണ്ട്‌ ഒരേ ചിത്രം, പക്ഷെ ഒന്നിൽ തലക്കെട്ട്‌ ചരമവാർഷികം, മറ്റൊന്നിൽ ജനന്മദിനം!! രണ്ടു മക്കളുടെയും പേര് ഒന്നു തന്നെയാണെങ്കിലും കണ്ണനെ വിളിപ്പേര്‌ കേൾക്കാൻ ഇപ്പോൾ നാരായണന്റെ വീട്ടിൽ ഇളയവൻ മാത്രമെയുള്ളു. അവൻ ജനിക്കുന്നതിന്‌ മൂന്നുവർഷം മുമ്പേയാണ്‌ ഏട്ടൻ സായന്ത്‌ ഒരു വാഹനാപകടത്തിൽ മരിക്കുന്നത്‌. അതിന്‌ മൂന്നുവർഷം കഴിഞ്ഞ്‌ ജനിച്ച ആൺകുഞ്ഞിന്‌ ഏട്ടന്റെ അതേപേരും ചെല്ലപ്പേരും വിളിച്ച്‌ ജീവിതഗാനം നിലക്കാതെ മീട്ടുകയാണ്‌ ഈ കുടുംബം. 2014 ജൂൺ 8 ന് രാത്രി നാരായണന്റെ അടുത്ത ബന്ധുവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ്‌ ഓട്ടോ മറിഞ്ഞ്‌ മൂത്തവൻ സായന്ത്‌ അകാലത്തിൽ വിട പറയുന്നത്‌. ആ സങ്കടക്കടലിൽ മുഴുകിയിരിക്കവെയാണ്‌ 2017 ജൂൺ 8ന് രണ്ടാമൻ ജനിച്ചത്‌. മൂത്തയാളുടെ മരണസമയവും രണ്ടാമന്റെ   ജനനസമയവും പോലും ഏകദേശം അടുപ്പിച്ചായിരുന്നു. അതുകൊണ്ടാകണം മൂത്തവന്റെ ജീവിതം രണ്ടാമനിൽ പൂരിപ്പിക്കാൻ ഈ കുടുംബത്തിന്‌ പ്രേരണയായത്‌. ചേട്ടന്റെ വിയോഗദിനം ആയതിനാൽ കുഞ്ഞു സായന്തിന് പിറന്നാൾ ദിനത്തിൽ പ്രത്യേക ആഘോഷമൊന്നുമില്ല. കൊളത്തൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നാരായണനും സുഷമയ്ക്കും മൂത്ത മകൾ കൂടിയുണ്ട്‌; സയന.   Read on deshabhimani.com

Related News