കളിയോർമയിലേക്ക്‌ വിസിലൂതി സ്‌റ്റീഫൻ

കേരള ടീം പരിശീലകൻ ബിനോ 
ജോർജിനൊപ്പം (ഇടത്) 
സ്‌റ്റീഫൻ ആന്റണി കല്ലറയ്‌ക്കൽ


മലപ്പുറം കേരളം‌ ആദ്യമായി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ 1973ലെ ടീമിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ‌ എവിടെ അന്വേഷിച്ചാൽ കിട്ടും. ഗൂഗിളിൽ വിവരങ്ങൾ വളരെ കുറവ്‌. പഴയ പത്രങ്ങൾ കിട്ടാനും പ്രയാസം. നിരാശ വേണ്ട.  ‘സ്‌പർശനം ആർട്‌സ്‌’ യൂട്യൂബിൽ കയറിയാൽ  എല്ലാ വിവരങ്ങളും ലഭ്യം. മങ്കട ചേരിയംമല സ്വദേശി സ്‌റ്റീഫൻ ആന്റണി കല്ലറയ്‌ക്കലാണ്‌ പഴയകാല ഫുട്‌ബോൾ താരങ്ങളെ പരിചയപ്പെടുത്തുന്നത്‌. മോട്ടിവേഷണൽ ട്രെയിനറായ സ്‌റ്റീഫൻ ആന്റണി തൃശൂർക്കാരനായ തന്റെ സുഹൃത്തിനോട്‌ 1970കളിൽ ഇന്ത്യക്കായി ജേഴ്‌സി അണിഞ്ഞ തൃശൂരുകാരായ ചില താരങ്ങളെക്കുറിച്ച്‌ ചോദിച്ചു. എന്നാൽ, അയാൾക്ക്‌ അതേപ്പറ്റി അറിവുണ്ടായിരുന്നില്ല. ഇതോടെയാണ്‌ പഴയകാല താരങ്ങളെ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്താൻ‌ തീരുമാനിച്ചതും യൂട്യൂബ്‌ ചാനൽ എന്ന ആശയം ഉടലെടുത്തതും. ആദ്യം മുൻ സർവകലാശാലാ താരവും സുഹൃത്തുമായ സുരേന്ദ്രൻ മങ്കടയുടെ അഭിമുഖമാണ്‌ വന്നത്‌. അതിന്‌ നല്ല പ്രതികരണമുണ്ടായതോടെ  ‘സന്തോഷ്‌ ട്രോഫിയും കേരളവും’ വീഡിയോ പരമ്പര തുടങ്ങി. ഇതിനകം 99 താരങ്ങളുടെ കളിയോർമ  ചാനലിൽ സംപ്രേക്ഷണം ചെയ്‌തു. നൂറാമത്തെ അഭിമുഖം വെള്ളിയാഴ്‌ച പുറത്തിറങ്ങും. സന്തോഷ്‌ ട്രോഫി കിരീടം നേടിയ കേരള ടീം പരിശീലകൻ ബിനോ ജോർജിന്റെ അഭിമുഖമാണ്‌ നൂറാമത്തേത്‌. നെടുമ്പാശേരി വിമാനത്താവളത്തിൽ  കാർഗോ കമ്പനിയുടെ കേരള തലവനാണ്‌ സ്‌റ്റീഫൻ. ഭാര്യ മോളി സ്‌റ്റീഫനാണ്‌ അഭിമുഖം ക്യാമറയിൽ പകർത്തി എഡിറ്റ്‌ ചെയ്യുന്നത്‌. Read on deshabhimani.com

Related News