തുടക്കം നാടകത്തട്ടില്‍നിന്ന്



മട്ടാഞ്ചേരി ‘ആ കഥയിലെ നിധിയാണിപ്പോൾ അമ്മച്ചിയുടെ കയ്യിലിരിക്കുന്നത്‌..പ്ലീസ്‌ അതിങ്ങ്‌ തന്നേരെ’... ചിരിയുടെ ആരവങ്ങൾക്കൊടുവിൽ പ്രേക്ഷകരെ പെട്ടന്ന്‌ നിശബ്ദമാക്കി ആ കനത്ത ശബ്ദം. മലയാളി പ്രേക്ഷകന്റെ നെഞ്ചിടിപ്പേറ്റിയ ജോൺ ഹോനായി. സിദ്ദിഖ്‌ -ലാലിന്റെ ഇൻ ഹരിഹർനഗർ എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ മറ്റാർക്കും പകരാനാകാത്ത കരുത്തോടെ റിസബാവ  അവിസ്മരണീയമാക്കി. അദ്ദേഹത്തെ ഓർമിക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തുന്നതും ജോൺ ഹോനായി തന്നെയാകും. നാടക വേദിയിലൂടെയാണ്‌ റിസ അഭിനയം ആരംഭിക്കുന്നത്‌. സ്വാതിതിരുനാളിലെ നായകവേഷം ഏറെ ചർച്ച ചെയ്യപ്പെട്ടു. തോപ്പുംപടി സെന്റ്‌ സെബാസ്‌റ്റ്യൻ സ്കൂളിലെ പഠനകാലംമുതൽ നാടകത്തിൽ അഭിനയിച്ചു. നാടക നടനായ അച്ഛൻ ബാവയുടെ പിന്തുണ  പ്രചോദനമായി. 1978 മുതൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിൽ ചെറുനാടകങ്ങളിൽ വേഷമിട്ടു. 1983ൽ കൊച്ചിൻ അനശ്വര എന്ന നാടകസമിതിയിലൂടെ പ്രൊഫഷണൽ നാടകരംഗത്ത്‌ എത്തി. രഥോത്സവം എന്ന നാടകത്തിലെ ഭ്രാന്തൻവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടെന്ന്‌ നാടക രചയിതാവ് മീനാരാജ് ഓർക്കുന്നു. വീട്ടുകാരുടെ നിർബന്ധത്തിന്‌ വഴങ്ങി കണ്ണമാലിയിലെ പ്ലാസ്റ്റിക് കമ്പനി ഉൾപ്പെടെ വിവിധയിടങ്ങളിൽ ജോലി ചെയ്യുമ്പോഴും അഭിനയം വിടാൻ റിസബാവ തയ്യാറായില്ല. കെ പി ഖാലിദ് എഴുതിയ ലായം എന്ന നാടകത്തിന്റെ റിഹേഴ്‌സലിനിടെയാണ്‌ 1984ൽ വിഷുപ്പക്ഷി സിനിമയിൽ അഭിനയിക്കുന്നത്‌. ചിത്രം പുറത്തിറങ്ങിയില്ല. വീണ്ടും നാടകത്തിൽത്തന്നെ സജീവമായി. തിരുവനന്തപുരം സംഘചേതനയുടെ സ്വാതിതിരുനാൾ എന്ന നാടകത്തിൽ സ്വാതിതിരുനാളായി അഭിനയിച്ച്‌  കൈയടി നേടി. നടൻ സായ്കുമാർ സിനിമയിൽ അഭിനയിക്കാൻ പോയ ഒഴിവിലാണ് റിസബാവയ്‌ക്ക്‌ ഈ അവസരമൊരുങ്ങിയത്‌. പിന്നീട്‌ ഷാജി കൈലാസ്–-രഞ്ജി പണിക്കർ കൂട്ടുകെട്ടിന്റെ ഡോക്ടർ പശുപതിയിലൂടെ  സിനിമയിലേക്ക്‌ വീണ്ടുമെത്തി. നായകനായിട്ടായിരുന്നു തിരിച്ചുവരവ്‌. ഇൻ ഹരിഹർനഗറിലെ ജോൺഹോനായി റിസയുടെ ഗ്രാഫ്‌ ഉയർത്തി. സിദ്ദിഖ് -ലാലിന്റെ കാബൂളിവാലയിലും മികച്ച വേഷം ചെയ്തു. ആമിന ടെയ്‌ലേഴ്സ്, ഭൂമിക, അനിയൻ ബാവ ചേട്ടൻ ബാവ, ആനവാൽ മോതിരം, കിഴക്കൻ പത്രോസ്, സഹസ്രം, ഹലോ, റോമിയോ, ചമ്പക്കുളം തച്ചൻ, ശ്രീരാഗം, പ്രിയപ്പെട്ട കുക്കു, മഹാസമുദ്രം, ഉപ്പുകണ്ടം ബ്രദേഴ്സ്, പോക്കിരി രാജ തുടങ്ങി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടിച്ചിത്രമായ ‘വൺ’ ആണ്‌ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2010–കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയതിലൂടെ സംസ്ഥാന പുരസ്കാരം. തലൈവാസൽ വിജയ് അഭിനയിച്ച മറ്റു മലയാള സിനിമകളിലും അദ്ദേഹത്തിന് ശബ്ദം നൽകിയത്‌ റിസബാവയാണ്. പ്രണയം എന്ന ചിത്രത്തിൽ അനുപം ഖേറിന്റെ കഥാപാത്രത്തിനും ശബ്ദമേകി. നിരവധി ടിവി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. Read on deshabhimani.com

Related News