എനിക്കു പുച്ഛം തോന്നുന്നു... കേരളത്തെ കരുതലോടെ കാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ തൊടുപുഴ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എസ്‌ സുദീപ്‌ ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌.



തൊടുപുഴ കോവിഡ്‌ ഭീതിക്കാലത്ത്‌ 20000 കോടി രൂപയുടെ സഹായ പാക്കേജ്‌ പ്രഖ്യാപിച്ച്‌ കേരളത്തെ കരുതലോടെ കാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ തൊടുപുഴ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എസ്‌ സുദീപ്‌ ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌. കേരളത്തോടുള്ള മുഖ്യമന്ത്രിയുടെ ഈ കരുതലിനൊപ്പം ചേർന്ന്‌ ചെറുസഹായംപോലും നൽകാൻ കഴിയാത്തതിന്റെ കുറ്റബോധത്താൽ തല കുനിയുകയാണെന്നും കുറിപ്പിൽ പറഞ്ഞു. പ്രമുഖ ചെറുകഥാകൃത്ത്‌ പ്രിയ   എ എസിന്റെ സഹോദരനാണ്‌ ഇദ്ദേഹം. കുറിപ്പിലേക്ക്‌; "മിസ്റ്റർ പിണറായി വിജയൻ, എനിക്കു പുച്ഛം തോന്നുന്നു... ആദരണീയനായ കേരള മുഖ്യമന്ത്രിക്ക്, ഇന്നെന്റെ ഫോണിൽ ഒരു മെസേജ് വന്നിരുന്നു, സർ. ചെറുപ്പക്കാരനായ ഒരു വക്കീലിന്റെ മെസേജ്. കോടതികളൊക്കെ പേരിനു മാത്രം തുറന്നിരിക്കുന്ന, കേസുകൾ വിളിക്കാതെ തന്നെ മാറിപ്പോകുന്ന കോവിഡ് കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞ് അയാൾ ചിരിച്ചു. സത്യത്തിലത് ചിരിയായിരുന്നില്ല സർ. കേസ്‌ വിളിച്ചാലും ഇല്ലെങ്കിലുമൊക്കെ ഈ കോവിഡ് കാലത്തും ശമ്പളം കിട്ടിയേക്കാവുന്നതോർത്ത് ഈയുള്ളവന്റെ തല വല്ലാതങ്ങു കുനിഞ്ഞുപോയി സർ. ആത്മനിന്ദ പൂക്കും ഒരു കോവിഡ് കാലം. ഇന്നലെയും തല വല്ലാതെ കുനിഞ്ഞു പോയി സർ, അങ്ങയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം കേട്ടനേരത്ത്. എപിഎൽ, ബിപിഎൽ വിഭജനങ്ങൾക്ക്‌ അതീതമായും കാലിക്കീശക്കാരെ ചേർത്തുനിർത്തിയും ആരുടെയും കീശയിൽ കൈയിട്ടുവരാതെയും അതും ഇരുപതിനായിരം കോടിയുടെ ഒരു പാക്കേജ്... എത്ര കരുതലായിരുന്നു, സർ... പേരിനു മാത്രം ജോലി ചെയ്ത്, മുഴുവൻ ശമ്പളവും വാങ്ങി കീശയിലിട്ട്, ആരെയും നോക്കാതെ തിടുക്കപ്പെട്ട് സ്വന്തം വീട്ടിലേക്ക്‌ പായുന്ന എന്നെയോർത്ത് എനിക്കു വല്ലാതെ പുച്ഛം തോന്നി സർ... ഞങ്ങളോടൊന്നും ഒരുരൂപ പോലും ചോദിക്കാതെ, വാങ്ങാതെതന്നെ ഇത്രയധികം ചെയ്തു കളഞ്ഞു, അല്ലേ? അതുപറ്റില്ല, സർ. ഇന്നു ജോലിയില്ലാതെ, കൂലിയില്ലാതെ ഇരിക്കുന്നവരൊക്കെ ഞങ്ങളുടെ കൂടപ്പിറപ്പുകളാണു സർ. ഞങ്ങൾ അവരുടേതും അവർ ഞങ്ങളുടേതുമാണ് സർ. അവരില്ലാതെന്തു ഞങ്ങൾ? ഞങ്ങളും നിങ്ങളുമില്ലാത്ത നമ്മൾ പൂക്കും നന്മ പൂക്കും ഒരു കോവിഡ് കാലത്ത് നമുക്കന്യോന്യം ഊന്നുവടികളായങ്ങനെ... എവിടെ, എങ്ങനെ എന്നു മാത്രം പറഞ്ഞാൽ മതി. അല്ലെങ്കിൽ ഞങ്ങൾക്കു ഞങ്ങളോടു വല്ലാത്ത പുച്ഛം തോന്നും സർ...ഒരു സാലറി ചലഞ്ചും സെസുമില്ലാതെ ഞങ്ങൾ വരും, സർക്കാർ ജീവനക്കാരും അല്ലാത്തവരും. ഞങ്ങളുണ്ട് കൂടെ...നമുക്കു പോകേണ്ടത് മുന്നോട്ടുതന്നെയാണ്‌. ഇന്ന് ഈ നാട്ടിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്ന ഒരു മലയാളി’യെന്നുപറഞ്ഞാണ്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. Read on deshabhimani.com

Related News